bncmalayalam.in

വിദ്യാർത്ഥിനി പ്രസവിച്ചു; ആൺകുട്ടിയുടെ സംരക്ഷണത്തിൽ ദുരൂഹത, വിവരം മറച്ചുവെച്ച ആശുപത്രികൾക്കെതിരെ അന്വേഷണം

748: വിദ്യാർത്ഥിനി പ്രസവിച്ചു; ആൺകുട്ടിയുടെ സംരക്ഷണത്തിൽ ദുരൂഹത, വിവരം മറച്ചുവെച്ച ആശുപത്രികൾക്കെതിരെ അന്വേഷണം

വിദ്യാർത്ഥിനി പ്രസവിച്ചു; ആൺകുട്ടിയുടെ സംരക്ഷണത്തിൽ ദുരൂഹത, വിവരം മറച്ചുവെച്ച ആശുപത്രികൾക്കെതിരെ അന്വേഷണം

കാസർഗോഡ്: കാസർഗോഡിനെ ഞെട്ടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്കൂളിലേക്ക് പോകുന്നതിനിടയിൽ ഇടവഴിയിൽവെച്ച് വിദ്യാർത്ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി കെട്ടിടത്തിൽവെച്ച് പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിവരം. തുടർന്ന് വിദ്യാർത്ഥിനി ഗർഭിണിയാവുകയും, കുമ്പളയിലെയും ഉപ്പളയിലെയും ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ ഗർഭം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

kasaragod-pocso-case-minor-girl-delivery-baby-custody-hospital-probe-juvenile-law

അതേസമയം, പ്രതിയിൽനിന്ന് മറ്റു വിദ്യാർത്ഥിനികളും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ പോലീസിന് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു വിദ്യാർത്ഥിനിയെ ചൈൽഡ് ലൈൻ അധികൃതർ സമീപിച്ചെങ്കിലും, തങ്ങൾ പ്രണയത്തിലാണെന്നാണ് ആ വിദ്യാർത്ഥിനി അറിയിച്ചതെന്നാണ് സൂചന.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കുകയാണുണ്ടായത്. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. പിന്നീട് പ്രായപൂർത്തിയായത് കൊണ്ട് മാത്രം കേസിന്റെ വിചാരണ സാധാരണ മുതിർന്ന പ്രതികൾക്കെതിരെയുള്ള നടപടിക്രമത്തിലേക്ക് മാറില്ല. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ സാധാരണ അറസ്റ്റ് നടപടികൾക്ക് പകരം നിയമത്തിലെ ‘അപ്പ്രെഹെൻഷൻ’ (Apprehension) എന്ന നടപടിക്രമമാണ് ബാധകമാകുന്നത്.

പീഡനത്തിനിരയായ വിദ്യാർത്ഥിനി പ്രസവിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് വിദ്യാർത്ഥിനി പ്രസവിച്ചതെന്നാണ് വിവരം. പ്രസവിച്ച ആൺകുട്ടി ഇപ്പോൾ വിദ്യാർത്ഥിനിയുടെ ബന്ധുവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നാണ് സൂചനയെങ്കിലും, കുട്ടി യഥാർത്ഥത്തിൽ ആരുടെ സംരക്ഷണത്തിലാണ് കഴിയുന്നതെന്ന കാര്യത്തിൽ അന്വേഷണസംഘത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം യഥാസമയം പോലീസിനെ അറിയിക്കാതിരുന്നത് ഗൗരവകരമായ കാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സ നൽകിയ ആശുപത്രികൾക്കും ഡോക്ടർമാർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കർണാടക പോലീസിന് ഉടൻ റിപ്പോർട്ട് കൈമാറും. പോക്സോ നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം കുട്ടിക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിവുള്ള ഏതൊരാളും സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിനെയോ പ്രാദേശിക പോലീസിനെയോ വിവരം അറിയിക്കേണ്ടതാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്.

വാർത്തകൾക്ക് താഴെ സ്ഥിരമായി പ്രതിയുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന പ്രവണത കാണാറുണ്ട്. എന്നാൽ ഇത്തരം കേസിൽ പലപ്പോഴും ചില നിയമപരമായ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെയോ പ്രായപൂർത്തിയാകാത്ത പ്രതിയുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാടില്ല. പോക്സോ നിയമത്തിലെ 23-ാം വകുപ്പും ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 74-ാം വകുപ്പും കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് കർശനമായി വിലക്കുന്നുണ്ട്. കുട്ടിയുടെ പേര്, ഫോട്ടോ, വിലാസം, സ്കൂൾ, കുടുംബവിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കാൻ പാടില്ല. കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലുള്ള പ്രദേശത്തിന്റെ പേര്, കൃത്യമായ സ്ഥലവിവരം, നാട്ടിലെ അടയാളങ്ങൾ, ബന്ധുക്കളുടെ വിവരങ്ങൾ എന്നിവ നൽകുന്നതും ഒഴിവാക്കേണ്ടതാണ്. നിയമപരമായ ഈ വസ്തുത മനസ്സിലാക്കാതെയാണ് പലരും മാധ്യമപ്രവർത്തകർക്കെതിരെ വിമർശനവുമായി വാർത്തകൾക്ക് താഴെ എത്താറുള്ളത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *