മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം
കാസർകോട്: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) ധനസഹായം നൽകുന്നു. 2026-27 സാമ്പത്തിക വർഷത്തെ ഡി.എം.ഇ, ഒ.എഫ്.ഒ.ഇ പദ്ധതികളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഡി.എം.ഇ പദ്ധതി പ്രകാരം രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കും, ഒ.എഫ്.ഒ.ഇ പദ്ധതി വഴി വ്യക്തിഗതമായും പുതിയ സംരംഭങ്ങൾ ആരംഭിക്കാം.

പദ്ധതികൾക്ക് കീഴിൽ ഓരോ ഗുണഭോക്താവിനും പരമാവധി ഒരു ലക്ഷം രൂപ വരെ സാഫ് ഗ്രാന്റായി ലഭിക്കും.
ഫിഷർമാൻ ഫാമിലി രജിസ്റ്ററിൽ (FFR) ഉൾപ്പെട്ടിട്ടുള്ളവരും കേരളത്തിലെ മത്സ്യഗ്രാമത്തിൽ സ്ഥിരതാമസക്കാരുമായ 18നും 40നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവനുകളിലോ സാഫ് നോഡൽ ഓഫീസിലോ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ആഗസ്റ്റ് 24 ആണ്.
ഫോൺ: 0467-2202537, 9846858704



