ഫുജൈറയിൽ വാഹനാപകടം ; രണ്ട് ജീവനുകൾ പൊലിഞ്ഞു, മരിച്ചവരിൽ 16കാരനും; രണ്ട് പേർക്ക് പരിക്ക്, പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
ഫുജൈറ: രാത്രിയുടെ നിശ്ശബ്ദതയിൽ സംഭവിച്ച വാഹനാപകടം രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾക്കാണ് കനത്ത ആഘാതമേൽപ്പിച്ചത്. യുഎഇയിലെ ഫുജൈറ–ഖോർഫക്കാൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 28 വയസ്സുള്ള എമിറാത്തി യുവാവും 16 വയസ്സുള്ള അറബ് ബാലനും ഉൾപ്പെടുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് അതേ ദിശയിലെത്തിയ കാർ ശക്തമായി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ഉടൻതന്നെ ഫുജൈറയിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞയുടൻ ഫുജൈറ പോലീസും നാഷണൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടറും ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസസ് സെന്റർ മേധാവിയുമായ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദഹാനിയാണ് അപകടവിവരങ്ങൾ സ്ഥിരീകരിച്ചത്. റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നും രണ്ട് പേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ഫുജൈറയിൽ തന്നെ ഇന്നലെ മറ്റൊരു വാഹനാപകടം സംഭവിച്ചിരുന്നു അതിൽ മൂന്നു പേർ മരിച്ചു എന്നുള്ളതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം . മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ ടികെ മാഷിന്റെ മകൻ സിദ്ധീഖ്, ആ സിദ്ധീഖിന്റെ രണ്ടു കുട്ടികളും പേരക്കുട്ടികളും മരണപ്പെട്ടു . ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടാണ് ദുരന്തം ഉണ്ടായത്. ഈ എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ മുസ്ലിം ലീഗിന്റെ വേങ്ങര ബ്ലോക്ക് പ്രസിഡന്റും ഒക്കെ ആയിരുന്ന മൊയ്ദീന്റെ മകനാണ് സിദ്ധീഖ്. സിദ്ദീഖിന്റെ രണ്ടു മക്കളും പേരക്കുട്ടിയുമാണ് മരണപ്പെട്ടത് . മൃതദേഹങ്ങൾ ഒക്കെ ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് മറ്റു കാര്യങ്ങൾ – നാട്ടിലേക്ക് കൊണ്ടുവരികയാണോ ഇവിടെയാണോ സംസ്കരിക്കുക – അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ തീരുമാനം ഉണ്ടാക്കുക.
റോഡരികിലെ നിശ്ചല വാഹനങ്ങൾ; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല യാത്രകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി. റോഡിന്റെ അരികുകളിലും ഗതാഗത പാതകളോട് ചേർന്നും ദീർഘനേരം പാർക്ക് ചെയ്യുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പാർക്ക് ചെയ്തിരിക്കുന്ന ട്രക്കുകളെയും മറ്റ് വാഹനങ്ങളെയും സമീപിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും മുന്നിലുള്ള പാത വ്യക്തമായി നിരീക്ഷിച്ചശേഷം മാത്രം മറികടക്കണമെന്നും പോലീസ് നിർദേശിച്ചു. പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കുകയും റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത ക്രമീകരിക്കുകയും വേണം.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുന്നതും ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അൽ ദഹാനി മുന്നറിയിപ്പ് നൽകി. ഏതാനും സെക്കൻഡുകളുടെ അശ്രദ്ധ പോലും പ്രതികരിക്കാനുള്ള സമയം നഷ്ടപ്പെടുത്തുകയും വിലപ്പെട്ട ജീവനുകൾ അപകടത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വേഗപരിധി പാലിക്കുന്നതുകൊണ്ടുമാത്രം സുരക്ഷ ഉറപ്പാകില്ലെന്നും റോഡിന്റെയും ഗതാഗതത്തിന്റെയും സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അതിലും കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കണമെന്നും പോലീസ് വ്യക്തമാക്കി.



