bncmalayalam.in

കോടതിയിൽ റിപ്പോർട്ട് നൽകും മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയോ? എസ്.ഐ.ടിക്ക് എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി

282: കോടതിയിൽ റിപ്പോർട്ട് നൽകും മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയോ? എസ്.ഐ.ടിക്ക് എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി

ആലപ്പുഴ: ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) എതിരെ രൂക്ഷവിമർശനവുമായി ആലപ്പുഴ സെഷൻസ് കോടതി. കേസിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചു എന്ന് കോടതി ചോദിച്ചു. ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് അന്വേഷണ സംഘത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

​കോടതിയിൽ റിപ്പോർട്ടുകൾ തരുന്നതിന് മുൻപായി മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുകയാണോ വേണ്ടതെന്ന് ചോദിച്ച കോടതി, ഇത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യൂട്ടറാണോ ചോർത്തി നൽകിയതെന്നും ആരാഞ്ഞു. കോടതിയിൽ സമർപ്പിച്ച രഹസ്യ സ്വഭാവമുള്ള റിപ്പോർട്ടുകളിലെ വിവരങ്ങൾ കോടതി പരിഗണിക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിൽ വരുന്നത് മോശം സിസ്റ്റത്തിന്റെ ഭാഗമാണെന്നും ഇതിന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. കോടതിയുടെ മുൻപിൽ അന്വേഷണ സംഘത്തിന്റെ താൽപര്യങ്ങൾ കൊണ്ടുവരരുത് എന്നും കോടതി ഓർമ്മിപ്പിച്ചു.

​പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ ടോൺസിൻ കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തിന്റെ പദവി ചോദിച്ചറിഞ്ഞ കോടതി, നിയമപരമായി വേണം നിങ്ങൾ പെരുമാറാൻ എന്ന് ശകാരിച്ചു. എസ്.ഐ.ടിക്ക് വ്യക്തിതാൽപ്പര്യങ്ങൾ ഉണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഗുരുതര പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

​മർദനമേറ്റവരോട് ഗൺമാൻമാർക്ക് മുൻവൈരാഗ്യമുണ്ടായിരുന്നോ, എന്തെങ്കിലും പ്രത്യേക ലക്ഷ്യം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോ, ആക്രമണം നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. കൂടാതെ അവിടുത്തെ സാഹചര്യം നിയന്ത്രിക്കാൻ വേണ്ടിയായിരുന്നോ മർദനം എന്നും കോടതി ആരാഞ്ഞു.

​പോലീസ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു മാധ്യമപ്രവർത്തകൻ പകർത്തിയ ദൃശ്യം തെളിവായി സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും, കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ അന്വേഷണ രീതികളെ കോടതി ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *