മഞ്ചേശ്വരം: പിങ്ക് റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച് ആരും തിരിച്ചറിയില്ലെന്ന ആത്മവിശ്വാസത്തിൽ പകൽവെളിച്ചത്തിൽ സിനിമാ സ്റ്റൈലിൽ സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ പറന്ന യുവാക്കളുടെ ‘പ്ലാൻ’ ഒടുവിൽ സിസിടിവിയുടെ മുന്നിൽ പൊളിഞ്ഞു. മഞ്ചേശ്വരത്ത് യുവതിയുടെ കഴുത്തിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണമാല കവർന്ന കേസിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എ. സന്ദീപ് (31)യെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ “പാർട്ണർ ഇൻ ക്രൈം” ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ട് 3.10ഓടെ ഹൊസങ്കടി എസ്ബിഐ ബാങ്കിന് സമീപത്തെ സർവീസ് റോഡിലൂടെ നടന്നുപോകുകയായിരുന്ന പൈവളിഗെ ബായിക്കട്ട സ്വദേശിനി കെ. നയന (30)യുടെ അടുത്തേക്ക് സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം വാഹനം നിർത്തി. ഒരു നിമിഷം പോലും പാഴാക്കാതെ കഴുത്തിലുണ്ടായിരുന്ന രണ്ടേകാൽ പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത ശേഷം സ്കൂട്ടറിന്റെ വേഗം കൂട്ടി കണ്ണിറുക്കും മുമ്പ് രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പരിഭ്രാന്തയായ നയന ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.

മോഷണം പോയ മാലയ്ക്ക് ഏകദേശം 2.30 ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാൾ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് റെയിൻകോട്ടും മറ്റൊരാൾ മഞ്ഞ നിറത്തിലുള്ള റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിനോട് വ്യക്തമാക്കിയത്. മഴ പെയ്തില്ലെങ്കിലും റെയിൻകോട്ട് ധരിച്ചത് മുഖം മറയ്ക്കാനായിരുന്നു. പക്ഷേ, മുഖം മറച്ചാലും ക്യാമറയുടെ കണ്ണ് മറയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയാതെ പറയുന്നത്.
സംഭവത്തിന് പിന്നാലെ ഭാരതീയ ന്യായ സംഹിതയിലെ 309(4), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത മഞ്ചേശ്വരം പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയാണ് പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിനെ തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് സന്ദീപ് കുടുങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനവും സ്വർണമാലയും കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.
ഇപ്പോൾ പൊലീസിന്റെ നോട്ടം ഒളിവിലുള്ള രണ്ടാമത്തെ പ്രതിയിലേക്കാണ്. ഇയാളെ പിടികൂടാനായാൽ ഈ കവർച്ചയുടെ പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം എസ്.ഐ രതീഷ്, എ.എസ്.ഐമാരായ സദൻ, അജിത്ത്, സി.പി.ഒ നിധിർ, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



