വിശ്വാസത്തിന്റെ മറവിൽ കൊടുംക്രൂരത; മംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനെതിരെ പോക്സോ കേസ്, പരാതിക്കാർക്ക് പൂർണ്ണ പിന്തുണ നൽകി ശക്തമായ നിലപാട് സ്വീകരിച്ച് ബിഷപ്പ്
മംഗളൂരു: അഭയവും ആശ്വാസവും തേടിയെത്തുന്ന ദൈവാലയത്തിന്റെ തിരുമുറ്റത്ത്, വിശ്വാസത്തിന്റെ മറവിൽ പിഞ്ചുമനസ്സുകളെ മുറിവേൽപ്പിച്ച ഞെട്ടിക്കുന്ന ക്രൂരത പുറത്ത്. പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയ്ക്കെതിരെ മംഗളൂരു സൗത്ത് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു.

പ്രാർത്ഥനയ്ക്കായി പതിവായി പള്ളിയിലെത്തിയിരുന്ന കുട്ടിയെ സ്വാധീനിച്ച് വശത്താക്കിയ പുരോഹിതൻ, സ്വകാര്യ പ്രാർത്ഥനാ മുറിയിലേക്കും തന്റെ കിടപ്പുമുറിയിലേക്കും വിളിച്ചുവരുത്തി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 14-ന് വൈകുന്നേരം നടന്ന പ്രാർത്ഥനയ്ക്കിടയിലും പുരോഹിതൻ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു. തുടർന്ന് കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമായ കുട്ടി തന്റെ കൂട്ടുകാരോട് സങ്കടം പങ്കുവെച്ചപ്പോഴാണ്, മറ്റ് ചില ആൺകുട്ടികളും ഇതേ പുരോഹിതന്റെ കൊടുംക്രൂരതകൾക്ക് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്.

ഒടുവിൽ ഭയപ്പാടുകൾ മാറ്റിനിർത്തി കുട്ടി മാതാപിതാക്കളോട് പീഡനവിവരം തുറന്നുപറയുകയായിരുന്നു. വിവരം അറിഞ്ഞ മാതാപിതാക്കൾ ആദ്യം ബിഷപ്പിനെ സമീപിച്ച് കാര്യം ബോധിപ്പിച്ചു. ബിഷപ്പ് നിയമ നടപടി സ്വീകരിക്കണമെന്ന് ശക്തമായി നിർദ്ദേശിച്ചതോടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
പോക്സോ നിയമപ്രകാരമുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പരാതിക്കാരന്റെയും ഇരയായ കുട്ടിയുടെയും വിവരങ്ങൾ പോലീസ് പൂർണ്ണമായും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ മംഗളൂരു സൗത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശുദ്ധിയുടെ കേന്ദ്രമാകേണ്ടിടത്തുനിന്ന് ഉണ്ടായ ഈ അരുംക്രൂരത മംഗളൂരിലെ വിശ്വാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് . പ്രതിയായ വികാരി ഫാ. സിപ്രിയൻ പിന്റോ സമൂഹത്തിൽ ഏറെ സ്വാധീനമുള്ളതും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിത്വവും ആയിരുന്നു .



