bncmalayalam.in

“സൈലൻസറിൽ തീയും ഹോണിൽ കാതടപ്പും? മോഡിഫിക്കേഷൻ സ്വപ്നക്കാർക്ക് മന്ത്രിയുടെ ‘ബ്രേക്ക്’!”

“സൈലൻസറിൽ തീയും ഹോണിൽ കാതടപ്പും? മോഡിഫിക്കേഷൻ സ്വപ്നക്കാർക്ക് മന്ത്രിയുടെ ‘ബ്രേക്ക്’!”

അമിത ശബ്ദവും ഹൈപവർ ലൈറ്റും ഒരിക്കലും അനുവദിക്കില്ല; വ്യാജ പുക സർട്ടിഫിക്കറ്റുകൾ റദ്ദാക്കും, എ.ഐ ക്യാമറകളിലും സമഗ്ര പരിശോധന

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ എന്ന പേരിൽ റോഡുകളെ ‘ഷോ റൂമാക്കാൻ’ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. “മോഡിഫിക്കേഷൻ എന്ന പേരിൽ അമിത ശബ്ദവും കണ്ണ് മഞ്ഞളിക്കുന്ന ലൈറ്റുകളും ഒരു കാരണവശാലും അനുവദിക്കാനാകില്ല. അത് ആളുകളുടെ മാനസികനിലയെ പോലും ബാധിക്കുന്നതാണ്,” എന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിയമങ്ങളിൽ ചില പരിമിതികൾ നിലനിൽക്കുന്നുണ്ടെന്നും, യുവാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് സാധ്യമായ കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, “നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക” എന്ന നിലപാടാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ പുക സർട്ടിഫിക്കറ്റിന് കേരളത്തിൽ ‘നോ എൻട്രി’

പുക പരിശോധന നടത്താതെയാണ് ചില സംസ്ഥാനങ്ങളിൽ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന ഗുരുതര ആരോപണവും മന്ത്രി ഉന്നയിച്ചു. വാഹനത്തിന്റെ ഫോട്ടോ മാത്രം അയച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന രീതികൾ ചില സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ പരിശോധന നടത്താതെ നൽകിയ വ്യാജ പുക സർട്ടിഫിക്കറ്റുകൾ കേരളത്തിൽ അംഗീകരിക്കില്ലെന്നും കണ്ടെത്തിയാൽ ഉടൻ റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അന്തർസംസ്ഥാന സർട്ടിഫിക്കറ്റുകളെല്ലാം അസാധുവാണെന്നല്ല, വ്യാജമായി ലഭിച്ച സർട്ടിഫിക്കറ്റുകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റാൻഡം പരിശോധനകളും പരിഗണനയിലുണ്ടെന്നും സൂചന നൽകി.

‘ഫുൾ ബീം’ ലൈറ്റിനും കാതടപ്പിക്കുന്ന ഹോണിനും കടുത്ത നിയന്ത്രണം

മോഡിഫിക്കേഷൻ വാഹനങ്ങളിലെ ഏറ്റവും വലിയ പ്രശ്നങ്ങളായ അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളും കാതടപ്പിക്കുന്ന ഹോണുകളും ഇനി കർശന നിരീക്ഷണത്തിലാകും.

“അമിതമായ ലൈറ്റും അമിതമായ ശബ്ദവും ഒരു മോഡിഫിക്കേഷന്റെയും പേരിൽ അനുവദിക്കാനാവില്ല. അത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്,” എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

റോഡ് സുരക്ഷയ്ക്ക് പുതിയ ക്യാമ്പയിൻ

റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സംസ്ഥാനതലത്തിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാന ജംഗ്ഷനുകളിലെ സീബ്രാ ലൈൻ മൂന്നിരട്ടി വരെ വീതികൂട്ടി കാൽനട യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യഘട്ട പരീക്ഷണം.

എ.ഐ ക്യാമറകൾക്കും ഓഡിറ്റ്

മുൻ സർക്കാർ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനവും സമഗ്രമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഓഡിറ്റ് നടത്തും. എന്നാൽ “കുറ്റവും ശിക്ഷയും” എന്ന സമീപനമല്ല പുതിയ സർക്കാരിന്റേതെന്നും, പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാത്രമേ കർശന നടപടി സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയിലെ വരുമാനച്ചോർച്ചയും പരിശോധിക്കും

കെ.എസ്.ആർ.ടി.സിയിലെ ഡീസൽ, ടിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട വരുമാനച്ചോർച്ച തടയാൻ വിശദമായ ഓഡിറ്റും സ്റ്റോക്ക് പരിശോധനയും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ പരിഷ്കാരങ്ങൾ പഠനത്തിനുശേഷം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *