ചെമ്പിരിക്ക: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പിരിക്ക റേഷൻകടയ്ക്ക് സമീപം ജനവാസ മേഖലയെ മാലിന്യ കൂമ്പാരമാക്കി മാറ്റിയതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, പരാതി ഉന്നയിച്ച നാട്ടുകാരനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചതായി ഗുരുതര ആരോപണം ഉയർന്നു.

ചെമ്പിരിക്ക സ്വദേശിയായ ഹംസ സി.എ യെയാണ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്നവരെന്ന് ആരോപിക്കപ്പെടുന്ന സംഘം വാഹനം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി കുടുംബം ആരോപിക്കുന്നത്.
വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളിൽ നിന്ന് ശേഷിക്കുന്ന ഭക്ഷ്യ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വിവിധ ഭാഗങ്ങളിൽ നിന്ന് പണം വാങ്ങി ശേഖരിച്ച് ജനവാസ മേഖലയായ സ്വന്തം വീട്ടുവളപ്പിൽ എത്തിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് ഭക്ഷ്യ മാലിന്യങ്ങൾ കടലിലേക്ക് തള്ളുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കത്തിക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്.

ദിവസേന ഉയരുന്ന ദുർഗന്ധവും വിഷപുകയും കാരണം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി പേർക്ക് ശ്വാസതടസം, ആസ്ത്മ, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി നാട്ടുകാർ പറയുന്നു. “വീട്ടിൽ വാതിൽ തുറന്ന് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്” എന്നതാണ് പ്രദേശവാസികളുടെ വേദന.

ഈ പരിസ്ഥിതി ദുരന്തത്തിനെതിരെ ശബ്ദമുയർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഹംസയെ വാഹനം കയറ്റി അപകടപ്പെടുത്താൻ ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചു.സംഭവത്തിൽ പരാതി നൽകാൻ മേൽപറമ്പ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും നിരാശയാണ് നേരിട്ടതെന്ന് ഹംസയുടെ ഭാര്യ സുഹറാബി ആരോപിച്ചു. “അപകടം നടന്നാലല്ലാതെ കേസെടുക്കാനാകില്ല” എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ നിരവധി മാസങ്ങളായി മാലിന്യ നിക്ഷേപവും പ്ലാസ്റ്റിക് കത്തിക്കലും സംബന്ധിച്ച് ചെമ്മനാട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി, പരിസ്ഥിതി മലിനീകരണത്തിനും നാട്ടുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി പ്രസിഡന്റ് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ എന്നിവർ ആവശ്യപ്പെട്ടു.



