bncmalayalam.in

“കൂട്ടുകാരെ… ബാഗ് പൊടിതട്ടി റെഡിയാക്കൂ; പ്രതീക്ഷ കൈവിടണ്ട, മഴ മുന്നറിയിപ്പുകൾ ഇനിയും വരും!” — ലീവ് അവസാനിപ്പിച്ച് കുട്ടികളെ ചിരിയോടെ സ്കൂളിലേക്ക് തിരിച്ചുവിളിച്ച് കാസർഗോഡ് കലക്ടർ അർജുൻ പാണ്ഡ്യൻ; ആശ്വാസത്തിൽ അമ്മമാർ,  വീണ്ടും വൈറൽ

“കൂട്ടുകാരെ… ബാഗ് പൊടിതട്ടി റെഡിയാക്കൂ; പ്രതീക്ഷ കൈവിടണ്ട, മഴ മുന്നറിയിപ്പുകൾ ഇനിയും വരും!” — ലീവ് അവസാനിപ്പിച്ച് കുട്ടികളെ ചിരിയോടെ സ്കൂളിലേക്ക് തിരിച്ചുവിളിച്ച് കാസർഗോഡ് കലക്ടർ അർജുൻ പാണ്ഡ്യൻ; ആശ്വാസത്തിൽ അമ്മമാർ,  വീണ്ടും വൈറൽ

“കൂട്ടുകാരെ… ബാഗ് പൊടിതട്ടി റെഡിയാക്കൂ; പ്രതീക്ഷ കൈവിടണ്ട, മഴ മുന്നറിയിപ്പുകൾ ഇനിയും വരും!” — ലീവ് അവസാനിപ്പിച്ച് കുട്ടികളെ ചിരിയോടെ സ്കൂളിലേക്ക് തിരിച്ചുവിളിച്ച് കാസർഗോഡ് കലക്ടർ അർജുൻ പാണ്ഡ്യൻ; ആശ്വാസത്തിൽ അമ്മമാർ,  വീണ്ടും വൈറൽ

കാസർഗോഡ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാസർഗോഡിലെ വീടുകളിലെ ഏറ്റവും വലിയ ആഘോഷം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ… “മഴ അവധി!” വൈകുന്നേരമായാൽ ഫോണിൽ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജ് തുറന്ന് നോക്കുന്ന കുട്ടികൾ, “നാളെയും അവധിയായിരിക്കുമോ?” എന്ന ആകാംക്ഷയിൽ കാത്തിരിക്കുന്ന മാതാപിതാക്കൾ… കഴിഞ്ഞ നാല് പ്രവൃത്തിദിവസങ്ങളായി കാസർഗോഡ് കണ്ടത് ഈ മനോഹരവും രസകരവുമായ കാഴ്ചകളായിരുന്നു.

എന്നാൽ എല്ലാ ആഘോഷങ്ങൾക്കും ഒരു അവസാനമുണ്ടെന്നതുപോലെ, ജില്ലാ ഭരണാധികാരിയുടെ മഴ അവധിക്കും താൽക്കാലിക വിരാമമായിരിക്കുകയാണ്. ജൂലൈ 31 മുതൽ തുടർച്ചയായി പ്രഖ്യാപിക്കപ്പെട്ട മഴ അവധികൾക്ക് ശേഷം നാളെ ജില്ലയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചുകൊണ്ട്, വിദ്യാർത്ഥികളെ അതീവ സ്നേഹത്തോടെയും രസകരമായ ഭാഷയിലുമായി സ്കൂളിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ് കാസർഗോഡ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ.

ഇത് ഒരു ഔദ്യോഗിക ഭാഷയിലായിരുന്നില്ല. മറിച്ച്, കുട്ടികളോട് സംസാരിക്കുന്ന ഒരു മൂത്ത സഹോദരന്റെ ഭാഷയിലായിരുന്നു ആ കുറിപ്പ്. “ആലസ്യം മാറ്റിവെച്ച് നാളെ മുതൽ ക്ലാസുകളിലേക്ക് പോകാം” എന്ന് പറയുമ്പോഴും, “നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ജില്ലാഭരണകൂടത്തിന്റെ മഴ ജാഗ്രത മുന്നറിയിപ്പുകൾ ഇനിയും നിങ്ങളിലേക്ക് എത്തും…” എന്നൊരു ചിരി കലർന്ന വാചകം കൂടി ചേർത്തതോടെ കുട്ടികളുടെ മുഖത്ത് വീണ്ടും പ്രതീക്ഷയുടെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. “അപ്പോൾ മഴ വന്നാൽ വീണ്ടും ലീവ് കിട്ടാനുള്ള സാധ്യതയുണ്ടല്ലോ…” എന്ന സന്തോഷം ആ ഒരു വാചകത്തിൽ പല കുഞ്ഞുമനസ്സുകളും കണ്ടെത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ മഴ കാരണം ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാളായി മാറിയിരിക്കുകയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ വന്നാൽ പോലും ആദ്യം എല്ലാവരും നോക്കുന്നത് കലക്ടറുടെ ഫേസ്ബുക്ക് പേജിലേക്കാണ്. “ലീവ് പ്രഖ്യാപിച്ചോ?”, “പോസ്റ്റ് വന്നോ?”, “ഇനി അഞ്ച് മിനിറ്റ് കാത്തിരിക്കാം…” എന്ന സംഭാഷണങ്ങൾ ഈ മഴക്കാലത്തും വീടുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പതിവ് കാഴ്ചയായിരുന്നു.

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇതിനകം തന്നെ അദ്ദേഹത്തിന് നിരവധി വിശേഷണങ്ങൾ സമ്മാനിച്ചിട്ടുണ്ട്. “മഴക്കാല സൂപ്പർമാൻ”, “കുട്ടികളുടെ സ്വന്തം കലക്ടർ”, “ലീവ് കലക്ടർ”, “ഹോളിഡേ ഹീറോ”, “പൂക്കി കലക്ടർ” എന്നിങ്ങനെ നിരവധി പേരുകളിലാണ് ട്രോളുകളും മീമുകളും അദ്ദേഹത്തെ ആഘോഷിക്കുന്നത്. “മഴക്കാറ് കണ്ടാൽ നമ്മുടെ കലക്ടർ ലീവ് പ്രഖ്യാപിക്കും”, “കാലാവസ്ഥാ വകുപ്പിനെക്കാൾ വിശ്വാസം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനാണ്” എന്ന തരത്തിലുള്ള ട്രോളുകൾ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.

ഈ മഴ അവധിക്കാലത്ത് ഏറ്റവും കൂടുതൽ കാത്തിരുന്നത് കുട്ടികൾ മാത്രമായിരുന്നില്ല. പല അമ്മമാർക്കും കഴിഞ്ഞ നാല് ദിവസം ചെറിയൊരു പരീക്ഷണകാലം തന്നെയായിരുന്നു. “കുട്ടികൾ രാവിലെ മുതൽ രാത്രി വരെ വീട് മുഴുവൻ തലകീഴാക്കി”, “ഇനി സ്കൂൾ തുറക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം” എന്നിങ്ങനെ അമ്മമാരുടെ രസകരമായ കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അതുകൊണ്ടുതന്നെ നാളെ സ്കൂൾ തുറക്കുമെന്ന വാർത്ത വന്നതോടെ കുട്ടികൾക്കിടയിൽ ചെറിയൊരു നിരാശയുണ്ടായപ്പോൾ, അമ്മമാരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നുവെന്നാണ് വാട്സ്ആപ്പ് സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. “കലക്ടർ പറഞ്ഞാൽ പോണം… പക്ഷേ മഴയെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടരുത്” എന്നിങ്ങനെ നിരവധി മീമുകളാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അതോടൊപ്പം ഓണപരീക്ഷകളും ഓണാഘോഷവും കലോത്സവവും സ്പോർട്സ് മീറ്റും സയൻസ് ഫെസ്റ്റും ഉൾപ്പെടെ നിരവധി പരിപാടികൾ അടുത്തെത്തുന്ന സാഹചര്യത്തിൽ, എല്ലാ കുട്ടികളും ഉത്സാഹത്തോടെ ക്ലാസുകളിലേക്ക് മടങ്ങി പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

മഴക്കാലത്ത് അവധി പ്രഖ്യാപിക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ, അവധി അവസാനിപ്പിക്കുമ്പോഴും അതേ സ്നേഹവും നർമ്മവും കൈവിടാതെയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് തിരിച്ചുവിളിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റും മിനിറ്റുകൾക്കകം വൈറലായി. “കൂട്ടുകാരെ… നാളെ സ്കൂളിലേക്ക് പോകാം. പക്ഷേ പ്രതീക്ഷ കൈവിടണ്ട… മഴ മുന്നറിയിപ്പുകൾ ഇനിയും വരും…” എന്ന ആ ഒരു വാചകം തന്നെ കുട്ടികൾക്ക് വീണ്ടും പ്രതീക്ഷ പകരുന്നതായിരുന്നു.

kasaragod-collector-arjun-pandian-invites-students-back-to-school-after-rain-holidays-BNC MALAYALAM-BURHAN -THALANAGARA

ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,

കഴിഞ്ഞ നാല് പ്രവൃത്തിദിവസങ്ങൾ മഴ അവധി ആയിരുന്നല്ലോ… നിങ്ങൾ ഏവരും വീടുകളിൽ ഇരുന്നും പഠിച്ചും, കളിച്ചും സമയം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് വിശ്വസിക്കുന്നു.

ജില്ലയിൽ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളത്തേക്ക് ഇല്ല. അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസുകളിലേക്ക് പോകേണ്ടതുണ്ട്.

ഈ ദിവസങ്ങളിലെ ആലസ്യങ്ങൾ എല്ലാം മാറ്റിവെച്ച്, നാളെ മുതൽ ക്ലാസുകളിലേക്ക് പോകാം.

ഓണപരീക്ഷകൾ ഇണങ്ങെത്തുകയാണ്… കൂടാതെ ഓണാഘോഷം, കലോത്സവം, സ്പോർട്സ് മീറ്റ്, സയൻസ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ വരാനുണ്ട്. എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും മികവും കാണിക്കാം.

നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ജില്ലാഭരണകൂടത്തിന്റെ മഴ ജാഗ്രത മുന്നറിയിപ്പുകൾ ഇനിയും നിങ്ങളിലേക്ക് എത്തും… 😄

എല്ലാ കൂട്ടുകാരെയും വീണ്ടും സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

അപ്പോ എല്ലാവരും സ്കൂളുകളിലേക്ക് തിരിച്ചു പോകാൻ തയ്യാറായിട്ടുണ്ടല്ലോ…

ഈ കാലവർഷം കൂട്ടുകാരോടൊപ്പം സുരക്ഷിതരായി കളിച്ചും പഠിച്ചും ഫലപ്രദമായി ഉപയോഗിക്കാം…

05-08-2026
കാസർഗോഡ്
അർജുൻ പാണ്ഡ്യൻ
കാസർഗോഡ് ജില്ലാ കലക്ടർ

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *