വി.ഡി.സതീശൻ ഇനി എന്തു ചെയ്യും ? പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; ഒരുകാരണവശാലും അനുവദിക്കില്ലെ, കടുത്ത നിലപാടിലുറച്ച് യൂത്ത് ലീഗ്
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ യാതൊരു കാരണവശാലും നടപ്പാക്കരുതെന്ന ശക്തമായ ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വിഷയത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സംഘടന തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള ഉപസമിതി പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും, അവരുടെ റിപ്പോർട്ടും തുടർന്ന് സർക്കാരിന്റെ അന്തിമ തീരുമാനവും വന്നതിനു ശേഷം സംഘടനയുടെ ഔദ്യോഗിക പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് നിലവിൽ ഉപസമിതിയെ നിയോഗിച്ചതും മറ്റ് പരിശോധനകളും നടക്കുന്നത്. കേന്ദ്ര ഫണ്ട് സ്വീകരിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ഫണ്ടിന്റെ മറവിൽ കേന്ദ്രത്തിന്റെ വിവാദ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ അത് യൂത്ത് ലീഗ് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുനവ്വറലി തങ്ങൾ മുന്നറിയിപ്പ് നൽകി. അത്തരമൊരു അജണ്ട സംസ്ഥാനത്ത് നടപ്പാക്കാൻ സംഘടന ഇടം നൽകില്ലെന്ന ഉറച്ച നിലപാടിലാണ് യൂത്ത് ലീഗ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ വിശദീകരണങ്ങൾക്ക് മുതിരാതെയാണ് അദ്ദേഹം മറുപടി ഒതുക്കിയത്.



