bncmalayalam.in

പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം, മൂന്നാം അലോട്ട്മെന്റിനുശേഷവും 72,709 വിദ്യാർത്ഥികൾ പുറത്താകുമോ?

384: പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം, മൂന്നാം അലോട്ട്മെന്റിനുശേഷവും 72,709 വിദ്യാർത്ഥികൾ പുറത്താകുമോ?

പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം, മൂന്നാം അലോട്ട്മെന്റിനുശേഷവും 72,709 വിദ്യാർത്ഥികൾ പുറത്താകുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് കടന്നിട്ടും മലബാറിലെ വിദ്യാർത്ഥികളുടെ ആശങ്ക മാറിയിട്ടില്ല. വർഷങ്ങളായി ആവർത്തിക്കുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം ഇത്തവണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം മലബാറിൽ 2,43,444 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. എന്നാൽ ഒന്നും രണ്ടും അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും 1,23,450 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 1,19,994 വിദ്യാർത്ഥികൾ ഇപ്പോഴും സീറ്റിനായി കാത്തിരിക്കുകയാണ്.

ഇനി മൂന്നാം അലോട്ട്മെന്റ് മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ സംസ്ഥാനത്ത് മലബാറിൽ ആകെ അവശേഷിക്കുന്ന സീറ്റുകൾ 47,285 മാത്രം. ഈ സീറ്റുകൾ മുഴുവൻ നിറച്ചാലും 72,709 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കേണ്ടി വരുമെന്നതാണ് നിലവിലെ കണക്ക് വ്യക്തമാക്കുന്നത്.

മലപ്പുറത്ത് പ്രതിസന്ധി അതിരൂക്ഷം

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് മലപ്പുറം ജില്ലയാണ്.

  • ആകെ അപേക്ഷകർ – 82,753
  • പ്രവേശനം ലഭിച്ചത് – 39,748
  • ഇപ്പോഴും പുറത്തുള്ളവർ – 43,005
  • അവശേഷിക്കുന്ന സീറ്റുകൾ – 18,107
  • ഇപ്പോഴും കുറവുള്ള സീറ്റുകൾ – 24,898

അതായത് അപേക്ഷ നൽകിയ രണ്ടുപേരിൽ ഒരാൾക്കും ഇതുവരെ പ്രവേശനം ഉറപ്പായിട്ടില്ലെന്ന അവസ്ഥയാണ് മലപ്പുറത്തുള്ളത്.

കോഴിക്കോടും പാലക്കാടും സമാന പ്രതിസന്ധിയിൽ

കോഴിക്കോട്

  • അപേക്ഷകർ – 47,049
  • പ്രവേശനം ലഭിച്ചത് – 23,307
  • പുറത്തുള്ളവർ – 23,742
  • ബാക്കി സീറ്റുകൾ – 8,274
  • സീറ്റ് കുറവ് – 15,468

പാലക്കാട്

  • അപേക്ഷകർ – 44,147
  • പ്രവേശനം ലഭിച്ചത് – 22,069
  • പുറത്തുള്ളവർ – 22,078
  • അവശേഷിക്കുന്ന സീറ്റുകൾ – 5,405
  • കുറവുള്ള സീറ്റുകൾ – 16,673

ഈ മൂന്ന് ജില്ലകളിലുമാണ് ഏറ്റവും രൂക്ഷമായ സീറ്റ് ക്ഷാമം നിലനിൽക്കുന്നത്.

ഓരോ വർഷവും ആവർത്തിക്കുന്ന അതേ ദുരവസ്ഥ

പ്ലസ് വൺ പ്രവേശനകാലം എത്തുമ്പോഴെല്ലാം മലബാറിലെ വിദ്യാർത്ഥികൾ ഇതേ പ്രതിസന്ധി നേരിടുകയാണ്. പത്താം ക്ലാസ് വിജയിച്ചിട്ടും സ്വന്തം ജില്ലയിൽ ഇഷ്ടപ്പെട്ട വിഷയത്തിൽ പഠിക്കാൻ കഴിയാത്ത സാഹചര്യം വർഷങ്ങളായി തുടരുകയാണ്. അപേക്ഷകരുടെ എണ്ണം വർദ്ധിക്കുമ്പോഴും അതിനനുസരിച്ച് സ്ഥിരം ബാച്ചുകളോ പുതിയ സീറ്റുകളോ വർദ്ധിപ്പിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

ഇഷ്ടപ്പെട്ട സയൻസ്, കൊമേഴ്‌സ് വിഷയങ്ങൾ ലഭിക്കാതെ പല വിദ്യാർത്ഥികളും നിർബന്ധിതമായി മറ്റ് വിഷയങ്ങൾ തിരഞ്ഞെടുക്കുകയോ, സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് പോകുകയോ, ഒരു വർഷം നഷ്ടപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം തുടരുകയാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. അധിക ബാച്ചുകൾ അനുവദിക്കണമെന്നും സ്ഥിരം സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. താൽക്കാലിക മാർജിനൽ വർദ്ധനവ് മാത്രമല്ല, വർഷങ്ങളായി ആവർത്തിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് അവരുടെ നിലപാട്. വർഷങ്ങളായി അറിയാവുന്ന പ്രശ്നമായിട്ടും സർക്കാർ മുൻകൂട്ടി സ്ഥിരം ബാച്ചുകൾ അനുവദിക്കാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ്. താൽക്കാലിക പരിഹാരങ്ങൾക്കുപകരം സ്ഥിരം ബാച്ചുകളും അധിക സീറ്റുകളും സൃഷ്ടിച്ചാൽ മാത്രമേ എല്ലാ വർഷവും ആവർത്തിക്കുന്ന ഈ പ്രതിസന്ധിക്ക് അറുതിയാകൂവെന്നാണ് വിമർശനം.

ഇനി നിർണായകം മൂന്നാം അലോട്ട്മെന്റ്

മൂന്നാം അലോട്ട്മെന്റിന് ശേഷമുള്ള സർക്കാർ തീരുമാനമാണ് ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുക. അധിക ബാച്ചുകളും പുതിയ സീറ്റുകളും അനുവദിക്കാതെ പോയാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം നഷ്ടമാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

വിദ്യാഭ്യാസം അവകാശമാണെന്ന് പറയുന്ന കേരളത്തിൽ, യോഗ്യത നേടിയിട്ടും പഠനാവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യം ഇത്തവണയും മലബാറിൽ ശക്തമായി ഉയരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *