ഖത്തർ കെ.എം.സി.സിയിൽ വീണ്ടും പടലപ്പിണക്കം; ‘എസ്.എസ്.പി’ തിരിച്ചുപിടിക്കാൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ 10 അംഗ ട്രസ്റ്റ്, ചോദ്യം ചെയ്യുന്നവർക്കെതിരെ ‘അച്ചടക്കവാൾ’; ലീഗ് ഹൗസ് യോഗം രഹസ്യമായി റെക്കോർഡ് ചെയ്യാൻ ശ്രമിച്ച കാസർഗോഡ് നേതാവിന് താക്കീത്
കോഴിക്കോട്: പ്രവാസ ലോകത്തെ കരുത്തുറ്റ പ്രവാസി സംഘടനയായ ഖത്തർ കെ.എം.സി.സിയെ പിടിച്ചുലച്ച വിവാദങ്ങൾക്ക് ഒടുവിൽ നിർണായക നീക്കവുമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. ഏറെ കോളിളക്കം സൃഷ്ടിക്കുകയും സാമ്പത്തിക-ഭരണപരമായ തർക്കങ്ങളിലേക്ക് വഴിമാറുകയും ചെയ്ത സാമൂഹിക സുരക്ഷാ പദ്ധതിയായ ‘എസ്.എസ്.പി’ (SSP – Social Security Scheme) സംസ്ഥാന നേതൃത്വം നേരിട്ട് ഏറ്റെടുത്ത് പുനരാരംഭിക്കുന്നു. ഇനിമുതൽ കേരളത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്ന ഈ പദ്ധതിയുടെ നടത്തിപ്പിനായി സാക്ഷാൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ 10 അംഗ ട്രസ്റ്റിനാണ് രൂപം നൽകിയിരിക്കുന്നത്.
പദ്ധതി പുനരാരംഭിക്കാൻ പച്ചക്കൊടി കാട്ടുമ്പോഴും, സംഘടനയ്ക്കുള്ളിലെ ഭിന്നതകളും പടലപ്പിണക്കങ്ങളും അമർച്ച ചെയ്യാൻ അത്യന്തം കർക്കശമായ നിയന്ത്രണങ്ങളാണ് സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിക്കുന്നത്. നേതൃത്വത്തിന്റെ അപ്രീതി സമ്പാദിക്കുന്നവരെയും, തീരുമാനങ്ങളെ സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യുന്നവരെയും ഒരു മുന്നറിയിപ്പുമില്ലാതെ സംഘടനയിൽ നിന്ന് ചവിട്ടിപ്പുറത്താക്കുമെന്ന വിട്ടുവീഴ്ചയില്ലാത്ത താക്കീതാണ് നേതൃത്വം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് 24-ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ഖത്തർ കെ.എം.സി.സിയുടെ നാട്ടിലുള്ള ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ അടിയന്തര സംയുക്ത യോഗത്തിലാണ് ഈ അതീവ നിർണായക തീരുമാനങ്ങൾ അരങ്ങേറിയത്. യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമാക്കി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഇതിനകം തന്നെ കർശന നിർദ്ദേശങ്ങളോടെ സർക്കുലർ അയച്ചുകഴിഞ്ഞു. എസ്.എസ്.പി പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ജില്ലാ കമ്മിറ്റികൾ ഉടൻ അടിയന്തര യോഗം വിളിക്കാനും മണ്ഡലം-ഏരിയാ തലങ്ങളിൽ പ്രത്യേക കോർഡിനേറ്റർമാരെ നിയോഗിക്കാനും നിർദ്ദേശമുണ്ട്. നിർമ്മാണം പൂർത്തിയായ പുതിയ കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനം ഉടൻ തന്നെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
എന്നാൽ, ലീഗ് ഹൗസിൽ നടന്ന അടച്ചിട്ട യോഗം വലിയൊരു രാഷ്ട്രീയ നാടകത്തിനും നാണക്കേടിനും സാക്ഷ്യം വഹിച്ചതായാണ് അകത്തുനിന്നുള്ള വിവരങ്ങൾ. യോഗത്തിലെ രഹസ്യ ചർച്ചകളും നേതാക്കളുടെ പ്രസംഗങ്ങളും മൊബൈൽ ഫോണിൽ ഒളിപ്പിച്ചു റെക്കോർഡ് ചെയ്യാൻ കാസർഗോഡ് ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗമായ ഒരു പ്രതിനിധി ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഖത്തറിലെ വിഭാഗീയതകളും പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങളും റെക്കോർഡ് ചെയ്യാനുള്ള ഈ ശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. അച്ചടിഭാഷയ്ക്ക് നിരക്കാത്ത കടുത്ത പദപ്രയോഗങ്ങൾ നടത്തിയാണ് സലാം പ്രസ്തുത പ്രതിനിധിയെ യോഗത്തിൽവെച്ച് കണക്കിന് ശകാരിച്ചതും താക്കീത് ചെയ്തതും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ
സംഘടനയ്ക്കുള്ളിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ തുടരുകയാണ് . കെ.എം.സി.സിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം വാട്സാപ്പ് ഗ്രൂപ്പുകളും ഇപ്പോൾ ‘ അഡ്മിൻ ഒൺലി’ മോഡിലേക്ക് പൂട്ടിയിരിക്കുകയാണ്. നേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങളെ ആരെങ്കിലും വിമർശിക്കുകയോ, വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയോ ചെയ്താൽ കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ തൽക്ഷണം പുറത്താക്കുമെന്നാണ് നേതൃത്വത്തിന്റെ ഭീഷണി. സംഘടനാ വിരുദ്ധ സോഷ്യൽ മീഡിയ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടാൽ കീഴ്ഘടകങ്ങൾ ഉടൻ സംസ്ഥാന നേതൃത്വത്തെ അറിയിക്കണമെന്നും ചാരക്കണ്ണുകളോടെ നിരീക്ഷിക്കണമെന്നും താക്കീതുണ്ട്.
വിവാദങ്ങൾ അടക്കിനിർത്താനും സുതാര്യത കൊണ്ടുവരാനുമാണ് സാദിഖലി തങ്ങളെ തന്നെ ട്രസ്റ്റ് ചെയർമാനാക്കി പദ്ധതി നേരിട്ട് ഏറ്റെടുത്തതെങ്കിലും, താഴെത്തട്ടിലെ അതൃപ്തിയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള വിലക്കും അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കെ.എം.സി.സിക്കുള്ളിലെ ആഭ്യന്തര ചേരിപ്പോര് കൂടുതൽ രൂക്ഷമാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.



