ചളിയും ദുർഗന്ധവും മാറണം; നെല്ലിക്കുന്ന് കേന്ദ്രീകരിച്ച് അത്യാധുനിക ഫിഷ് മാർക്കറ്റും നഗരത്തിൽ സ്മാർട്ട് ഔട്ട്‌ലെറ്റുകളും വരണം: കാസർകോട് നഗരസഭ പ്രദേശത്ത് മത്സ്യ-മാംസ വിപണന രംഗത്തെ പുതിയ ആശയങ്ങളുമായി ജനങ്ങൾ .
കാസർകോട്: നഗരത്തിലെ മത്സ്യ-മാംസ വിപണന രംഗത്തെ പരമ്പരാഗത അസൗകര്യങ്ങൾക്കും ദുർഗന്ധത്തിനും ശാശ്വത പരിഹാരം കാണാൻ സമഗ്രവും ആധുനികവുമായ വിപണന നയം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചളിയും ദുർഗന്ധവും നിറഞ്ഞ പഴയ മാർക്കറ്റ് സംസ്കാരത്തിന് വിട നൽകി, ശുചിത്വത്തിനും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷത്തിനും മുൻഗണന നൽകുന്ന ഹൈടെക് സംവിധാനങ്ങൾ നഗരസഭ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് ഉയരുന്ന പൊതുവികാരം.

ബോട്ടുകൾ നേരിട്ടെത്തുന്ന തീരദേശ മേഖലയായ നെല്ലിക്കുന്നിനെ കേന്ദ്രീകരിച്ച് സമഗ്ര മത്സ്യ സംഭരണ-വിതരണ കേന്ദ്രം സ്ഥാപിക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. പുതിയ റോഡുകളും മികച്ച യാത്രാസൗകര്യങ്ങളും ഇതിനകം യാഥാർഥ്യമായ നെല്ലിക്കുന്നിൽ ശാസ്ത്രീയ ലേലഹാൾ, വൻകിട ശീതീകരണ സംഭരണശാലകൾ (കോൾഡ് സ്റ്റോറേജ്), ഡ്രസ്സിങ്-ക്ലീനിങ് യൂണിറ്റുകൾ, ആധുനിക മലിനജല-മാലിന്യ സംസ്കരണ പ്ലാന്റുകൾ, വിശാലമായ പാർക്കിങ് എന്നിവയോടെയുള്ള ഹബ്ബ് ആരംഭിക്കാൻ നഗരസഭ മുൻകൈയെടുക്കണം. ഇതൊരുങ്ങുന്നതോടെ ഉപഭോക്താക്കൾക്ക് കടലിൽ നിന്നെത്തുന്ന ഏറ്റവും ഗുണമേന്മയുള്ള പച്ചമീൻ ഇടനിലക്കാരില്ലാതെ വൃത്തിയുള്ള അന്തരീക്ഷത്തിൽ നേരിട്ട് വാങ്ങാൻ സാധിക്കും. ഇനി നഗരവാസികൾക്ക് തീരദേശത്തേക്ക് എത്താനുള്ള ബുദ്ധിമുട്ടുകൾ പരിഗണിക്കുകയാണെങ്കിൽ, പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി മത്സ്യം, മാംസം, പച്ചക്കറി, പലവ്യഞ്ജനം എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ബൃഹത്തായ സംയോജിത ഫുഡ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതും ഉചിതമായ ബദൽ മാർഗ്ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നെല്ലിക്കുന്നിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രത്തിന് പുറമെ, ആളുകൾ തിങ്ങിപ്പാർക്കുന്ന തളങ്കര, വിദ്യാനഗർ, ടൗൺ പരിസരങ്ങൾ, അടുക്കത്ത്ബയൽ തുടങ്ങിയ ജനവാസ മേഖലകളിൽ അന്താരാഷ്ട്ര മാതൃകയിലുള്ള സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാനും നഗരസഭ അനുമതി നൽകണം. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ, നൂതന എയർ പ്യൂരിഫയർ-ദുർഗന്ധ നിയന്ത്രണ സാങ്കേതികവിദ്യകളും ശീതീകരണ സംവിധാനങ്ങളും ഉൾപ്പെടുത്തി മാളുകളിലെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇത്തരം മിനി മാർക്കറ്റുകൾ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. ഒപ്പം വഴിയോരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തിലുള്ള അനധികൃത മത്സ്യവിൽപ്പന പൂർണ്ണമായി നിയന്ത്രിക്കാനും ഇത് വഴിതുറക്കും.
നിലവിലെ ടൗൺ മത്സ്യമാർക്കറ്റ് തന്നെയാണ് നവീകരിക്കുന്നതെങ്കിൽ, മത്സ്യ മാർക്കറ്റും അനുബന്ധ കെട്ടിടങ്ങളും കാലപ്പഴക്കം ചെന്ന അശാസ്ത്രീയ സ്വകാര്യ കെട്ടിടങ്ങൾ എല്ലാം പൂർണ്ണമായി പൊളിച്ചുനീക്കി വിശാലമായ പാർക്കിംഗ് സൗകര്യമുള്ള ബഹുനില ഹൈടെക് വാണിജ്യ സമുച്ചയം അവിടെ പണിയണം. ഇത്തരം പുനർനിർമ്മാണ വേളയിൽ നിലവിലെ വ്യാപാരികൾക്ക് ആശങ്കയുണ്ടാകാത്ത വിധം സുതാര്യമായ പുനരധിവാസം ഉറപ്പാക്കണം. കടമുറികൾ നഷ്ടപ്പെടുന്നവർക്ക് പുതിയ സമുച്ചയത്തിൽ തത്തുല്യമായ മുറികൾ പൂർണ്ണ ഉടമസ്ഥതയോടെ പതിച്ചു നൽകുകയും, അവരിൽ നിന്ന് ഭാവിയിൽ കൃത്യമായ മെയിന്റനൻസ് ഫീസ് മാത്രം ഈടാക്കുകയും ചെയ്യുന്ന രീതിയും ആവിഷ്കരിക്കാവുന്നതാണ്.
വ്യാപാരികളുടെ ഉപജീവനവും ജനങ്ങളുടെ ആരോഗ്യവും ഒരേപോലെ സംരക്ഷിക്കുന്ന ഇത്തരമൊരു മാസ്റ്റർ പ്ലാൻ നഗരസഭയുടെ വികസന രേഖയിൽ ഉൾപ്പെടുത്താൻ അധികൃതർ ആർജ്ജവം കാണിക്കുമോ എന്നാണ് കാസർകോട്ടുകാർ ഉറ്റുനോക്കുന്നത്.



