ഓരോ ചുവടും മരണത്തിലേക്ക്… കവുങ്ങിൻ തടിയിൽ തൂങ്ങി ജീവിതം; ബെള്ളൂർ കായ്മലയിൽ ഇനിയുമെത്ര ജീവനുകൾ ബലിയാകണം?
കാസർഗോഡ്: ഓരോ ദിവസവും മരണത്തെ മുഖാമുഖം കണ്ടാണ് ബെള്ളൂർ പഞ്ചായത്തിലെ കായ്മലയിലെ ജനങ്ങൾ യാത്ര ചെയ്യുന്നത്. 12-ാം, 13-ാം വാർഡുകളെ ബന്ധിപ്പിക്കുന്ന വഴിയിൽ സുരക്ഷിതമായ ഒരു പാലം ഇല്ലാത്തതിനാൽ, കവുങ്ങിൻ തടിയും വള്ളികളും കൂട്ടിക്കെട്ടിയ താത്കാലിക പാലമാണ് നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയം. ഓരോ ചുവടും തെറ്റിയാൽ കാത്തിരിക്കുന്നത് പുഴയിലെ കുത്തൊഴുക്കാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്നതോടെ പാലത്തിന്റെ അപകടാവസ്ഥ അതിരൂക്ഷമായി. മഴയിൽ നനഞ്ഞ് വഴുക്കുന്ന കവുങ്ങിൻ തടി ഒന്ന് ഇളകിയാൽ ജീവൻ തിരികെ കിട്ടുമെന്നുറപ്പില്ല. ഈ ഭീതിയിലൂടെയാണ് ദിവസവും നാട്ടുകാരും വിദ്യാർത്ഥികളും കടന്നുപോകുന്നത്. മുൻപ് ഇതേ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ് പ്രദേശവാസിയായ നാരായണന് അപകടം സംഭവിച്ച കാര്യം ഇന്നും നാട്ടുകാരുടെ മനസ്സിൽ മായാതെ കിടക്കുന്നു. ഒരു അപകടം നടന്നിട്ടും ബന്ധപ്പെട്ട അധികൃതരുടെ കണ്ണ് തുറക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ ഏറ്റവും വലിയ വേദന.

ഏറ്റവും ദയനീയമായത് കുഞ്ഞുങ്ങളുടെ അവസ്ഥയാണ്. പഠിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സ്കൂളിലേക്ക് പോകേണ്ട പ്രായത്തിൽ, ഓരോ രാവിലെയും ജീവൻ കൈയിലെടുത്താണ് അവർ ഈ കവുങ്ങിൻ തടിയിലൂടെ നടക്കുന്നത്. മഴ പെയ്യുന്ന ദിവസങ്ങളിൽ മക്കളെ സ്കൂളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ ഭയപ്പെടുകയാണ്. മക്കൾ സുരക്ഷിതമായി തിരിച്ചെത്തുമോ എന്ന ആശങ്കയിൽ കഴിയുന്ന കുടുംബങ്ങളുടെ കണ്ണീരിന് ഇതുവരെ ആരും വില കൽപ്പിച്ചിട്ടില്ല.
ഒരുചെറിയ നടവഴിയുള്ള കോൺക്രീറ്റ്-സ്റ്റീൽ പാലം നിർമ്മിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം വർഷങ്ങളായി അവഗണിക്കപ്പെടുകയാണ്. വാർഡ് മെമ്പർമാരും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഈ ദുരിതം നേരിൽ കണ്ടിട്ടും സ്ഥിരപരിഹാരത്തിനായി നടപടി സ്വീകരിക്കാത്തത് പ്രദേശവാസികളോടുള്ള കടുത്ത അനീതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒരു ഗ്രാമത്തിന്റെ ജീവനാഡിയായ ഈ വഴിക്ക് സുരക്ഷിതമായ കോൺക്രീറ്റ് പാലം അടിയന്തരമായി നിർമ്മിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. മറ്റൊരു കുഞ്ഞിന്റെ കണ്ണീരും മറ്റൊരു കുടുംബത്തിന്റെ നിലവിളിയും കേൾക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ബെള്ളൂർ കായ്മലയിലെ ജനങ്ങളുടെ കണ്ണീരോടെയുള്ള അഭ്യർഥന.



