തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വസതിയായ “പ്രവിക്” എന്ന വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രേഖകളോ ഉപകരണങ്ങളോ കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക പഞ്ചനാമ റിപ്പോർട്ട്. പരിശോധനയ്ക്ക് പിന്നാലെ തയ്യാറാക്കിയ രേഖയിലാണ് നിർണായക വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഈ ഡി പഞ്ചനാമ റിപ്പോർട്ട്
2026 മേയ് 27-ന് രാവിലെ 7.50-ഓടെയാണ് ഇഡി സംഘം വീട്ടിലെത്തിയത്. പിണറായി ഏരിയ സി.പി.എം ലോക്കൽ സെക്രട്ടറി സി നന്ദനൻ സ്ഥലത്തെത്തി വീട്ടുജോലിക്കാരനായ നാണുവിനെ വിളിച്ചുവരുത്തി വീട് തുറപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരി പരിശോധനാ അനുമതി രേഖ കാണിച്ചുകൊണ്ട് പരിശോധന ആരംഭിക്കുകയായിരുന്നു.
ED-RAID-NOTHING-FOUND-PINARAYI-HOUSE
രാവിലെ 8.30-ന് ആരംഭിച്ച പരിശോധനയിൽ രണ്ട് നില കെട്ടിടവും സർവന്റ് ക്വാർട്ടറും ഉൾപ്പെടെ സമഗ്രമായി പരിശോധിച്ചു. പരിശോധനയ്ക്കിടെ “NIL incriminating documents and devices recovered” എന്നാണ് രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത് കുറ്റസാധ്യതയുള്ള രേഖകളോ ഉപകരണങ്ങളോ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
വീട്ടുജോലിക്കാരനായ നാണുവിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധന സമാധാനപരമായും ക്രമബദ്ധമായും പൂർത്തിയാക്കിയതായും, ആളുകൾക്കും സ്വത്തിനും യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി പരിശോധന നടന്നത്.