കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി സൗരവ് (22) ഡൽഹിയിൽ നിന്ന് അറസ്റ്റിലായ സംഭവം സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ കേരള പൊലീസിന്റെ ശക്തമായ ഇടപെടലിന് തെളിവായി മാറുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന്റെ കൃത്യമായ അന്വേഷണത്തിന്റെ ഫലമായാണ് മുഖ്യപ്രതിയെ പിടികൂടാനായത്.
ഇതിനു മുൻപ് കേസിൽ മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലും ഡി.വൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

അമ്മയുടെ ചികിത്സയ്ക്കായി ചെറിയൊരു തുക വായ്പയെടുത്ത വിദ്യാർഥി പിന്നീട് അമിത പലിശയുടെയും നിരന്തര ഭീഷണികളുടെയും മാനസിക സമ്മർദ്ദത്തിന്റെയും ഇരയായതാണ് അന്വേഷണത്തിൽ പുറത്തുവന്നത്. 13,500 രൂപ വായ്പയായി ലഭിച്ച തുക ചുരുങ്ങിയ ദിവസങ്ങൾക്കകം 20,000 രൂപയായി ഉയർന്നത് ഇത്തരം അനധികൃത ലോൺ ആപ്പുകളുടെ ചൂഷണ സ്വഭാവം വ്യക്തമാക്കുന്നതാണ്.
മരണത്തിന് തലേദിവസം മാത്രം നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സ്ആപ്പ് സന്ദേശങ്ങളും എത്തിയെന്ന കണ്ടെത്തൽ സമൂഹത്തെ ഞെട്ടിക്കുന്നതാണ്. പണം തിരിച്ചുപിടിക്കാനെന്ന പേരിൽ മനുഷ്യരുടെ മാനസികാവസ്ഥയെ തകർക്കുന്ന ഇത്തരം രീതികൾ ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കേരള പൊലീസ് നടത്തിയ നടപടി പൊതുസമൂഹത്തിൽ വലിയ അഭിനന്ദനമാണ് നേടുന്നത്. സംസ്ഥാന അതിർത്തികൾ കടന്നും പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച അന്വേഷണസംഘത്തിന്റെ പ്രവർത്തനം മാതൃകാപരമാണ് . സമൂഹമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പ് ലിങ്കുകളിലൂടെയും പ്രചരിക്കുന്ന ആകർഷകമായ വായ്പ വാഗ്ദാനങ്ങൾ പലപ്പോഴും അപകടകരമായ കെണികളായി മാറാറുണ്ട്. ആവശ്യമായ അനുമതിയും വിശ്വാസ്യതയും ഇല്ലാത്ത ലോൺ ആപ്പുകളിൽ നിന്ന് വായ്പ എടുക്കുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, മാനസിക പീഡനത്തിനും കുടുംബ പ്രതിസന്ധികൾക്കും കാരണമാകാം.



