bncmalayalam.in

നാടെങ്ങും നബിദിനം ആഘോഷിക്കുമ്പോൾ കണ്ണൂക്കരയിൽ തല്ല്; മാടാക്കര പള്ളിയിലെ സംഘർഷം നേതൃത്വത്തിന്റെ പിടിപ്പുകേടോ?

നാടെങ്ങും നബിദിനം ആഘോഷിക്കുമ്പോൾ കണ്ണൂക്കരയിൽ തല്ല്; മാടാക്കര പള്ളിയിലെ സംഘർഷം നേതൃത്വത്തിന്റെ പിടിപ്പുകേടോ?

നാടും നഗരവും നബിദിനത്തിന്റെ പുണ്യത്തിലും ആഹ്ലാദത്തിലും മുഴുകിയിരിക്കെ, കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ തർക്കവും സംഘർഷവും ആഘോഷങ്ങൾക്ക് കരിനിഴൽ വീഴ്ത്തി. വിശ്വാസികൾ ഐക്യത്തോടെ ഒന്നിക്കേണ്ട പുണ്യദിനങ്ങളിൽ പോലും പള്ളിയങ്കണത്തിൽ ചേരിതിരിഞ്ഞ് പോരടിക്കേണ്ടി വന്നത് പൊതുസമൂഹത്തിന് മുന്നിൽ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

നബിദിനത്തോടനുബന്ധിച്ച് നിലവിലെ ഖതീബിന്റെ നേതൃത്വത്തിൽ മൗലൂദ് പാരായണം നടത്തിയതാണ് എതിർവിഭാഗത്തെ പ്രകോപിപ്പിച്ചത്. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായി.സ്ഥിതിഗതികൾ വഷളായതോടെ മഹല്ല് കമ്മിറ്റി വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി. ഒടുവിൽ പോലീസ് പള്ളിക്കകത്ത് കേറി ലാത്തിവീശിയാണ് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ടതും രംഗം ശാന്തമാക്കിയതും.

മാടാക്കര പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; വർഷങ്ങളായി ഈ തർക്കം നീറിപ്പുകയുകയാണ്. പള്ളിയിലെ ഖതീബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെ പാണക്കാട് വെച്ച് ചർച്ച നടത്തുകയും, നിലവിലെ ഖതീബ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ ധാരണയാവുകയും ചെയ്തിരുന്നതാണ്. എന്നാൽ ആ ഒത്തുതീർപ്പുകൾക്കൊന്നും ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നതാണ് പുതിയ സംഘർഷം വ്യക്തമാക്കുന്നത്.

സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെയും പ്രാദേശിക മഹല്ല് നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സ്ഥിതി ഇത്രയധികം വഷളാക്കിയതെന്ന് മഹല്ല് നിവാസികൾ ചൂണ്ടിക്കാണിക്കുന്നു. യഥാസമയം പ്രശ്നത്തിൽ ഇടപെട്ട് രമ്യമായ പരിഹാരം കാണുന്നതിൽ സമസ്ത നേതാക്കൾ കാണിച്ച അനാസ്ഥയാണ് ഒടുവിൽ വിശുദ്ധ ദിനത്തിൽ പള്ളിമുറ്റത്ത് ലാത്തിച്ചാർജ്ജ് വരെയെത്തിച്ചത്.

ആത്മീയതയും സമാധാനവും സന്ദേശമാകുന്ന ഇത്തരം പുണ്യദിനങ്ങളിൽ പോലും പള്ളിയങ്കണങ്ങളെ പോർക്കളമാക്കുന്നത് വിശ്വാസി സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. ഇനിയെങ്കിലും ഉന്നത നേതൃത്വം അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ, പള്ളിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായേക്കാം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *