bncmalayalam.in

ലഹരിവേരുകൾ തേടി കേരളാ പോലീസിന്റെ മിന്നൽ നീക്കം: ചന്തേര MDMA കേസിൽ ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ ഇടനിലക്കാരിയും പിടിയിൽ; ആകെ അറസ്റ്റ് 7 ആയി-

544: ലഹരിവേരുകൾ തേടി കേരളാ പോലീസിന്റെ മിന്നൽ നീക്കം: ചന്തേര MDMA കേസിൽ ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ ഇടനിലക്കാരിയും പിടിയിൽ; ആകെ അറസ്റ്റ് 7 ആയി-

ലഹരിവേരുകൾ തേടി കേരളാ പോലീസിന്റെ മിന്നൽ നീക്കം: ചന്തേര MDMA കേസിൽ ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ ഇടനിലക്കാരിയും പിടിയിൽ; ആകെ അറസ്റ്റ് 7 ആയി-

കാസർകോട്: ചന്തേരയിൽ 139.29 ഗ്രാം അതീവ മാരകമായ MDMA പിടികൂടിയ കേസിൽ രാജ്യാന്തര-അന്തർസംസ്ഥാന ലഹരി മാഫിയയുടെ മുഖ്യ സൂത്രധാരന്മാരെ വലയിലാക്കി കേരളാ പോലീസ്. ലഹരി ശൃംഖലയുടെ അണിയറ രഹസ്യങ്ങളിലേക്ക് നീണ്ട സാഹസിക അന്വേഷണത്തിനൊടുവിൽ ഘാന സ്വദേശിയായ ആഫ്രിക്കൻ പൗരനും, ഉത്തരേന്ത്യൻ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതിയും അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇതോടെ ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ (FIR No. 442/2026, U/s 22(c) NDPS Act) അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു.

ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം.വിയുടെ നേതൃത്വത്തിലുള്ള 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് (SIT) സിനിമയെ വെല്ലുന്ന രീതിയിൽ ദിവസങ്ങൾ നീണ്ട ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

ഗ്വാളിയോറിലെ ഒളിത്താവളം തകർത്ത് പോലീസ്; ‘റിയ ഖാൻ’ കുടുങ്ങി

കേസിലെ അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ നിർണായക കണ്ണിയായ അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ. (33) യെ ഓഗസ്റ്റ് 19-ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനിയും നിലവിൽ വെസ്റ്റ് ബംഗാൾ ഹൗറയിലെ നരേന്ദ്രപുർ താമസക്കാരിയുമായ സാത്തി ഷേഖ് (31) എന്ന ‘റിയ ഖാൻ’ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം അതിസാഹസികമായി ഗ്വാളിയോറിലെത്തി ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ വൻ റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആഫ്രിക്കൻ ലഹരി ഡോൺ വിക്ടർ ദസാബ കൊല്ലത്ത് വെച്ച് പിടിയിൽ

ഇതിനുപുറമേ, കേരളത്തിലെ അന്താരാഷ്ട്ര MDMA ശൃംഖലയുടെ പ്രധാന കേന്ദ്രമായ ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തുനിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് (Crime No. 993/2022 U/s NDPS Act), കൊല്ലം കൊട്ടിയം (Crime No. 109/2026 U/s PDPP Act) പോലീസ് സ്റ്റേഷനുകളിൽ നിലവിൽ ഗുരുതര കേസുകളിൽ പ്രതിയായ ഇയാളെ കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് പോലീസ് വലയിലാക്കിയത്.

രണ്ട് മുഖ്യപ്രതികളുടെയും അറസ്റ്റോടെ ലഹരിക്കടത്തിന്റെ പ്രഭവകേന്ദ്രങ്ങളിലേക്ക് (Source of supply) നേരിട്ട് എത്താൻ കേരള പോലീസിന് കഴിഞ്ഞിരിക്കുകയാണ്. കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ അന്തർസംസ്ഥാന കണ്ണികളെയും പ്രാദേശിക വിതരണക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായുള്ള ശക്തമായ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘം അതിവേഗം ആസൂത്രണം ചെയ്തുവരികയാണ്.

നീലേശ്വരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രശാന്ത് കെ., ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി, ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രമേശൻ എൻ.എം., ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ് കുമാർ എ., അനിൽ കെ.ടി., ജ്യോതിഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ കുമാർ എം., രാഹുൽ, കുഞ്ഞികൃഷ്‌ണൻ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *