കാസർകോട് : ജില്ലയെ മന്ത്രിസഭാ രൂപീകരണത്തിൽ വീണ്ടും രാഷ്ട്രീയമായി അവഗണിച്ചുവെന്നാരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം അബൂബക്കർ കടാങ്കോട് രംഗത്ത്. ജില്ലയ്ക്ക് മന്ത്രി സ്ഥാനം നിഷേധിച്ചതും, കളമശേരി മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിച്ച അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കിയതും പ്രവർത്തകരിൽ വലിയ നിരാശ സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വർഷങ്ങളായി മുസ്ലിം ലീഗിന്റെ ശക്തമായ അടിത്തറയായി കാസറഗോഡ് ജില്ല നിലകൊള്ളുന്നുവെന്നും, അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും UDF വിജയിച്ച സാഹചര്യത്തിൽ ജില്ലക്ക് മന്ത്രിസഭയിൽ യുക്തമായ പ്രാതിനിധ്യം ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഉദുമ മണ്ഡലം പോലും UDF തിരിച്ചുപിടിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രവർത്തകരുടെ ത്യാഗങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടായിരുന്നുവെന്നാണ് വിമർശനം.

അതേസമയം, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന് മന്ത്രി സ്ഥാനം നൽകിയ നടപടി പാർട്ടിക്കുള്ളിലെ കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ തെളിവാണെന്നും അബൂബക്കർ കടാങ്കോട് ആരോപിച്ചു. വർഷങ്ങളായി പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച നിരവധി നേതാക്കളും പ്രവർത്തകരും ഉണ്ടായിരിക്കെ കുടുംബബന്ധം മാത്രം മാനദണ്ഡമാക്കി അധികാരപദവികൾ നൽകുന്നത് അടിസ്ഥാന പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സ്ഥാനത്തിന് അർഹൻ AKM അഷ്‌റഫാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നതിനെതിരെയും അബൂബക്കർ കടാങ്കോട് പ്രതികരിച്ചു. എം.എൽ.എയായിരിക്കെ അദ്ദേഹം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും, മുൻ MLA മർഹൂം PB അബ്ദുൽ റസാഖ് സാഹിബ് കൊണ്ടുവന്ന പദ്ധതികളെയാണ് ഇപ്പോഴത്തെ വികസനമായി അവതരിപ്പിക്കുന്നതോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

ഇതിനൊപ്പം, കാസറഗോഡിൽ നിന്ന് മന്ത്രി സ്ഥാനത്തിന് ഏറ്റവും അർഹനായ നേതാവ് കല്ലട്ര മാഹിൻ ഹാജിയാണെന്നും അബൂബക്കർ കടാങ്കോട് അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന, സംഘടനയുടെ അടിത്തറയിൽ പ്രവർത്തകരുടെ വിശ്വാസം നേടിയെടുത്ത നേതാവാണ് മാഹിൻ ഹാജിയെന്നും അദ്ദേഹം പറഞ്ഞു.
കല്ലട്ര മാഹിൻ ഹാജിയുടെ കുടുംബം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളും അബൂബക്കർ കടാങ്കോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ പിതാവായ കല്ലട്ര അബ്ദുൽ ഖാദർ ഹാജി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നുവെന്നും, ചന്ദ്രിക പത്രത്തിന്റെ പ്രതിസന്ധിക്കാലത്ത് സാമ്പത്തിക പിന്തുണ നൽകിയതും, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം, സർ സയ്യിദ് കോളേജ്, സഅദിയ ഫിർദൗസ് ബസാർ, കാഞ്ഞങ്ങാട് യതീംഖാന എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്കും ഭൂമിക്കും പിന്നിൽ അദ്ദേഹത്തിന്റെ സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാഫഖി തങ്ങൾ മുംബൈയിലെത്തിയപ്പോൾ പാർട്ടി ആവശ്യങ്ങൾക്കായി സ്വന്തം ഫ്ലാറ്റ് ലീഗ് ഓഫീസാക്കി നൽകിയതും, ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെടുമ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതും കല്ലട്ര അബ്ദുൽ ഖാദർ ഹാജിയാണെന്നും അബൂബക്കർ കടാങ്കോട് ചൂണ്ടിക്കാട്ടി. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ പദവിയിലേക്കും രാജ്യസഭാ സീറ്റിലേക്കും CH മുഹമ്മദ് കോയ സാഹിബ് മാഹിൻ ഹാജിയെ പരിഗണിച്ചിരുന്നുവെന്നും, പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ചെറുപ്പത്തിലേ കുടുംബ ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കാസറഗോഡ് ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ദീർഘകാല സ്വപ്നമായ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും അബൂബക്കർ കടാങ്കോട് വ്യക്തമാക്കി.
കുടുംബ പാരമ്പര്യമാണ് മന്ത്രി സ്ഥാനത്തിനുള്ള യോഗ്യതയെങ്കിൽ അതിന് ഏറ്റവും അർഹൻ കല്ലട്ര മാഹിൻ ഹാജിയാണെന്നും, പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച കുടുംബങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയം പ്രവർത്തകരുടെ മനസിൽ അംഗീകാരം നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്



