“ആരെ കെട്ടിക്കാൻ…” എന്ന് തൊണ്ടകീറിയവന്റെ തനിനിറം; പിഞ്ചുകുഞ്ഞിന്റെ ചികിത്സാപ്പണം തട്ടിയെടുത്ത് ‘മല്ലു ബോയ്സ്’ യൂട്യൂബർ മുങ്ങി, പ്രതിഷേധം കത്തുന്നു!
ക്യാമറയ്ക്ക് മുന്നിൽ വന്ന് തൊണ്ടകീറി “ആരെ കെട്ടിക്കാൻ… ആരെ കെട്ടിക്കാൻ…” എന്ന് ചോദിച്ച് നാഴികയ്ക്ക് നാല്പതുവട്ടം വിപ്ലവം പ്രസംഗിച്ചിരുന്ന സോഷ്യൽ മീഡിയ ‘പോരാളി’യുടെ മുഖംമൂടി ഒടുവിൽ അഴിഞ്ഞുവീണു. അന്യന്റെ കണ്ണീരൊപ്പാൻ ഇറങ്ങിയ വലിയ ജീവകാരുണ്യപ്രവർത്തകനാണെന്ന ഭാവത്തിൽ സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിയിരുന്ന ‘മല്ലു ബോയ്സ് 8’ എന്ന യൂട്യൂബറുടെ ക്രൂരമായ ചതിയുടെയും വഞ്ചനയുടെയും വിവരങ്ങളാണ് ഇപ്പോൾ കേരളത്തെയാകെ നടുക്കിക്കൊണ്ട് പുറത്തുവന്നിരിക്കുന്നത്.
ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രി കിടക്കയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ പിടയുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സുമനസ്സുകൾ നൽകിയ പണമാണ് ഇയാൾ നിരവധി തവണകളായി ഗൂഗിൾ പേ വഴി സ്വന്തം കീശയിലാക്കി മുങ്ങിയിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെ ആ കുഞ്ഞിന്റെ ദയനീയാവസ്ഥ കാണിച്ച് പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 2,75,000 രൂപയാണ് (രണ്ടേമുക്കാൽ ലക്ഷം രൂപ) യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇയാൾ അടിച്ചുമാറ്റിയത്.

ചികിത്സ മുടങ്ങി, ഇനി എന്തുചെയ്യണമെന്നറിയാതെ ആശുപത്രി വരാന്തയിൽ നെഞ്ചുപൊട്ടി കരയുന്ന ആ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥ ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്നതാണ്. “ഞങ്ങൾക്ക് കുഞ്ഞിന്റെ ചികിത്സയ്ക്കായി കിട്ടിയ പൈസ അവൻ കൊണ്ടുപോയി, ഇനി ഞങ്ങൾ എങ്ങോട്ട് പോകും?” എന്ന് കണ്ണീരോടെ ആ മാതാപിതാക്കൾ ചോദിക്കുന്ന പുതിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . പാവപ്പെട്ട മനുഷ്യരുടെ വേദനയും കണ്ണീരും വിറ്റ് സ്വന്തം കീശ വീർപ്പിച്ച ഈ കൊടുംചതിയന് നേരെ കടുത്ത ജനരോഷമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയയിലൂടെ വലിയ വായിൽ ധർമ്മോപദേശവും ന്യായീകരണങ്ങളും വിളമ്പിയ ഇയാളുടെ യഥാർത്ഥ ലക്ഷ്യം പാവങ്ങളുടെ വയറ്റ ത്തടിച്ച് ജീവിക്കലായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള വ്യാജ ചാരിറ്റി മാഫിയകൾ ജീവകാരുണ്യത്തിന്റെ പേരിൽ നടത്തുന്നത് കൊടിയ വഞ്ചനയാണെന്നും, ഒരു കുഞ്ഞിന്റെ ജീവൻ വെച്ച് പന്താടിയ ഇയാൾക്കെതിരെ പോലീസ് മാതൃകാപരമായ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലെ കയ്യടികൾ കണ്ട് കണ്ണുമടച്ച് വിശ്വസിക്കുന്ന പൊതുസമൂഹത്തിന് നൽകുന്ന മറ്റൊരു കനത്ത മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.



