ഓണപ്പരീക്ഷയ്ക്ക് പോകേണ്ട മകൻ… ഇനി മടങ്ങിവരില്ല; വിദ്യാനഗർ കുളത്തിൽ മുങ്ങി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാസർകോട്: ഓണപ്പരീക്ഷയുടെ തിരക്കിലായിരുന്ന ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിന് വിദ്യാനഗറിലെ കുളം അപ്രതീക്ഷിതമായി തിരശ്ശീലയിട്ടു. കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം വിദ്യാനഗറിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
വിദ്യാനഗർ ബി.എഡ് സെന്ററിന് സമീപം, നെലക്കള വനിതാ ഹോസ്റ്റലിനടുത്തുള്ള കുളത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ദാരുണമായ അപകടമുണ്ടായത്. വിദ്യാനഗർ സ്വദേശിയായ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഹിൽ (16) ആണ് മരിച്ചത്.

നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിൽ ഓണപരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി ഷാഹിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഓണപ്പരീക്ഷയുടെ ആദ്യദിനങ്ങളിലെ സന്തോഷത്തിനിടയിൽ ഒരു കുടുംബത്തിന് മുന്നിലെത്തിയത് തീരാനഷ്ടം. സഹപാഠികളും അധ്യാപകരും നാട്ടുകാരും സംഭവത്തിന്റെ ഞെട്ടലിലാണ്. ഇന്നലെ വരെ സ്കൂളിലും കൂട്ടുകാർക്കിടയിലും നിറഞ്ഞുനിന്ന പതിനാറുകാരൻ ഇനി ഓർമ മാത്രം.
ഷാഹിലിന്റെ അകാലവിയോഗം കുടുംബത്തിനും അധ്യാപകർക്കും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി മാറിയിരിക്കുകയാണ്.



