ബേക്കൽ ബീച്ച് ഫെസ്റ്റ്: കുഞ്ഞമ്പു മാത്രം ഉത്തരവാദിയോ? പഴയ കമ്മിറ്റിയിലെ മറ്റുള്ളവർക്ക് എന്താണ് പറയാനുള്ളത്? പുതിയ സംഘാടക സമിതിയിലും പഴയ മുഖങ്ങളോ?
കാസർകോട്: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും നടത്തിപ്പിലെ സുതാര്യതയില്ലായ്മയും സംബന്ധിച്ച ആരോപണങ്ങൾ വീണ്ടും പൊതുചർച്ചയാകുകയാണ്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ അഡ്വ. ടി.കെ. ഹസീബ് വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ട രേഖകളും ആരോപണങ്ങളുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. വരവ്-ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ, സ്പോൺസർഷിപ്പ് തുകകളുടെ വിനിയോഗം, ടിക്കറ്റ് വിൽപ്പനയിലെ കണക്കുകൾ, ബിആർഡിസിയുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്കൊപ്പം പൊതുസമൂഹം ഉയർത്തുന്ന മറ്റൊരു പ്രധാന ചോദ്യമുണ്ട്. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ പേരിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം മുൻ എംഎൽഎ സി.എച്ച്. കുഞ്ഞമ്പുവിൽ മാത്രം ഒതുങ്ങുന്നതാണോ? അതോ അന്നത്തെ സംഘാടക സമിതിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും മറുപടി പറയേണ്ടതില്ല ?
ബേക്കൽ ബീച്ച് ഫെസ്റ്റ് ഒരു വ്യക്തി മാത്രം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പരിപാടിയായിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെട്ട സംഘാടക സംവിധാനത്തിന്റെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റിന്റെ പ്രവർത്തനം. അന്ന് സി.എച്ച്. കുഞ്ഞമ്പുവിനൊപ്പം കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരും വിവിധ ചുമതലകളിൽ ഉണ്ടായിരുന്നുവെന്നത് ഈ ചർച്ചയിൽ പ്രസക്തമാണ്. ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ തുടങ്ങിയവരുടെ അന്നത്തെ സ്ഥാനവും പങ്കും ഉത്തരവാദിത്തവും സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.
ഫെസ്റ്റിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും ഉയർന്നുവന്നപ്പോൾ ഇന്ന് അഴിമതിക്കെതിരെ ശക്തമായി രംഗത്തുവരുന്നവരിൽ ചിലർ അന്ന് എന്തുകൊണ്ട് കാര്യമായി ഇടപെട്ടില്ലെന്ന ചോദ്യവും ന്യായമായി ഉയരുന്നുണ്ട് . അന്ന് ആരോപണങ്ങൾ ഉയർന്നപ്പോൾ മൗനം പാലിച്ചവർ ഇന്ന് വീണ്ടും ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ മുൻകാല നിലപാടുകളും പരിശോധിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ട് അന്ന് വിശദീകരണമോ ഇടപെടലോ ഉണ്ടായില്ല?
ഒരു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടായതായി ആരോപണം ഉയരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഒരാളിലേക്ക് മാത്രം ചുരുക്കുന്നത് ശരിയായ രീതിയല്ല , സാമ്പത്തിക രേഖകളിൽ ഒപ്പുവെച്ചവർ, വരവ്-ചെലവ് കണക്കുകൾ കൈകാര്യം ചെയ്തവർ, സ്പോൺസർഷിപ്പ് ഇടപാടുകൾക്ക് മേൽനോട്ടം വഹിച്ചവർ, തീരുമാനങ്ങൾ കൈക്കൊണ്ടവർ തുടങ്ങി ഓരോരുത്തരുടെയും പങ്ക് രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആരോപണമുന്നയിച്ചവർ വീണ്ടും മൗനത്തിൽ ആകാൻ സാധ്യതയുണ്ട് .
ഇതിനിടെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബേക്കൽ ബീച്ച് ഫെസ്റ്റ് വീണ്ടും സംഘടിപ്പിക്കുമ്പോൾ പഴയ സംഘാടക സമിതിയുമായി ബന്ധപ്പെട്ട ചിലർ പുതിയ സമിതിയിലും തുടരുന്നുണ്ട് . അഴിമതി ആരോപണങ്ങൾ നേരിടുന്നവർ എങ്ങനെയാണ് പുതിയ കമ്മിറ്റിയിൽ ഇടം പിടിച്ചത് . പുതിയ ഫെസ്റ്റിന്റെ നടത്തിപ്പിൽ സുതാര്യത ഉണ്ടാകണമെങ്കിൽ ഇവരും മാറിനിൽക്കേണ്ടതുണ്ട് . പഴയ ആരോപണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഉത്തരവാദിത്തം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഒരാളിൽ മാത്രം കേന്ദ്രീകരിക്കപ്പെടരുത്. സി.എച്ച്. കുഞ്ഞമ്പു മാത്രമല്ല, അന്നത്തെ സംഘാടക സമിതിയിൽ ഭാരവാഹികളായും അംഗങ്ങളായും പ്രവർത്തിച്ച എല്ലാവരുടെയും പങ്ക് പരിശോധിക്കപ്പെടണം. ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചവരിൽ ഒരാൾ മാത്രം ആരോപണങ്ങളുടെ മറുപടി പറയുകയും മറ്റുള്ളവർക്ക് അതിൽനിന്ന് മാറിനിൽക്കാൻ കഴിയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ പഴയ കണക്കുകൾ പുറത്തുവരണം. പഴയ കമ്മിറ്റിയിലെ എല്ലാവരുടെയും വിശദീകരണം പൊതുസമൂഹത്തിന് ലഭിക്കണം. പുതിയ സംഘാടക സമിതിയുടെ പ്രവർത്തനങ്ങളിലും പൂർണമായ സുതാര്യത ഉറപ്പാക്കണം. അഴിമതിക്കെതിരായ നിലപാട് പ്രസ്താവനകളിൽ മാത്രം ഒതുങ്ങേണ്ടതല്ല. ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയത്ത് അത് എല്ലാവർക്കും ഒരുപോലെ ബാധകമാകണം.



