bncmalayalam.in

ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: കാസർകോട് ജില്ലയിൽ വൻ വേട്ട; രണ്ട് പേർ പിടിയിൽ, ജില്ലാ പോലീസ് മേധാവിക്കും സ്ക്വാഡിനും കൈയടി!

ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: കാസർകോട് ജില്ലയിൽ വൻ വേട്ട; രണ്ട് പേർ പിടിയിൽ, ജില്ലാ പോലീസ് മേധാവിക്കും സ്ക്വാഡിനും കൈയടി!

കാസർകോട്: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കാസർകോട് ജില്ലയിൽ വൻ വിജയത്തിലേക്ക്. ജില്ലാ പോലീസ് മേധാവി ബി. വി. വിജയഭരത് റെഡ്ഡിയുടെ ചടുലമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ജില്ലയിലെ ലഹരിമാഫിയയുടെ നടുവൊടിക്കുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കർശന നിർദ്ദേശപ്രകാരം ഞായറാഴ്ച പുലർച്ചെ നടത്തിയ രണ്ട് വെവ്വേറെ റെയ്ഡുകളിലായി 42 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി രണ്ട് പേരെയാണ് പോലീസ് വലയിലാക്കിയത്.

ലഹരി വിരുദ്ധ പോരാട്ടത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കരുത്തുറ്റ പ്രത്യേക സ്‌ക്വാഡ് അംഗങ്ങൾ കാട്ടുന്ന അസാധാരണ ജാഗ്രതയും വീര്യവുമാണ് ഈ വൻ വിജയത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ അറസ്റ്റുകൾ.

ആദ്യ വേട്ട ബദിയഡുക്കയിൽ: 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്ന് (ഞായർ) പുലർച്ചെ അഞ്ചര മണിയോടെ ബോൾക്കട്ടയിൽ വച്ചാണ് ആദ്യ അറസ്റ്റ് നടന്നത്. ഇൻസ്പെക്ടർ അനൂപ് കൃഷ്‌ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയഡുക്ക എസ്.ഐ രൂപേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പുത്തിഗെ കട്ടത്തടുക്ക എ.കെ.ജി നഗറിലെ മുഹമ്മദ് ഹനീഫ (36) പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ വിശ്വസ്തരായ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ്, അനീഷ്, ഭക്ത ഷെൽവൻ എന്നിവരുടെ അതിശക്തമായ നിരീക്ഷണവും ഇടപെടലുമാണ് ഈ പ്രതിയെ കുടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്. ഇവരുടെ കൃത്യതയാർന്ന നീക്കങ്ങൾ ലഹരിസംഘങ്ങൾക്ക് കാസർകോട് മണ്ണിൽ ഇനി രക്ഷയില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. പോലീസ് സംഘത്തിൽ എ.എസ്.ഐ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, വിജിൽ എന്നിവരും ഉണ്ടായിരുന്നു.

തൊട്ടുപിന്നാലെ കുമ്പളയിലും പോലീസ് സ്ട്രൈക്ക്; 12 ഗ്രാം എം.ഡി.എം.എ പിടികൂടി

ഈ റെയ്ഡിന് തൊട്ടുമുമ്പ്, പുലർച്ചെ 2.45 ഓടെ സീതാംഗോളിയിലെ ഒരു കെട്ടിടത്തിൽ കുമ്പള പോലീസ് നടത്തിയ മറ്റൊരു പരിശോധനയിൽ 12 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ കൂടി അറസ്റ്റിലായി. പുത്തിഗെ മുഗു ഉറുമിയിലെ റഫീഖ് മൻസിലിൽ ഷബീർ അലി (44) യെയാണ് കുമ്പള എസ്.ഐ അനന്ത കൃഷ്‌ണൻ ആർ. മേനോനും സംഘവും പിടികൂടിയത്.വലമുറുക്കി പോലീസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ പ്രദേശത്തുനിന്നും പിടിയിലായ മുഹമ്മദ് ഹനീഫയും ഷബീർ അലിയും തമ്മിൽ വൻതോതിലുള്ള ലഹരി ഇടപാടുകൾ ഉണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ഓപ്പറേഷൻ തൂഫാൻ’: ലഹരി മാഫിയയുടെ ഉറക്കം കെടുത്തി ജില്ലാ പോലീസ് മേധാവിയും ടീമും

ജില്ലയിൽ ലഹരിമരുന്ന് പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി ബി. വി. വിജയഭരത് റെഡ്ഡി നടപ്പിലാക്കുന്ന കർശന നിലപാടുകളുടെ ‘മികച്ച റിസൾട്ടാണ്’ ഈ തുടർച്ചയായ വിജയങ്ങൾ. ലഹരി മാഫിയയുടെ വേരറുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പോലീസ് ശക്തമായാണ് പ്രവർത്തിക്കുന്നത്.

പ്രത്യേകിച്ച്, ഏത് പാതിരാത്രിയിലും അതിരാവിലെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച്, ജീവൻ പോലും പണയം വെച്ച് ലഹരിസംഘങ്ങളെ പിന്തുടർന്ന് പിടികൂടുന്ന ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളുടെ പ്രവർത്തനം ജനങ്ങൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് പോലീസ് തീരുമാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *