പുലർച്ചെ മണൽക്കടത്ത്; പോലീസിനെ കണ്ട് യുവാവ് സ്കൂട്ടർ മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെട്ട
കാസർഗോഡ്: ബേക്കൽ പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കടത്താനുള്ള ശ്രമം ബേക്കൽ പോലീസ് തടഞ്ഞു. പോലീസിനെ കണ്ട് ഭയന്ന യുവാവ് സ്കൂട്ടറും മണൽച്ചാക്കുകളും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ ബേക്കൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബേക്കൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ഉമേശൻ ഇ, സിവിൽ പോലീസ് ഓഫീസർമാരായ സുദീപ്, അമൽ ദേവ് എന്നിവരടങ്ങിയ സംഘം പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടത്.
പോലീസ് വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ടതോടെ സ്കൂട്ടർ യാത്രികൻ വാഹനം റോഡരികിൽ നിർത്തി ഇരുളിലേക്ക് ഓടിപ്പോകുകയായിരുന്നു. ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പള്ളിക്കര പുതിയ കടപ്പുറം സ്വദേശി മുഹമ്മദ് റിജിൻ ആണ് പ്രതിയെന്ന പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ KL 14 K 6073 നമ്പർ ആക്ടിവ സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കുകളിലായി രണ്ട് ചാക്ക് പുഴമണൽ കണ്ടെത്തി. സ്കൂട്ടറിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. ബേക്കൽ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്താൻ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതെല്ലാം മണൽ കടത്തലിന്റെ മറവിൽ മറ്റെന്തെങ്കിലും ആണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
മണലിന്റെ സാമ്പിൾ ശേഖരിച്ച് സീൽ ചെയ്ത ശേഷം സ്കൂട്ടർ, മണൽ, മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ക്രൈം നമ്പർ 0583/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. കേരള നദീതീര സംരക്ഷണവും മണലെടുപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമവകുപ്പുകൾക്കും ബി എൻ എസ് പ്രകാരവുമാണ് കേസ്. എസ്.ഐ റോഷിത് യു അന്വേഷണത്തിന് നേതൃത്വം നൽകുന്നു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.



