പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹണി ട്രാപ്പ് കേസിലും പ്രതി . ടെക്നിക്കൽ ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടിച്ചത്
കാഞ്ഞങ്ങാട്: 2021-ലെ സ്ത്രീപീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ പി. (36) ആണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ഇന്റലിജൻസ് സ്ക്വാഡിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2021-ൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ത്രീപീഡന കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി വിചാരണാ വേളയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനുപുറമെ, 2024-ൽ മേൽപ്പറമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിലും ഫൈസൽ പ്രതിയാണ്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അന്യസംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറികളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ ഒളിത്താവളങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കിയത്. തുടർന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് വിദഗ്ധമായി പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു.
ടെക്നിക്കൽ ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് അരവഞ്ചാൽ, അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



