bncmalayalam.in

വഴിതുറന്നു, വെള്ളവുമെത്തി; മണ്ണാപ്പിലെ കർഷകർക്കും നാട്ടുകാർക്കും ഇനി ആഹ്ലാദത്തിന്റെ നാളുകൾ

347: വഴിതുറന്നു, വെള്ളവുമെത്തി; മണ്ണാപ്പിലെ കർഷകർക്കും നാട്ടുകാർക്കും ഇനി ആഹ്ലാദത്തിന്റെ നാളുകൾ

കർഷകർക്ക് ആശ്വാസം: മണ്ണാപ്പിൽ തടയണയും പാലവും യാഥാർത്ഥ്യമായി

കുംബഡാജെ: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കുംബഡാജെ മണ്ണാപ്പിൽ തടയണയുടെയും ചെറുപാലത്തിന്റെയും (വെന്റഡ് ക്രോസ് ബാർ കം ബ്രിജ് – VCB) നിർമാണ പ്രവൃത്തികൾ പൂർത്തിയായി. ഇതോടെ മണ്ണാപ്പ്, കുദിംഗില പ്രദേശത്തുകാർക്ക് യാത്രാക്ലേശത്തിന് പരിഹാരമായതിനൊപ്പം മേഖലയിലെ നൂറോളം ഏക്കർ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കാനും സാധിക്കും.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് ചെറുകിട ജലസേചന വിഭാഗം ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിൽ ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി പ്രാദേശികമായി സമാഹരിച്ചു നൽകിയിരുന്നു.

kumbadaje-mannappa-check-dam-and-bridge-

40 വർഷം പഴക്കമുള്ള ദുരിതത്തിന് അറുതി

40 വർഷങ്ങൾക്ക് മുൻപ് നിർമിച്ച പഴയ തടയണ തകർന്നതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്. ഇരുവശങ്ങളിലേക്കും സഞ്ചരിക്കാനോ കാർഷിക വിളകൾക്ക് ജലസേചനം നടത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു ജനങ്ങൾ. മണ്ണാപ്പ് എസ്.സി, മച്ചാവ് എസ്.ടി കോളനികളിലുള്ളവർ ഉൾപ്പെടെ വലിയ പ്രയാസമാണ് നേരിട്ടത്.
തടയണ തകർന്നത് സമീപത്തെ ജലസ്രോതസ്സുകളിലെ ജലവിതാനം താഴാനും ഭൂഗർഭജലം റീചാർജ് ആവാതിരിക്കാനും കാരണമായിരുന്നു. പുതിയ തടയണ യാഥാർത്ഥ്യമായതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും പ്രദേശത്തെ നൂറോളം ഏക്കറിൽ വരുന്ന തെങ്ങ്, അടയ്ക്ക കർഷകർക്ക് ഇത് വലിയ ഗുണകരമാവുകയും ചെയ്യും

യാത്ര ഇനി എളുപ്പമാകും

തടയണയോടൊപ്പം ചെറുപാലവും നിർമിച്ചതോടെ കുംബഡാജെ മണ്ണാപ്പ്, കുദിംഗില ഭാഗത്തുള്ളവർക്ക് ഇനി പാത്തേരിയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇവിടെ നിന്നും സി.എച്ച് നഗർ വഴി കുംബഡാജെയിലേക്കും സുഗമമായി യാത്ര ചെയ്യാം.
മുൻ കുംബഡാജെ പഞ്ചായത്ത് അംഗം ടി.എം. അബ്‌ദുൽ റസാഖ്, പിണറായി സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുത്തു അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതിക്ക് വേഗത കൈവന്നതും ഇപ്പോൾ വിജയകരമായി പൂർത്തിയായതും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *