കാസർഗോഡ് : കേരളത്തിന്റെ ആരോഗ്യഭൂപടത്തിൽ കാലങ്ങളായി തുടരുന്ന കാസർകോട് ജില്ലയോടുള്ള കടുത്ത അവഗണന ഒരിക്കൽക്കൂടി അടിവരയിടുന്നതാണ് എയിംസ് (AIIMS) സ്ഥാപിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് കൈമാറിയ പുതിയ നാല് സ്ഥലങ്ങളുടെ പട്ടിക. കോഴിക്കോട്ടെ കിനാലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട, എറണാകുളത്തെ കാക്കനാട്, ആലപ്പുഴ എന്നിവടങ്ങളിൽ സ്ഥലം ലഭ്യമാണെന്ന് കാണിച്ച് കത്തുനൽകിയപ്പോൾ, എയിംസിനായി ഏറ്റവും കൂടുതൽ അർഹതപ്പെട്ടതും വർഷങ്ങളായി ജനകീയ സമരങ്ങൾ നടക്കുന്നതുമായ കാസർകോടിനെ പൂർണ്ണമായും തഴഞ്ഞു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എൻഡോസൾഫാൻ ദുരന്തത്തിന്റെ തീരാവ്യാധികളും ദുരിതങ്ങളും പേറുന്ന, ഇപ്പോഴും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെയും പരിസര ജില്ലകളെയും ആശ്രയിക്കേണ്ടിവരുന്ന ഒരു ജനതയോട് കാണിച്ച പരസ്യമായ വെല്ലുവിളിയാണിത്. ഒരു മെഡിക്കൽ കോളേജ് പോലും പൂർണ്ണസജ്ജമാക്കാൻ കഴിയാത്തവിധം ജില്ലയിലെ ആരോഗ്യമേഖല ഇന്നും ഐ.സി.യുവിലാണ്. അത്യാസന്ന നിലയിലാകുന്ന രോഗികളുമായി അതിർത്തി കടന്ന് കർണ്ണാടകത്തിലേക്ക് ആംബുലൻസുകൾ പായേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് കോവിഡ് കാലത്ത് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. ഇത്രയേറെ പിന്നോക്കാവസ്ഥയും ജനങ്ങളുടെ ജീവന്മരണ പോരാട്ടവും നിലനിൽക്കെ, ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദങ്ങളൊന്നും ഉണ്ടായില്ല എന്ന വിവരങ്ങൾ കാസർകോടുകാരുടെ നിരാശ ഇരട്ടിയാക്കുന്നു. kasaragod-aiims-omission-state-letter-centre-healthcare-neglect-endosulfan-bnc malayalam

വർഷങ്ങളായി ‘എയിംസ് കൂട്ടായ്മ’ ഉൾപ്പെടെയുള്ള ജനകീയ സംഘടനകൾ രാഷ്ട്രീയ ഭേദമന്യേ തെരുവിലിറങ്ങി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും, ആ ആവശ്യത്തെ അപ്പാടെ തള്ളിക്കളഞ്ഞത് ഭരണകൂടത്തിന്റെ ലക്ഷ്യബോധമില്ലായ്മയെയും ജില്ലയോടുള്ള സ്ഥിരം അവഗണനാ മനോഭാവത്തെയുമാണ് വ്യക്തമാക്കുന്നത്. കാസർകോടിന്റെ വികസന മുരടിപ്പും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിക്കാൻ സംസ്ഥാന മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് ശക്തനായൊരു മന്ത്രിയില്ലാത്തത് ഇത്തരമൊരു വഞ്ചനയ്ക്ക് വഴിമരുന്നിട്ടു എന്ന വസ്തുതയും തള്ളിക്കളയാനാവില്ല. എയിംസ് പോലുള്ള ഒരു പ്രീമിയർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാസർകോട് സ്ഥാപിക്കുന്നത് വഴി ജില്ലയിലെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് മാത്രമല്ല, മലബാർ മേഖലയ്ക്ക് ആകെത്തന്നെയും അത് വലിയൊരു ആശ്വാസമാകുമായിരുന്നു. എന്നാൽ, അർഹതപ്പെട്ട ആനുകൂല്യങ്ങളും വികസന പദ്ധതികളും എപ്പോഴും തെക്കൻ ജില്ലകളിലേക്കും ചില പ്രത്യേക കേന്ദ്രങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കപ്പെടുകയും, കാസർകോട് കേവലം വോട്ട് ബാങ്ക് മാത്രമായി അവശേഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാപ്പരത്തമാണ് ഇവിടെ ദൃശ്യമാകുന്നത്. കാസർകോടിനെ പൊതുവായി മാറ്റിനിർത്തുന്ന ഇത്തരം അവഗണനാ നിലപാടുകൾ തിരുത്തപ്പെടാത്തിടത്തോളം കാലം, വികസനത്തിന്റെ കാര്യത്തിൽ കേരളം കൈവരിച്ചുവെന്ന് പറയുന്ന അവകാശവാദങ്ങളെല്ലാം കാപട്യമായി തുടരും.



