bncmalayalam.in

“‘വേണ്ട…!’; രണ്ടായിരം കുരുന്നുകളുടെ ഒറ്റശബ്ദത്തിൽ വിറച്ച് സ്റ്റേഡിയം; ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് കാസർകോട്”

ഹ്യൂമൻ ഫോർമേഷനും ‘ഐ ആം തൂഫാൻ വാരിയർ’ പ്രതിജ്ഞയും ഡ്രോൺ ദൃശ്യങ്ങളും ചേർന്ന് ജില്ല കണ്ട ഏറ്റവും വലിയ ലഹരിവിരുദ്ധ സന്ദേശമായി പരിപാടി

കാസർകോട്: “നിങ്ങളുടെ കുടുംബത്തെ തകർക്കുന്ന ലഹരി നിങ്ങൾക്ക് വേണോ…?”

മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ നടുവിൽ നിന്നുയർന്ന ആ ചോദ്യം അവസാനിക്കുന്നതിന് മുമ്പേ, രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ ഒരൊറ്റ ശബ്ദം ആകാശം കീറി ഉയർന്നു…

“വേണ്ട…!”

ആ ഒറ്റ മറുപടിയിൽ മുഴുവൻ സ്റ്റേഡിയവും വിറച്ചു. ലഹരിക്കെതിരായ കാസർകോടിന്റെ പ്രഖ്യാപനമായി മാറിയ ആ നിമിഷം തന്നെയായിരുന്നു ‘തൂഫാൻ – ഐ ഹേറ്റ് ഡ്രഗ്സ്’ കാമ്പയിന്റെ ഏറ്റവും ശക്തമായ സന്ദേശം.

കാസർകോട് ജില്ലാ പോലീസും നശാമുക്തി ഭാരത് അഭിയാൻ (NMBA), സാമൂഹ്യനീതി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല പരിപാടി, ഒരു സർക്കാർ ചടങ്ങിനപ്പുറം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ബോധവൽക്കരണ വേദിയായി മാറുകയായിരുന്നു.

മുൻസിപ്പൽ സ്റ്റേഡിയത്തിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ചേർന്ന് ഒരുക്കിയ ഹ്യൂമൻ ഫോർമേഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി. മൈതാനത്ത് “നശാമുക്ത് ഭാരത് അഭിയാൻ”, “തൂഫാൻ – ഐ ഹേറ്റ് ഡ്രഗ്സ്” എന്നീ സന്ദേശങ്ങൾ മനുഷ്യരൂപത്തിൽ തീർത്ത വിദ്യാർത്ഥികൾ, ഇരുവശങ്ങളിലും ലഹരിക്കെതിരെ കൈയുയർത്തി നിൽക്കുന്ന പ്രതീകാത്മക രൂപങ്ങളും സൃഷ്ടിച്ചു. ഡ്രോണിലൂടെ പകർത്തിയ ഈ ദൃശ്യങ്ങൾ കാണികളുടെ മനസ്സിൽ ഏറെ നേരം പതിഞ്ഞുനിന്നു.

തുടർന്നുള്ള റിയാലിറ്റി സെഷനിൽ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കുട്ടികളുമായി നേരിട്ട് സംവദിച്ചു. ഓരോ ചോദ്യത്തിനും ആവേശത്തോടെ മറുപടി നൽകിയ വിദ്യാർത്ഥികൾ, ലഹരിക്കെതിരായ തങ്ങളുടെ ഉറച്ച നിലപാട് വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.

പരിപാടിയിലെ മറ്റൊരു ശ്രദ്ധേയ നിമിഷമായിരുന്നു ‘തൂഫാൻ ടോർച്ച്’ കൈമാറ്റം. ജില്ലാ പോലീസ് മേധാവി തെളിച്ച ടോർച്ച് അത്‌ലറ്റുകൾക്ക് കൈമാറി. സ്റ്റേഡിയം വലംവെച്ച അവർ, വിവിധ ഹ്യൂമൻ ഫോർമേഷനുകളിൽ അണിനിരന്ന വിദ്യാർത്ഥികൾക്ക് പ്രതീകാത്മകമായി ടോർച്ച് കൈമാറി. ഒടുവിൽ ജില്ലാ കളക്ടർ ടോർച്ച് ഏറ്റുവാങ്ങി മൈതാനത്തിന്റെ മധ്യത്തിൽ സ്ഥാപിച്ചതോടെ ചടങ്ങ് ആവേശത്തിന്റെ മറ്റൊരു തലത്തിലെത്തി.

ഡ്രോൺ ക്യാമറകൾ ആകാശത്ത് ഉയർന്ന നിമിഷം, സ്റ്റേഡിയമാകെ കൈകളുയർത്തി കുട്ടികളും അതിഥികളും ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു…

“ഐ ആം തൂഫാൻ വാരിയർ!”

ആ പ്രഖ്യാപനം ലഹരിക്കെതിരായ കാസർകോടിന്റെ കൂട്ടായ പ്രതിജ്ഞയായി മാറുകയായിരുന്നു.

തുടർന്ന് അതിഥികളുടെ സന്ദേശങ്ങൾക്കുശേഷം കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക തുഷാര അവതരിപ്പിച്ച വികാരഭരിതമായ പ്രഭാഷണം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചു. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും ജീവിതത്തെയും എങ്ങനെ തകർക്കുന്നുവെന്നത് ഹൃദയസ്പർശിയായി അവർ വിവരിച്ചു.

യോഗാഭ്യാസത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ അഭിജ്ഞയുടെ പ്രകടനവും, ഒക്ടവ് മ്യൂസിക് ക്ലബ് കാസർകോടും ഗവ. ഹയർസെക്കൻഡറി സ്കൂൾ കാസർകോടിലെ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാന-നൃത്താവിഷ്കാരവും പരിപാടിക്ക് കൂടുതൽ മികവേകി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ കാസർകോട് ജില്ല ഇതുവരെ കണ്ടതിൽ ഏറ്റവും ജനപങ്കാളിത്തമുള്ളതും ദൃശ്യവിസ്മയം തീർത്തതുമായ ബോധവൽക്കരണ പരിപാടികളിലൊന്നായി ‘തൂഫാൻ – ഐ ഹേറ്റ് ഡ്രഗ്സ്’ മാറിയെന്നാണ് പൊതുവിലയിരുത്തൽ.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ്, അഡീഷണൽ എസ്.പി സി.എം. ദേവദാസൻ, എ.എസ്.പി അച്യുത് അശോക്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈല ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ആര്യ പി. രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *