bncmalayalam.in

ഓർമ്മകളിൽ ജ്വലിച്ചുനിൽക്കുന്ന ‘വ്യാഴനക്ഷത്രം’: ഹാജി ചെർക്കള മുഹമ്മദ് എന്ന പുണ്യതീരം

ഓർമ്മകളിൽ ജ്വലിച്ചുനിൽക്കുന്ന ‘വ്യാഴനക്ഷത്രം’: ഹാജി ചെർക്കള മുഹമ്മദ് എന്ന പുണ്യതീരം

ഓർമ്മകളിൽ ജ്വലിച്ചുനിൽക്കുന്ന ‘വ്യാഴനക്ഷത്രം’: ഹാജി ചെർക്കള മുഹമ്മദ് എന്ന പുണ്യതീരം

കാസർഗോഡ്: ചില മനുഷ്യരുടെ വേർപാട് ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മുഴുവൻ ഹൃദയമിടിപ്പിനെയും നിശ്ചലമാക്കുന്നതാണ്. നന്മയുടെ ആകാശം പെട്ടെന്ന് ഇരുണ്ടുപോയതുപോലെയും, തണൽ വിരിച്ചുനിന്ന ഒരു വടവൃക്ഷം അപ്രതീക്ഷിതമായി നിലംപൊത്തിയതുപോലെയും തോന്നിപ്പിക്കുന്ന വേർപാടാണ് ഹാജി ചെർക്കള മുഹമ്മദ് (എല്ലാവരുടെയും പ്രിയപ്പെട്ട ഹാജ്യാർച്ച, ഹാജിക്കാ) ഈ ലോകത്തോട് പറഞ്ഞത്. കാസർകോടിന്റെ ആത്മീയ-സാമൂഹിക ജീവിതത്തിൽ ആശ്രയമില്ലാത്തവർക്ക് അത്താണിയായും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രത്യാശയായും, ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ അടയാളമായി ജീവിച്ച ആ മഹാമനുഷ്യൻ ഇനി ഓർമ്മകളുടെ സുഗന്ധമാണ്.

പ്രപഞ്ചത്തിൽ ഔദാര്യത്തിന്റെയും സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി വ്യാഴഗ്രഹം തിളങ്ങിനിൽക്കുന്നതുപോലെ, ഈ മണ്ണിൽ ഹാജി ചെർക്കള മുഹമ്മദ് ഒരു ‘വ്യാഴനക്ഷത്രം’ ആയിരുന്നു. വെളിച്ചം സ്വയം സൂക്ഷിക്കാതെ ചുറ്റുമുള്ളവർക്ക് പകർന്നുകൊടുത്ത ഒരു പ്രകാശം. അധികാരത്തിന്റെ ഉയരങ്ങളിൽ നിന്നല്ല, മനുഷ്യസ്നേഹത്തിന്റെ ഉയരങ്ങളിൽ നിന്നാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. എല്ലാ നന്മകൾക്കും മുകളിലായി ഒരു ഗുരുവിനെപ്പോലെ വഴികാട്ടിയും ആശ്വാസവാക്കുമായി നിലകൊണ്ട ആ പുണ്യജീവിതം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായപ്പോൾ, കണ്ണീരോടെയും പ്രാർത്ഥനയോടെയും മാത്രമേ അദ്ദേഹത്തെ ഓർക്കാനാകൂ.

പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം ഓർമ്മയിലെത്തുക ഇദ്ദേഹത്തിന്റെ പേരായിരിക്കും , അപകടങ്ങളിൽ നിന്ന് സഹായമായി ആദ്യം വരുന്ന കൈകൾ ഇദ്ദേഹത്തിന്റെ തായിരിക്കും , സമൃദ്ധിയും ഔദാര്യവും വിതറുന്നതുമായ പ്രതീകം. ഹാജി ചെർക്കള മുഹമ്മദ് തന്റെ ജീവിതംകൊണ്ട് ആ പ്രതീകത്തിന് ജീവൻ നൽകി. എത്രയോ പാവപ്പെട്ട കുടുംബങ്ങൾക്ക് അദ്ദേഹം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി. മംഗല്യഭാഗ്യം കാത്തിരുന്ന എത്രയോ പെൺമക്കളുടെ കണ്ണീരൊപ്പി അവരെ സന്തോഷത്തിന്റെ പന്തലിലേക്ക് കൈപിടിച്ചുയർത്തി. കടബാധ്യതകളിൽ ജീവിതം വഴിമുട്ടിയവർക്കു മുന്നിൽ രക്ഷകനായി പ്രത്യക്ഷപ്പെട്ടു. സഹായം നൽകുമ്പോൾ പേരും പ്രശസ്തിയും തേടിയിരുന്നില്ല അദ്ദേഹം; വലതുകൈ നൽകുന്നത് ഇടതുകൈ പോലും അറിയരുതെന്ന വിശ്വാസത്തോടെ, നിശ്ശബ്ദമായി, ആത്മാർത്ഥമായി, അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി അദ്ദേഹം നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിൽ ഇന്നും ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.

അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന ഗോവയിലെ സാമൂഹ്യപ്രവർത്തകനായ ഹനീഫ് ചെർലാടുക്കയുടെ വാക്കുകൾ ആ മഹാമനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സാക്ഷ്യപത്രമാണ്:

“നാട്ടിലെ ഒരുപാട് പാവങ്ങൾക്ക് അത്താണിയായിരുന്നു അദ്ദേഹം. വിഷമിക്കുന്നവരുടെ ഉള്ളറിഞ്ഞ് സഹായിച്ച ആ വലിയ മനസ്സിന് പകരമാവാൻ ഇനി ആരുണ്ട്?”

ഈ ഒരു വാചകം തന്നെ ഹാജ്യാർച്ചയുടെ ജീവിതത്തിന്റെ സമ്പൂർണ്ണ സംഗ്രഹമാണ്.

ഹാജ്യാർച്ചയുടെ ജീവിതം സാമൂഹിക സേവനത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല; ആത്മീയ വെളിച്ചം നിറഞ്ഞതുമായിരുന്നു. ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, സുന്നി മഹല്ല് ഫെഡറേഷൻ കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റെന്ന നിലയിലും മാതൃകാപരമായ നേതൃത്വം നൽകി. പള്ളി എന്നത് വെറും ആരാധനാലയം മാത്രമല്ല, മനുഷ്യരെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ കേന്ദ്രമാണെന്ന ബോധ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു.

ബിസിനസ്സ് തിരക്കുകൾക്കിടയിലും ഓരോ വർഷവും ഹജ്ജ് കർമ്മത്തിനായി വിശുദ്ധ മക്കയിലേക്ക് യാത്രതിരിക്കുക അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. എണ്ണമറ്റ ഹജ്ജ് യാത്രകൾ അദ്ദേഹത്തിന്റെ ആത്മാവിനെ കൂടുതൽ വിനയാന്വിതനാക്കി, കൂടുതൽ കരുണയുള്ളവനാക്കി. അല്ലാഹുവിന്റെ ഭവനത്തിൽ നിന്ന് നേടിയ ആത്മീയ വെളിച്ചം സ്വന്തം നാട്ടിലെ മനുഷ്യരുടെ ജീവിതത്തിലേക്ക് പകർന്നുനൽകാനായിരുന്നു അദ്ദേഹം എന്നും ശ്രമിച്ചത്.

സ്വന്തം നാടിന്റെ അതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ നന്മകൾ വ്യാപിച്ചിരുന്നു. പള്ളപ്പാടി പോലുള്ള അതിർത്തി ഗ്രാമങ്ങളിലെ പള്ളികളുടെ പുനരുദ്ധാരണവും പുനർനിർമ്മാണവും ആരും അറിയാതെ ഏറ്റെടുത്ത് പൂർത്തിയാക്കിയ അദ്ദേഹം, നന്മയെ ഒരിക്കലും പരസ്യമാക്കാൻ ശ്രമിച്ചില്ല. ഇന്നും പല ദേശങ്ങളിലെ ആളുകൾ സ്നേഹത്തോടെയും നന്ദിയോടെയും പറയുന്നു:

“ഞങ്ങളുടെ പള്ളിയെല്ലാം നിർമ്മിച്ചുതന്നത് ചെർക്കളത്തെ ഹാജ്യാർച്ചയാണ്.”

അത് ഒരു സംഭാവനയുടെ കഥയല്ല; മനുഷ്യർക്കുവേണ്ടി ജീവിച്ച ഒരു വിശ്വാസിയുടെ ജീവിതസാക്ഷ്യമാണ്.

ഗോവയിലെ പ്രമുഖ കരാറുകാരനായി ‘ചെർക്കള കൺസ്ട്രക്ഷൻ’ എന്ന വലിയ സ്ഥാപനത്തെ ഉയർത്തിപ്പിടിച്ചപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് സാധാരണക്കാരോടൊപ്പമായിരുന്നു. സമ്പത്ത് അദ്ദേഹത്തെ മാറ്റിയില്ല; മറിച്ച് കൂടുതൽ മനുഷ്യസ്നേഹിയാക്കി. ഗോവ സ്റ്റേറ്റ് കെ.എം.സി.സി കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവാസലോകത്തും അദ്ദേഹം സേവനത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ചു.

ബിസിനസ്സിൽ കൃത്യതയും കണിശതയും പാലിച്ചിരുന്നെങ്കിലും, മനുഷ്യബന്ധങ്ങളിൽ അദ്ദേഹം അതീവ സൗമ്യനായിരുന്നു. ജോലി ചെയ്യുന്ന നാടുകളിലെ മനുഷ്യരുമായി ആത്മബന്ധം സ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി, വാക്കുകളിൽ വിനയം, പെരുമാറ്റത്തിൽ സ്നേഹം, തീരുമാനങ്ങളിൽ നീതി—ഇവയൊക്കെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തിയത്. അധികാരത്തിന്റെ ഭാഷയല്ല, സ്നേഹത്തിന്റെ ഭാഷയായിരുന്നു അദ്ദേഹം സംസാരിച്ചത്. പദവികൾ അദ്ദേഹത്തെ ഉയർത്തിയതല്ല; അദ്ദേഹത്തിന്റെ സ്വഭാവമാണ് എല്ലാ പദവികൾക്കും മഹത്വം നൽകിയത്.

ആരെയും വെറുപ്പിക്കാത്ത ഒരു മനസ്സ്, സഹായം ചോദിക്കാൻ വന്നവരെ ഒരിക്കലും നിരാശരാക്കാത്ത ഒരു കൈ, കരഞ്ഞുകൊണ്ട് വന്നവരെ ചിരിച്ചുകൊണ്ട് മടക്കിയയച്ച ഒരു ഹൃദയം—ഇതെല്ലാം ചേർന്നായിരുന്നു ഹാജ്യാർച്ച എന്ന മനുഷ്യൻ. അദ്ദേഹത്തെ കണ്ടവർക്ക് ധൈര്യം ലഭിച്ചു; അദ്ദേഹത്തോട് സംസാരിച്ചവർക്ക് ആശ്വാസം ലഭിച്ചു; അദ്ദേഹത്തിന്റെ സഹായം ലഭിച്ചവർക്ക് ജീവിതം തന്നെ മാറി.

ഇന്ന് ആ വലിയ വെളിച്ചമാണ് അസ്തമിച്ചിരിക്കുന്നത്. ആ വലിയ തണൽമരം ഇനി ഇല്ല. കാരുണ്യത്തിന്റെ ആ കടൽ ഇപ്പോൾ ഓർമ്മകളിൽ മാത്രം തിരമാലയാകുന്നു. എന്നാൽ മനുഷ്യരുടെ ഹൃദയങ്ങളിൽ വിതച്ച നന്മയുടെ വിത്തുകൾ ഒരിക്കലും മരിക്കില്ല. അദ്ദേഹം തീർത്ത വഴികളിലൂടെ ഇന്നും അനേകം മനുഷ്യർ സഞ്ചരിക്കുന്നു. അദ്ദേഹത്തിന്റെ നന്മകൾ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകം.

അല്ലാഹുവേ… നിന്റെ വിളിക്ക് ഉത്തരം നൽകി മടങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഹാജിക്കാക്ക് നീ പൂർണമായി പൊറുത്തു കൊടുക്കേണമേ. അദ്ദേഹത്തിന്റെ ഖബർ നീ വിശാലവും പ്രകാശപൂർണവുമാക്കേണമേ. ഈ ലോകത്ത് അദ്ദേഹം ചെയ്ത എല്ലാ നന്മകളും സദഖ ജാരിയായും സ്വാലിഹായ അമലായും നീ സ്വീകരിക്കേണമേ. അദ്ദേഹത്തിന്റെ എല്ലാ പിഴവുകളും നീ പൊറുത്ത് മറച്ചുതരേണമേ. മീസാനുൽ ഹസനാത്ത് നന്മകളാൽ ഭാരമുള്ളതാക്കേണമേ. കണക്കെടുപ്പ് എളുപ്പമാക്കേണമേ. മുത്തുനബി (ﷺ)യുടെ ശഫാഅത്ത് അദ്ദേഹത്തിന് ലഭിക്കേണമേ. ജന്നത്തുൽ ഫിർദൗസ് എന്ന പരമോന്നത സ്വർഗ്ഗത്തോപ്പിൽ മുത്തുനബി (ﷺ)യുടെയും സ്വാലിഹീങ്ങളുടെയും ശുഹദാക്കളുടെയും സിദ്ദീഖീങ്ങളുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം നൽകേണമേ. ഞങ്ങൾക്കും അദ്ദേഹത്തിനുമിടയിലെ ഈ വേർപാട് നിത്യസംഗമമായി ജന്നത്തിൽ മാറ്റിത്തരേണമേ.

ആമീൻ… യാ റബ്ബൽ ആലമീൻ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *