മരിച്ചാലും മണ്ണിനോട് ചേർന്നെത്താൻ കഴിയാതെ ശരീരങ്ങളുമായി നഗരം ചുറ്റുന്ന ആംബുലൻസുകൾ, കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറി ഫ്രീസർ ഒരാഴ്ചയായി തകരാറിൽ, മൃതദേഹങ്ങളുമായി നെട്ടോട്ടമോടി ബന്ധുക്കൾ തളരുന്നു..
കാസർകോട്: ജില്ലാ ആസ്ഥാനത്തെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമായ കാസർകോട് ജനറൽ ആശുപത്രിയിൽ ജീവിച്ചിരിക്കുമ്പോൾ മണിക്കൂറുകളോളം ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്ന രോഗികൾ , മരിച്ചുകഴിഞ്ഞാലും മൃതദേഹത്തിന് ഒരിടം തേടി നഗരത്തിലൂടെ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് ഇപ്പോൾ.
കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറി ഫ്രീസർ പ്രവർത്തനരഹിതമായിട്ട് ഒരാഴ്ച പിന്നിട്ടു. പോസ്റ്റ്‌മോർട്ടത്തിനും തുടർനടപടികൾക്കുമായി എത്തിക്കുന്ന മൃതദേഹങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ ബന്ധുക്കളും പൊതുജനങ്ങളും കടുത്ത പ്രയാസത്തിലാണ്.

മരണത്തിനുശേഷവും ഒരു അവസാന യാത്ര കൂടി…
അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ആ നിമിഷം തന്നെ താങ്ങാനാകാത്ത വേദനയാണ്. അതിനിടയിലാണ് മൃതദേഹം സൂക്ഷിക്കാൻ ഒരു ഫ്രീസർ തേടി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടേണ്ടിവരുന്നത്. പ്രത്യേകിച്ച് ദൂരസ്ഥലങ്ങളിൽ നിന്ന് അപകടങ്ങളിലോ മറ്റ് സാഹചര്യങ്ങളിലോ മരിച്ചവരുടെ മൃതദേഹങ്ങളുമായി എത്തുന്ന ബന്ധുക്കൾക്ക് ഈ അവസ്ഥ ഇരട്ടി ദുരിതമാണ്.
ജനറൽ ആശുപത്രിയിലെ ഫ്രീസർ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അത് നന്നാക്കാനോ പകരം സംവിധാനം ഒരുക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ കൈ മലർത്തുകയാണ്.
ഫ്രീസർ പ്രവർത്തിക്കാത്തതിനെ തുടർന്ന് മോർച്ചറിയിൽ ദുർഗന്ധം വമിക്കുന്നതും അസഹനീയമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മരണപ്പെട്ടവരോട് പോലും മാന്യമായ പരിഗണന ഉറപ്പാക്കേണ്ട ഇടം തന്നെ ഇത്തരമൊരു ദുരവസ്ഥയിലായിരിക്കുകയാണ്.
പുതിയ കെട്ടിടം പണിതിട്ടും ഫ്രീസറില്ല
ഇതിനിടെ മോർച്ചറിയോട് ചേർന്ന് പുതുതായി നിർമ്മിച്ച രണ്ട് നില കെട്ടിടത്തിൽ മൂന്ന് പോസ്റ്റ്‌മോർട്ടം ടേബിളുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ അവിടെയും പുതിയ ഫ്രീസർ സംവിധാനം ഒരുക്കിയിട്ടില്ല. കെട്ടിടം ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടുമില്ല.
അതിനാൽ നിലവിൽ ജനറൽ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്. മൃതദേഹങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുകയാണ്.
കാസർകോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലവിൽ ഇ.കെ. നായനാർ ആശുപത്രി, ജനാർദ്ദന ഹോസ്പിറ്റൽ, അരമന ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പ്രധാനമായും ഫ്രീസർ സൗകര്യമുള്ളത്. ഇ.കെ. നായനാർ ആശുപത്രിയിൽ രണ്ട് ഫ്രീസറുകളും ജനാർദ്ദന, അരമന ആശുപത്രികളിൽ ഓരോ ഫ്രീസറും വീതമാണുള്ളത്.
എന്നാൽ ഈ ആസ്പത്രികളിൽ പുറത്തുനിന്ന് എത്തിക്കുന്ന മൃതദേഹങ്ങൾക്ക് ഇടം ലഭിക്കുന്നത് വലിയ പ്രയാസമാണ്.
നഗരത്തിലെ ആശുപത്രികളിൽ ഇടം ലഭിക്കാതെ വന്നാൽ മൃതദേഹങ്ങൾ മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്കോ കാഞ്ഞങ്ങാട്ടേക്കോ മാറ്റേണ്ടിവരുന്ന സാഹചര്യമാണ്.
വർഷങ്ങൾ പഴക്കമുള്ള ഫ്രീസർ; ദ്രവിച്ച നിലയിൽ ഉപകരണങ്ങൾ
ജനറൽ ആശുപത്രിയിലെ നിലവിലെ ഫ്രീസർ വർഷങ്ങൾ പഴക്കമുള്ളതും പൂർണമായും മാറ്റിസ്ഥാപിക്കേണ്ട അവസ്ഥയിലുമാണെന്നാണ് വിവരം. ഫ്രീസറിലെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലാണ്.
ഇത്രയും വർഷം പഴക്കമുള്ള സംവിധാനത്തെ ആശ്രയിച്ചാണ് ജില്ലാ ആസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രിയിലെ മോർച്ചറി പ്രവർത്തിക്കുന്നത്. അടിയന്തരമായി പുതിയ ഫ്രീസർ സംവിധാനം സ്ഥാപിക്കേണ്ട സാഹചര്യമായിട്ടും നടപടികൾ വൈകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്ന് മൃതദേഹങ്ങളുമായി എത്തുന്ന ബന്ധുക്കൾ രോഷത്തോട് സങ്കടത്തോടെ ചോദിക്കുന്നു.. “മൃതശരീരം എവിടെ സൂക്ഷിക്കും?”
ജീവിച്ചിരിക്കുമ്പോൾ ചികിത്സയ്ക്കായി നാല് മണിക്കൂറും അഞ്ച് മണിക്കൂറും ടോക്കൺ എടുത്ത് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് പരാതികൾ ഉയരുന്ന കാസർകോട് ജനറൽ ആശുപത്രിയിൽ, മരിച്ചശേഷവും മൃതദേഹത്തിന് ഒരിടം തേടി നഗരം ചുറ്റേണ്ടിവരുന്നത് അതിലേറെ വേദനാജനകമാണ്.
മരണപ്പെട്ട ഒരാളുടെ ശരീരത്തിന് പോലും അവസാന നിമിഷങ്ങളിൽ മാന്യമായ പരിചരണം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥ ഒരു ജില്ലാ ആസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രിക്ക് ഒരിക്കലും അഭിമാനിക്കാവുന്നതല്ല.
പ്രിയപ്പെട്ടവരെ അവസാനമായി കാണാനും, നിയമപരമായ നടപടികൾ പൂർത്തിയാക്കി മാന്യമായി സംസ്കരിക്കാനും കഴിയേണ്ട സമയത്ത് ഒരു ഫ്രീസറിനായി ബന്ധുക്കൾ നെട്ടോട്ടമോടേണ്ടി വരുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.
ജനറൽ ആശുപത്രിയിൽ അടിയന്തരമായി പുതിയ മോർച്ചറി ഫ്രീസർ സംവിധാനം സ്ഥാപിക്കുകയും നിലവിലുള്ള മോർച്ചറി സൗകര്യങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ശക്തമായ ആവശ്യം.



