കാസർകോട്: വെറും മൂവായിരം രൂപയുടെ കുടിശ്ശികയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മധ്യവയസ്കനെ തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊല്ലാൻ ശ്രമം. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ റെയിൽവെ അടിപ്പാതയിൽ ഇന്ന് (വെള്ളി) പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കർണ്ണാടക ഹുബ്ലി സ്വദേശിയും വർഷങ്ങളായി മൊഗ്രാൽ കൊപ്പളത്ത് വാടകയ്ക്ക് താമസക്കാരനുമായ തേപ്പുമേസ്ത്രി അബ്ദുൽ ഗഫൂറിന് (45) നേരെയാണ് ഈ ക്രൂരമായ ആക്രമണമുണ്ടായത്. ശരീരത്തിന് സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അബ്ദുൽ ഗഫൂർ അപകടനില തരണം ചെയ്തിട്ടുണ്ട്.
ക്രൂരതയുടെ ആസൂത്രണം ഇങ്ങനെ: പതിവുപോലെ പുലർച്ചെ ക്വാർട്ടേഴ്സിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകാനായി റെയിൽവെ അടിപ്പാതയ്ക്ക് സമീപമെത്തിയ അബ്ദുൽ ഗഫൂറിനെ, കാട്ടിൽ പതിയിരുന്ന നാലംഗ സംഘം ചാടിവീണ് തടയുകയായിരുന്നു. തുടർന്ന് സംഘത്തിലൊരാൾ മണ്ണെണ്ണയൊഴിക്കുകയും മറ്റൊരാൾ തീ കൊളുത്തുകയുമായിരുന്നു. അബ്ദുൽ ഗഫൂർ നിലവിളിച്ചുകൊണ്ട് ആളിപ്പടർന്ന തീയോടെ ഓടിയതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടിയാണ് തീ അണച്ചതും ആശുപത്രിയിലെത്തിച്ചതും.

ശരവണൻ, ലിംഗം, മേരി, കണ്ടാലറിയാവുന്ന മറ്റൊരു വ്യക്തി എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് അബ്ദുൽ ഗഫൂർ മൊഴി നൽകി. സീതാംഗോളിയിലെ ഒരു കെട്ടിടത്തിന്റെ പണിവകയിൽ ഇവർക്ക് 3,000 രൂപ കൊടുക്കാനുണ്ടായിരുന്നു. എൻജിനീയർ നൽകാനുള്ള 18,000 രൂപ ലഭിച്ചാലുടൻ ഈ തുക നൽകാമെന്ന് അറിയിച്ചിരുന്നിട്ടും സംഘം അക്രമത്തിന് മുതിരുകയായിരുന്നു. ഇന്നലെ താൻ പൊലീസുകാരനാണെന്ന് വ്യാജേന ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുൽ ഗഫൂർ വെളിപ്പെടുത്തി. പ്രതികളായ മേരിയും സംഘവും തളങ്കര മാലിദിനാർ പള്ളിക്ക് സമീപമാണ് താമസം. സംഭവത്തിൽ കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



