ഡോക്ടർമാരില്ലാതെ ആരോഗ്യകേന്ദ്രങ്ങൾ; രോഗികൾക്ക് ചികിത്സ എവിടെ?
പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ സേവനം നിലച്ചു; മഴക്കാല രോഗങ്ങൾക്കിടെ കാസർകോട് പൊതുജനാരോഗ്യം പ്രതിസന്ധിയിൽ
കാസർകോട്: പനി വന്നാൽ സർക്കാർ ആശുപത്രിയെ ആശ്രയിക്കാം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കുടുംബാരോഗ്യ കേന്ദ്രമുണ്ട് എന്ന വിശ്വാസത്തിലാണ് സാധാരണക്കാരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നാൽ കാസർകോട് ജില്ലയിലെ പല ആരോഗ്യകേന്ദ്രങ്ങളിലും ആ വിശ്വാസം തന്നെ തകർന്നുകൊണ്ടിരിക്കുകയാണ്. മഴക്കാല രോഗങ്ങൾ വ്യാപിക്കുന്നതിനിടെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ചികിത്സ തേടിയെത്തുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ കടുത്ത ക്ഷാമം ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 9 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡോക്ടർമാരുടെ സേവനം നിർത്തിവെക്കുന്നതായി മെഡിക്കൽ ഓഫീസറുടെ പേരിൽ അറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 8ന് ആരോഗ്യകേന്ദ്രത്തിൽ ഈ അറിയിപ്പ് പ്രദർശിപ്പിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിൽ എത്തിയത്.
ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്ന രോഗിയോട് തന്നെ “ഇവിടെ ഇപ്പോൾ ഡോക്ടറില്ല” എന്ന് പറയേണ്ടിവരുന്ന അവസ്ഥ ഗ്രാമീണ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ സ്വകാര്യ ആശുപത്രികളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയാത്ത കുടുംബങ്ങൾക്ക് ഇതിന്റെ ആഘാതം വലുതാണ്.

പാണത്തൂരിൽ മാത്രമല്ല പ്രശ്നമെന്നാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരാതികൾ വ്യക്തമാക്കുന്നത്. ചില ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുന്നു. നിലവിലുള്ളവർ ദീർഘകാല അവധിയിലാകുമ്പോൾ പകരം സംവിധാനം ഒരുക്കുന്നതിലും വീഴ്ചയുണ്ടാകുന്നു. രാവിലെ നൂറുകണക്കിന് രോഗികൾ എത്തുന്ന ആരോഗ്യകേന്ദ്രങ്ങളിൽ പരിമിതമായ സമയത്തേക്ക് മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. ഒ.പി. സമയം രണ്ടുമണി വരെയാണെന്ന് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതോടെ നേരത്തെ തന്നെ ടിക്കറ്റ് വിതരണം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.മഴക്കാലത്ത് പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങൾ വർധിക്കുന്ന സമയത്താണ് ഈ പ്രതിസന്ധി. ചികിത്സ തേടി ആരോഗ്യകേന്ദ്രത്തിലെത്തുന്ന വയോജനങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും സ്ഥിരമായി മരുന്ന് കഴിക്കേണ്ട രോഗികൾക്കും മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങേണ്ടിവരുന്നത് വലിയ ദുരിതമാണ്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാത്തവർക്ക് അടുത്ത ആശ്രയം ജില്ലാ ആശുപത്രികളാണ്. എന്നാൽ അവിടെയും രോഗികളുടെ വലിയ തിരക്കാണ്. പുലർച്ചെ തന്നെ എത്തി ടോക്കൺ എടുക്കേണ്ടിവരുന്ന സാഹചര്യവും, ഡോക്ടറെ കാണാൻ എത്തുമ്പോഴേക്കും ടോക്കൺ തീർന്നുവെന്ന മറുപടി ലഭിക്കുന്നതും പതിവായിരിക്കുകയാണെന്നാണ് രോഗികളുടെ പരാതി. ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് ആളുകൾ ഒരേ സ്ഥലത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നതും മറ്റൊരു ആരോഗ്യപ്രശ്നമായി മാറുന്നു.
കാസർകോട് ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനം യഥാർഥത്തിൽ എത്രത്തോളം പ്രവർത്തനക്ഷമമാണ്? ആരോഗ്യവകുപ്പ് ഇതിന് കണക്കുകളോടെ മറുപടി പറയേണ്ട സമയമാണിത്. ജില്ലയിലെ ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്ര ഡോക്ടർമാരുടെ തസ്തികയുണ്ട്? എത്ര പേർ നിലവിൽ സേവനത്തിലുണ്ട്? എത്ര ഒഴിവുകളുണ്ട്? എത്ര പേർ അവധിയിലാണ്? അവധിയിലുള്ളവർക്കും ഒഴിവുള്ള തസ്തികകൾക്കും പകരം സംവിധാനം ഒരുക്കിയിട്ടുണ്ടോ? ദിവസേന എത്തുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഡോക്ടർ സേവനം ഉറപ്പാക്കിയിട്ടുണ്ടോ? ആരോഗ്യമേഖലയിൽ കെട്ടിടങ്ങളും പദ്ധതികളും മാത്രം പോരാ. രോഗി ആശുപത്രിയിലെത്തുമ്പോൾ അവിടെ ചികിത്സിക്കാൻ ഡോക്ടർ ഉണ്ടായിരിക്കണം.
ഡോക്ടർ അവധിയിലായിരിക്കാം; എന്നാൽ രോഗിക്ക് രോഗത്തിൽ നിന്ന് അവധി ലഭിക്കില്ല. ഒരു തസ്തിക ഒഴിഞ്ഞുകിടക്കാം; എന്നാൽ ചികിത്സ തേടുന്ന മനുഷ്യരുടെ എണ്ണം കുറയുകയുമില്ല. അതുകൊണ്ടുതന്നെ ഡോക്ടർ സേവനം നിർത്തിവെക്കേണ്ടിവന്ന സാഹചര്യം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കേണ്ടതാണ്.
മഴക്കാല രോഗങ്ങൾ വ്യാപിക്കുന്ന ഈ ഘട്ടത്തിൽ ആരോഗ്യകേന്ദ്രങ്ങളുടെ വാതിൽ രോഗികൾക്കായി തുറന്നിരിക്കണം. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുകയും പകരം സംവിധാനങ്ങൾ ഉറപ്പാക്കുകയും മുഴുവൻ സമയ ചികിത്സാ സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പറയാതിരിക്കാൻ വയ്യ കാസർഗോഡ് അപേക്ഷിച്ചു ആരോഗ്യ സംവിധാനങ്ങൾ പൂർണമായി തകർന്ന തരിപ്പണമായിരിക്കുകയാണ്. ചോദ്യങ്ങൾ ഉയരുന്നില്ല എന്നുള്ളതാണ് ഭരണാധികാരികൾക്ക് ഈ നിലപാട് ആവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നത്.
രോഗിക്ക് വേണ്ടത് ആരോഗ്യകേന്ദ്രത്തിന്റെ ബോർഡല്ല; ചികിത്സയാണ്. ഡോക്ടർമാരില്ലെങ്കിൽ രോഗികൾ ചികിത്സ തേടി എവിടെ പോകണം? അതും കൂടി ആരോഗ്യവകുപ്പ് കൃത്യമായി പറയണം.



