കാസർകോട് പോലീസിന്റെ പിന്തുണയോടെ കർണാടകയിൽ കോടികളുടെ എംഡിഎംഎ വേട്ട: പഞ്ചാബിൽ നിന്ന് കൊറിയറിലെത്തിയത് പാക്കിസ്ഥാൻ ലഹരി ; കാസർകോട് സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ
മംഗളൂരു: ദക്ഷിണേന്ത്യയിലെ ലഹരി വിപണിയെ ഞെട്ടിച്ചുകൊണ്ട് കോടികൾ വിലമതിക്കുന്ന വൻ മയക്കുമരുന്ന് വേട്ട. പഞ്ചാബിൽ നിന്ന് കൊറിയർ മാർഗ്ഗം വാട്ടർ പ്യൂരിഫയറിനുള്ളിൽ അതീവ വിദഗ്ദ്ധമായി ഒളിപ്പിച്ചു കടത്തിയ, ഏകദേശം 1 കോടി 63 ലക്ഷത്തിലധികം രൂപ വിലവരുന്ന 1 കിലോ 796.96 ഗ്രാം നിരോധിത എംഡിഎംഎയുമായാണ് കാസർകോട് സ്വദേശി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം മംഗളൂരു സി.സി.ബി (CCB) പൊലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുള്ള ഈ ഹൈ-പ്രൊഫൈൽ ലഹരി സംഘത്തിന്റെ വേരുകൾ വിദേശ രാജ്യങ്ങളിലേക്കും നീളുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
മംഗളൂരു ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പാല ഡി-മാർട്ടിന് സമീപം വെച്ചായിരുന്നു സി.സി.ബി ഇൻസ്പെക്ടർ ശരണ്യ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ പ്രതികളെ വലയിലാക്കിയത്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡാൻസാഫ് (DANSAF) ടീമിന് ലഭിച്ച കൃത്യമായ രഹസ്യവിവരമാണ് ഈ വലിയ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത്. തുടക്കത്തിൽ ലഹരിമരുന്ന് കാസർകോട്ടേക്കാണ് എത്തുന്നതെന്നാണ് ഡാൻസാഫ് ടീം കരുതിയിരുന്നതെങ്കിലും, പാർസൽ മംഗളൂരുവിലേക്കാണ് അയച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ തന്നെ വിവരം മംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.

അറസ്റ്റിലായ പ്രധാന പ്രതികൾ
ഈ കേസിൽ നേരിട്ട് പിടിയിലായ മൂന്ന് പ്രതികളിൽ ഒന്നാംപ്രതി കാസർകോട് ജില്ലയിലെ മംഗൽപാടി സ്വദേശിയായ അബ്ദുൽ ഹസൈനാറിന്റെ മകൻ അബ്ദുൽ ഹാഫീൽ (25) ആണ്. പഞ്ചാബിലെ അമൃത്സറിലേക്ക് നേരിട്ടുപോയി ഈ കോടികളുടെ ലഹരിമരുന്ന് സംഘടിപ്പിച്ച മാസ്റ്റർ മൈൻഡുകളിൽ ഒരാളാണ് ഇയാൾ. രണ്ടാംപ്രതിയായ ബംഗളൂരു കൂളൂർ എം.പി. കരീമിന്റെ മകൻ ജിയാവുൽ ഹഖ് (30), ഖത്തറിലിരിക്കുന്ന ലഹരി മാഫിയാ കണ്ണിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം കൊറിയർ കൈപ്പറ്റാൻ നേതൃത്വം നൽകിയ വ്യക്തിയാണ്. മംഗളൂരു ഐഷ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പരേതനായ ബഷീറിന്റെ മകൻ അൽത്താഫ് (28) ആണ് മൂന്നാം പ്രതി. ഓട്ടോറിക്ഷയിൽ ഡി.ടി.ഡി.സി കൊറിയർ ഓഫീസിൽ നേരിട്ടെത്തി മയക്കുമരുന്ന് അടങ്ങിയ പാർസൽ വാങ്ങി സുരക്ഷിതമായി എത്തിച്ചുനൽകിയത് ഇയാളാണ്.
ഒളിവിൽ കഴിയുന്ന മുഖ്യ കണ്ണികളും വിദേശ ബന്ധവും
എന്നാൽ, ഈ വലിയ ശൃംഖലയിലെ യഥാർത്ഥ സൂത്രധാരന്മാർ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യപ്രതിയായ അബ്ദുൽ ഹാഫീലിനൊപ്പം അമൃത്സറിന് നേരിട്ടുപോയി ലഹരിമരുന്ന് വാങ്ങി നൽകിയ പങ്കാളിയായ ഉപ്പള സ്വദേശി മൊഹമ്മദ് സുൽവാൻ നാലാം പ്രതിയായി ചേർത്തിട്ടുള്ളത് . മംഗളൂരുവിലെ പ്രതികൾക്ക് ലഹരി പാർസൽ കൈപ്പറ്റാൻ കൃത്യമായ നിർദ്ദേശങ്ങളും വൻ തുകയും നൽകിയ ഈ കേസിന്റെ ലേബൽ മാസ്റ്റർ മൈൻഡായ ‘സിനാൻ’ എന്ന ദ്യാനി ബാബയും ഖത്തറിലാണ് ഒളിവിൽ കഴിയുന്നത്. ഇതുവരെ പൊലീസ് പേര് വെളിപ്പെടുത്താത്ത മറ്റൊരു പ്രതിയും കൂടി പിടിയിലാകാനുണ്ട്.
കൊറിയർ സ്ഥാപനത്തിൽ നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങി കാസർകോട്ടേക്കും പരിസരങ്ങളിലേക്കും ആഡംബര കാറുകളിലും മറ്റ് വാഹനങ്ങളിലും കടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. കാറിലും ഓട്ടോറിക്ഷയിലുമായി കൊണ്ടുപോകുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
കോടികളുടെ തൊണ്ടിമുതലും പാകിസ്ഥാൻ ബന്ധവും
ലഹരിമരുന്നിന് പുറമെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന എംഡിഎംഎ, സ്മാർട്ട് മൊബൈൽ ഫോണുകൾ, ലഹരി കടത്താൻ ഉപയോഗിച്ച നീല നിറത്തിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ (KL-14-X-4514), കൊറിയർ കൈപ്പറ്റാൻ ഉപയോഗിച്ച ബജാജ് ഓട്ടോറിക്ഷ (KA-19-AB-3136), മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ഉപയോഗിച്ച വാട്ടർ പ്യൂരിഫയറും കൊറിയർ ബോക്സും ഉൾപ്പെടെ ആകെ 1,63,84,000 രൂപയുടെ തൊണ്ടിമുതലുകളാണ് പൊലീസ് പിടിച്ചെടുത്തത്.
ഈ സംഘത്തിന് പാകിസ്ഥാനിലെ ലഹരി മരുന്ന് മാഫിയാ സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കാസർകോട് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ ചില ലഹരി സംഘങ്ങൾക്കും പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. ഈ അന്താരാഷ്ട്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ കേസ് കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ് . കാസർകോട് കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ നടന്ന മറ്റ് രണ്ട് വലിയ ലഹരി വേട്ടകൾക്കും പിന്നിൽ ഇത്തരത്തിലുള്ള പാക് ബന്ധമുണ്ടോയെന്ന് പൊലീസ് ഊർജ്ജിതമായി അന്വേഷിച്ചു വരികയാണ്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കണ്ണികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, ഒരു രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയവരെ പോലും വെറുതെ വിടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ മുഴുവൻ ബാങ്ക് ഇടപാടുകളും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.



