പെരിയ: നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്ത താന്നിയിടി–തടിയംവളപ്പ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് വെറും ഒന്നരമാസത്തിനകം തകർച്ചയുടെ വക്കിലെത്തി. പെരിയ താന്നിയിടി ഭാഗത്ത് റോഡിന്റെ ഒരു വലിയ ഭാഗം നീളത്തിൽ വിണ്ടുകീറുകയും മണ്ണ് താഴ്ന്നുപോകുകയും ചെയ്തതോടെ പ്രദേശത്ത് വൻ അപകടഭീഷണിയാണ് ഉയർന്നിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച റോഡ് ആദ്യ കനത്ത മഴയിൽ തന്നെ തകരാൻ തുടങ്ങിയത് നിർമാണത്തിലെ ഗുരുതര വീഴ്ചകളെയും ഗുണനിലവാരക്കുറവിനെയും കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. റോഡിന്റെ വശത്തുള്ള സംരക്ഷണഭിത്തി (Retaining Wall) പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായതിനാൽ ഏത് നിമിഷവും കൂടുതൽ ഭാഗം ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
റോഡിൽ ആദ്യമായി ചെറിയ വിള്ളൽ രൂപപ്പെട്ടത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു. എന്നാൽ ഉച്ചയോടെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ വിള്ളൽ വൻതോതിൽ വ്യാപിച്ച് റോഡിന്റെ ഭാഗങ്ങൾ താഴ്ന്നുപോകുകയായിരുന്നു. ഇതിനിടെ റോഡിലെ വിള്ളലുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സിമന്റ് കലക്കി നിറച്ച് മറയ്ക്കാൻ നിർമാണ തൊഴിലാളികൾ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ മഴവെള്ളത്തിൽ ഈ സിമന്റ് ഒലിച്ചുപോയതോടെ പ്രശ്നത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. അപകടസാധ്യത കണക്കിലെടുത്ത് നാട്ടുകാർ വൈകുന്നേരത്തോടെ റോഡിന്റെ തകർന്ന ഭാഗം വാഹനഗതാഗതത്തിനായി തടഞ്ഞു.

മണ്ണ് ഉറപ്പിക്കുന്നതിലെ വീഴ്ച
റോഡ് നിർമാണത്തിനായി ഉപയോഗിച്ച മണ്ണ് ശാസ്ത്രീയമായി പാളികളായി ഉറപ്പിച്ചിട്ടില്ലെന്ന സംശയമാണ് ഉയരുന്നത്. ശരിയായ രീതിയിൽ മണ്ണ് കംപാക്റ്റ് ചെയ്തില്ലെങ്കിൽ മഴവെള്ളം കയറി മണ്ണ് താഴ്ന്നുപോകുകയും അതിന് മുകളിലുള്ള റോഡ് പാളികൾക്ക് താങ്ങ് നഷ്ടപ്പെടുകയും ചെയ്യും.
സംരക്ഷണഭിത്തിയുടെ ബലക്ഷയം
റോഡിന്റെ വശത്തെ മണ്ണിനെ താങ്ങിനിർത്തേണ്ട സംരക്ഷണഭിത്തിക്ക് ആവശ്യമായ കരുത്തോ ശക്തമായ അടിത്തറയോ ഇല്ലാതിരുന്നതാണ് ഭിത്തി പുറത്തേക്ക് തള്ളിനിൽക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. താഴെയുള്ള മണ്ണ് ഇളകിയതോടെ മുകളിലെ ബിറ്റുമിൻ മെക്കാഡം പാളികൾക്കും പിന്തുണ നഷ്ടപ്പെട്ടു. ഇതാണ് റോഡിന്റെ ഉപരിതലം വിണ്ടുകീറാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദ്യ മഴയിൽ തന്നെ പൊളിഞ്ഞ വാഗ്ദാനങ്ങൾ
1.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബിറ്റുമിൻ മക്കാഡം ആൻഡ് സെമി ഡെൻസ് കോൺക്രീറ്റ് (BM & SDC) നിലവാരത്തിലാണ് നിർമിച്ചതെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ആദ്യ കനത്ത മഴയിൽ തന്നെ റോഡ് തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തുകയാണ്.
വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം
റോഡിന്റെ തകർച്ചയിൽ പൊതുമരാമത്ത് വകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നും, വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കരാറുകാരെയും നിർമാണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് നടപടികൾ സ്വീകരിക്കണമെന്നും , ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു..



