കാസർകോട്: മോട്ടോർ സൈക്കിളിൽ 5.5 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ & സെഷൻസ് കോടതി (രണ്ട്). പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതിയായ കലന്ദർ @ ഷാഫി (34), കയ്യാർ ഗ്രാമത്തിലെ കണ്ണാടിപ്പാറ കെ.കെ. നഗർ സ്വദേശിയും, രണ്ടാം പ്രതിയായ സന്ദേശ് ബി (27), ദക്ഷിണ കന്നഡയിലെ പേരാൻബെ, ബീരന്തട്ക്ക സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്.

2021 സെപ്റ്റംബർ 20-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മംഗൽപാടി ഗ്രാമത്തിലെ ചുക്കിരിയടുക്കയിൽ വെച്ചാണ് സംഭവം. KA 05 HF 4337 നമ്പറിലുള്ള മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ കുമ്പള സബ് ഇൻസ്പെക്ടർ അനീഷ് വി.കെ.യും സംഘവും പിടികൂടുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടറായ പി. പ്രമോദ് ആയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും വിലയിരുത്തിയാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. ചന്ദ്രമോഹൻ ജി.യും അഡ്വ. ചിത്രകല എം യും കോടതിയിൽ ഹാജരായി.
ലഹരിമരുന്ന് കടത്തിനെതിരെ പോലീസ് നടത്തിയ അന്വേഷണത്തിനും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾക്കും കോടതി നൽകിയ അംഗീകാരമായാണ് ഈ വിധിയെ നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.
ശിക്ഷാവിധി കേട്ട് പ്രതികൾ അസ്വസ്ഥരായാണ് കോടതി ബെഞ്ചിൽ ഇരുന്നത് ,ഇതിൽ ഒരു പ്രതി വല്ലാത്ത വൈകാരികമായ സാഹചര്യമാണ് സൃഷ്ടിച്ചത് . ഇത്തരം കൃത്യങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് കൃത്യമായ ആലോചന അത്യാവശ്യമാണ് , കേസ് അന്വേഷിച്ച് കൃത്യമായി കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചാൽ ശിക്ഷ നടപടികൾ ഉറപ്പാണ് , പ്രസ്തുത സമയത്ത് വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ട് ശിക്ഷ നടപടികളിൽ പ്രത്യേക ഇളവുകൾ ഒന്നും ലഭിക്കുകയില്ല എന്ന് പോലീസ് ഓർമിപ്പിച്ചു



