കാസറഗോഡ്: ലഹരിമാഫിയയുടെ വേരറുക്കാൻ പോലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ കാസറഗോഡ് ജില്ലയിൽ വൻ വിജയത്തിലേക്ക്. കാസറഗോഡ് കസബ വില്ലേജിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 45 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി കസബ എസ്.ഡി റോഡ്, പള്ളം ‘ബൈത്തുൽ നൂർ’ വീട്ടിൽ ബഷീറിൻ്റെ മകൻ അബ്ദുൾ നാസിർ (40) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി IPS-ന് ലഭിച്ച കൃത്യമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഇന്ന് പുലർച്ചെ 01:30 ഓടെ നടത്തിയ നിർണായക നീക്കത്തിലാണ് പ്രതി വലയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ അളവ് വളരെക്കൂടുതലായതിനാൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന ‘കൊമേഴ്സ്യൽ ക്വാണ്ടിറ്റി’ വിഭാഗത്തിലാണ് ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിക്കെതിരെ കാസറഗോഡ് പോലീസ് സ്റ്റേഷനിൽ Cr:No:340 / 26 u/s 22 (c) NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർമാരായ മൗഷമി, പ്രകാശൻ, SCPO വിജേഷ്, CPO മാരായ നീരജ്, സനൂപ്, നിജിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഈ വൻ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.

ലഹരിമുക്ത ജില്ലയെന്ന ലക്ഷ്യത്തോടെ പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ ഇതുവരെ 51 കേസുകൾ രജിസ്റ്റർ ചെയ്യുകയും 55 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിടിയിലായ അബ്ദുൾ നാസിറിന് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കാസറഗോഡ് എത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച വമ്പന്മാരെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.



