എം.ജി റോഡിലെ മരണക്കെണി: ഹനീഫയുടെ ചോരയുണങ്ങും മുൻപേ വീണ്ടും അപകടം ; പോയി ചാവട എന്ന മനോഭാവം മാറ്റാൻ ഇനിയുമെത്ര ബലി വേണം ഭരണകൂടമേ?
കാസർകോട്: വികസനത്തിന്റെ വർണ്ണപ്പകിട്ടാർന്ന പരസ്യബോർഡുകൾ നിരത്തിവെച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ ക്രൂരമായ മുഖം ഒരിക്കൽക്കൂടി അനാവരണം ചെയ്യപ്പെടുന്നു. കാസർകോട് എം.ജി റോഡിൽ ഷോപ്പിംഗ് മാളിന് മുന്നിൽ തളങ്കര ബാങ്കോട് സ്വദേശിയും പ്രമുഖ വ്യാപാരിയുമായ ഹനീഫ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ട അതേ സ്ഥാനത്ത് വീണ്ടും വാഹനാപകടം. ഇന്ന് ഉച്ചയോടെ ഇവിടെ ബസ് തട്ടി ഇരുചക്രവാഹനം പൂർണ്ണമായി തകർന്നു തരിപ്പണമായി. ഒരല്പം മാറിയിരുന്നെങ്കിൽ ഒരു നിരപരാധിയുടെ ജീവൻ കൂടി റോഡിലെ അശാസ്ത്രീയ വീതിക്കുറവിലും കുരുങ്ങി പൊലിഞ്ഞു പോകുമായിരുന്നു ,ഹനീഫയുടെ കണ്ണീരും ഞെട്ടലും നാടിനെ വിട്ടുമാറുന്നതിനു മുൻപാണ് ഭരണകൂടത്തിന്റെ അനാസ്ഥയിൽ വീണ്ടും അപകടങ്ങൾ ഉണ്ടാകുന്നത് .
ഇവിടെ റോഡിൽ സംഭവിക്കുന്നത് വെറും ആകസ്മിക അപകടങ്ങളല്ല; മറിച്ച് നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയും ഒത്തുകളിയും ചേർന്ന് ഒരുക്കിയ കൊലക്കളമാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണം, അസഹനീയമായ വീതിക്കുറവ്, നടപ്പാതകളുടെ ഉയരം , എന്നിവ വർഷങ്ങളായി ചൂണ്ടിക്കാണിച്ചിട്ടും തികഞ്ഞ നിസ്സംഗതയോടെ കണ്ണടച്ചുനിൽക്കുകയാണ് അധികൃതർ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഓരോ നിമിഷവും ജീവൻ പണയം വെച്ചാണ് നഗരത്തിലൂടെ നീങ്ങുന്നത്.
ഹനീഫയുടെ അന്ത്യത്തിന് പിന്നാലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും കുറ്റമറ്റ രീതിയിൽ സുരക്ഷാ മുൻകരുതലുകൾ തയ്യാറാകാത്ത ഭരണകൂടം പരാതിക്കാർ നഗരസഭയിൽ എത്തുമ്പോൾ ഓടിയൊളിക്കുകയാണ് . പരാതി കൈപ്പറ്റാൻ പോലും അധികാരികൾ നഗരസഭയിൽ ഉണ്ടാകാറില്ല .

മനുഷ്യൻ സ്വന്തം അധ്വാനം കൊണ്ട് കുടുംബം പുലർത്താനും സമാധാനമായി റോഡിലൂടെ സഞ്ചരിക്കാനും പെടാപ്പാട് പെടുമ്പോൾ, ശീതീകരിച്ച മുറികളിലിരുന്ന് അധികാരം ആസ്വദിക്കുന്ന ഭരണസിരാകേന്ദ്രങ്ങളിലെ വെളുത്ത വസ്ത്രധാരികൾ ജനങ്ങളുടെ ദീനവിലാപങ്ങളെ വെറും പുച്ഛത്തോടെ തള്ളിക്കളയുകയാണ്. പോയി ചാവട കഴുതകളെ എന്ന ഒരു മനോഭാവം , സ്വന്തം പോക്കറ്റ് വീർപ്പിക്കാനും അഴിമതിക്കും വേണ്ടി നാടിനെ ബലിക്കളമാക്കി മാറ്റിയവർക്ക് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ തീർക്കുന്ന ജനപ്രതിനിധികൾ, അവിടെ ആദരിക്കൽ ഇവിടെ ആദരിക്കൽ എല്ലാം കൂടി വല്ലാത്ത ആവേശമായിരുന്നു , വോട്ട് വാങ്ങി കസേര ഉറപ്പിച്ചുകഴിഞ്ഞാൽ ജനങ്ങളുടെ ജീവനെ കൊലക്കുകൊടുക്കുന്ന മരണക്കരാറുകളിലാണ് ഒപ്പുവെക്കുന്നത്. വിവേകശൂന്യമായ ഭരണം തുടരുമ്പോൾ, അതേ ഭരണാധികാരികളെ വീണ്ടും തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന ഒരു ജനതയുടെ കണ്ണീരും ശാപവും ഇന്ന് കാസർകോടിന്റെ തെരുവുകളിൽ അലയടിക്കുകയാണ്.
ഇനിയും എത്ര നിരപരാധികളുടെ ചോര വീണാലാണ് ഈ ഉറക്കം നടിക്കുന്ന ഭരണകൂടത്തിന്റെ കണ്ണ് തുറക്കുക? എത്ര കുടുംബങ്ങൾ അനാഥമായാലാണ് നിങ്ങളുടെ അധികാരക്കൊതിക്കും അഴിമതിപ്പണത്തിനുമുള്ള ദാഹം തീരുക? നിരത്തുകളിൽ പൊലിയുന്ന ഓരോ ജീവനും പിന്നിൽ വാഹനം ഓടിച്ചവർ മാത്രമല്ല, അശാസ്ത്രീയ റോഡുകൾ വെച്ചുനീട്ടി മനുഷ്യരെ കൊലക്ക് കൊടുക്കുന്ന ഭരണകൂടവും തുല്യ പങ്കാളികളാണ്. അടിയന്തരമായി എം.ജി റോഡിലെ അപാകതകൾ പരിഹരിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കാനും തയ്യാറായില്ലെങ്കിൽ കാസർകോടിന്റെ തെരുവുകൾ കത്തുന്ന ജനരോഷത്തിന് സാക്ഷ്യം വഹിക്കുമെന്നതിൽ സംശയമില്ല.



