കാസർകോട്: കുടിവെള്ള കണക്ഷൻ എടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പിലൂടെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത പ്രദേശവാസികൾക്ക് ബില്ലും കണക്ഷൻ വിച്ഛേദിക്കൽ നോട്ടീസും അയച്ച് കേരള വാട്ടർ അതോറിറ്റി. കാസർകോട് ആലംപാടി പടിഞ്ഞാറമൂലയിലെ എട്ടോളം കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയിൽ വലയുന്നത്. വെള്ളം ഒട്ടും ഉപയോഗിച്ചിട്ടില്ലെന്ന് മീറ്റർ റീഡിംഗിൽ പൂജ്യം രേഖപ്പെടുത്തിയിട്ടും, പടിഞ്ഞാറമൂല സ്വദേശി സക്കറിയ എം.കെയുടെ പേരിൽ 1,010 രൂപയുടെ ഡിമാൻഡ് ആൻഡ് ഡിസ്കണക്ഷൻ നോട്ടീസാണ് കാസർകോട് സബ് ഡിവിഷൻ ഓഫീസിൽ നിന്ന് അയച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ച സമയത്താണ് ഇവിടെ കണക്ഷൻ നൽകിയത്. ഗൃഹനാഥനായ മുഹമ്മദ് കെ നാട്ടിലില്ലാത്ത സമയത്ത് ഔദ്യോഗിക അപേക്ഷയോ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ, മകനായ സക്കറിയയുടെ തിരിച്ചറിയൽ രേഖകൾ കൈപ്പറ്റി കരാറുകാർ പൈപ്പ് സ്ഥാപിക്കുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. എന്നാൽ പൈപ്പ്ലൈൻ ചാർജ്ജ് ചെയ്ത ഘട്ടത്തിൽ മുകൾ ഭാഗത്തുള്ള പ്രദേശങ്ങളിൽ വെള്ളമെത്തിയെങ്കിലും, പടിഞ്ഞാറമൂല റോഡിലൂടെ താഴോട്ട് പോകുന്ന ഭാഗത്തെ എട്ടോളം വീടുകളിലേക്ക് ഇതുവരെയും കുടിവെള്ളം എത്തിയിട്ടില്ല.

പൈപ്പിൽ രൂപപ്പെട്ട തടസ്സമോ ലൈൻ പൊട്ടിയതോ മൂലമാണ് വെള്ളം ലഭിക്കാത്തതെന്ന് പണി നടത്തിയ കരാറുകാരൻ അഷ്റഫിനോട് നേരത്തെ പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മാസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായില്ല. പ്രദേശത്തെ മറ്റ് പലരും വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ്, ആദ്യമായി കൈപ്പറ്റിയ ബില്ലിൽ തന്നെ കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ദ്വൈമാസ വാട്ടർ ചാർജ്ജായി 576 രൂപയും, മീറ്റർ വാടകയായി 370 രൂപയും, സർചാർജ്ജും മറ്റ് ചാർജ്ജുകളുമടക്കം ചേർത്താണ് 1,010 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 24-നകം പിഴയില്ലാതെയും ഒക്ടോബർ 9-നകം പിഴയോടെയും തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കാസർകോട് സെക്ഷൻ ഓഫീസിൽ നിന്നുള്ള മുന്നറിയിപ്പ്. കുടിവെള്ളം നൽകാതെ മാസങ്ങളോളം ജനങ്ങളെ വഞ്ചിക്കുകയും ഉപയോഗിക്കാത്ത വെള്ളത്തിന് അന്യായമായി പണം ഈടാക്കുകയും ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ഈ നടപടി വിചിത്രമാണ്. ഒരു ആശ്വാസത്തിന് പൈപ്പിലൂടെ കാറ്റെങ്കിലും വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് തൃപ്തിയാകുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.



