പഠനമുറികളിലേക്ക് നീളുന്ന ലഹരിവല: മംഗളൂരുവിൽ കാസർഗോഡ്, കണ്ണൂർ സ്വദേശികൾ പിടിയിൽ; മലയാളി വിദ്യാർത്ഥികൾ പ്രധാന ഇരകൾ
മംഗളൂരു: കേരളത്തിൽ നിന്ന് പഠനത്തിനായി മംഗളൂരുവിലെത്തുന്ന മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വൻ ലഹരിശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ടുപേർ പിടിയിലായി. കാസർഗോഡ് വർക്കാടി സ്വദേശി മുഹമ്മദ് ഇർഷാദ് (30), കണ്ണൂർ സ്വദേശി നിതിൻ കൃഷ്ണൻ (27) എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.
ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന
ഓഗസ്റ്റ് 18-ന് മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പമ്പ്‌വെൽ-നന്തൂർ സർവീസ് റോഡിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിനിടെയാണ് വർക്കാടി സ്വദേശി മുഹമ്മദ് ഇർഷാദ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 1.36 ലക്ഷം രൂപ വിലവരുന്ന 13.69 ഗ്രാം എംഡിഎംഎയും പണവും ഓട്ടോറിക്ഷയും ഉൾപ്പെടെ 2.94 ലക്ഷം രൂപയുടെ മുതലുകൾ പൊലീസ് പിടിച്ചെടുത്തു. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിതരണം
സുറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതിനാണ് കണ്ണൂർ സ്വദേശി നിതിൻ കൃഷ്ണൻ അറസ്റ്റിലായത്. കൊഞ്ചാടിയിൽ താമസിക്കുന്ന ഇയാൾ കദ്രിയിലെ ആയുർവേദ ക്ലിനിക്കിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ഓഗസ്റ്റ് 17-ന് അറസ്റ്റിലായ അശ്വിൻ സേവ്യർ (24) എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് നിതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ഇയാളിൽ നിന്ന് 60,000 രൂപ വിലവരുന്ന 1.206 കിലോഗ്രാം കഞ്ചാവും കെടിഎം ബൈക്കും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
പഠനമുറികളെ തകർക്കുന്ന ലഹരിവല: മൂന്നു ദിവസം ഉറങ്ങാതെ വിദ്യാർത്ഥികൾ
കേരളത്തിൽ നിന്ന് മംഗളൂരുവിലെ വിവിധ കോളേജുകളിൽ പഠിക്കാനെത്തുന്ന മലയാളി വിദ്യാർത്ഥികളായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കളെന്ന് പൊലീസ് അന്വേഷണത്തിൽ സൂചനകൾ ലഭിച്ചിരിക്കുകയാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഈ സംഘങ്ങളുടെ വലയിൽ വീഴുന്നുണ്ട്.
പ്രതികൾ വിതരണം ചെയ്യുന്ന വീര്യമേറിയ മയക്കുമരുന്ന് ഉപയോഗിക്കുന്ന പല വിദ്യാർത്ഥികളും തുടർച്ചയായി മൂന്നു ദിവസത്തോളം ഉറങ്ങാൻ കഴിയാത്തവിധം ഭയാനകമായ ശാരീരിക-മാനസിക അവസ്ഥയിലേക്ക് മാറിയതായാണ് സൂചനകൾ. ക്യാമ്പസുകൾക്കുള്ളിലേക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരി എത്തിക്കാൻ കൃത്യമായൊരു ‘സപ്ലൈ ചെയിൻ’ തന്നെ ഇവർ സ്ഥാപിച്ചിട്ടുണ്ട്. സഹപാഠികളായ വിദ്യാർത്ഥികളെത്തന്നെ ഇതിനായി ഇടനിലക്കാരായി ഉപയോഗിക്കുന്ന രീതിയും പുറത്തുവന്നിട്ടുണ്ട്.
മലയാളി വിദ്യാർത്ഥികൾക്കിടയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പരിശോധനകൾ ശക്തമാക്കുമെന്ന് മംഗളൂരു പൊലീസ് അറിയിച്ചു .



