ജീവനുവേണ്ടി പിടയുമ്പോഴും മുന്നിൽ തെളിഞ്ഞത് മൊബൈൽ ക്യാമറകൾ; ചോര വാർന്നു കിടന്നിട്ടും തിരിഞ്ഞുനോക്കാതെ വഴിപോക്കർ, പൊലിഞ്ഞത് ഫർസീന്റെ 18 വയസ്സുള്ള കുഞ്ഞുജീവൻ
കോഴിക്കോട്: ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരൻ റോഡിൽ ചോരവാർന്ന് മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.
അത്തോളിയിലെ ദന്താശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഫർസീൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയുടെ മുകളിലൂടെ എതിർദിശയിൽ വന്ന മറ്റൊരു കാർ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന് 25 മിനിറ്റോളമാണ് വിദ്യാർത്ഥി റോഡിൽ ചോര വാർന്ന് കിടന്നത്.

ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. പരുക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം വഴിപോക്കരിൽ പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനാണ് മുതിർന്നത്. അരമണിക്കൂറിന് ശേഷം ആംബുലൻസ് എത്തി വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാസമയം വൈദ്യസഹായം ലഭ്യമാക്കാതിരുന്നതാണ് ജീവൻ പൊലിയാൻ ഇടയാക്കിയത്.



