bncmalayalam.in

അർദ്ധരാത്രിയിലെ ‘ഓപ്പറേഷൻ ഗോൾഡൻ’; പാലക്കുന്നിലെ ബേക്കറിയിൽ പൂട്ട് തകർത്ത് കവർച്ച, സിസിടിവിയിൽ കുടുങ്ങി മുഖംമൂടി സംഘം

255: അർദ്ധരാത്രിയിലെ ‘ഓപ്പറേഷൻ ഗോൾഡൻ’; പാലക്കുന്നിലെ ബേക്കറിയിൽ പൂട്ട് തകർത്ത് കവർച്ച, സിസിടിവിയിൽ കുടുങ്ങി മുഖംമൂടി സംഘം

ടൗണിന്റെ ഹൃദയഭാഗത്തെ കടയിൽ നിന്ന് 30,000 രൂപയോളം കവർന്നു; വ്യാപാരികൾക്ക് സുരക്ഷാ ആശങ്ക, പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം

പാലക്കുന്ന്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കുന്നിൽ  അഹ്മദ്  റിയാസിന്റെ ഉടമസ്ഥതയിൽ    പ്രവർത്തിക്കുന്ന ഐഡിയൽ ബേക്കറിയിൽ അർദ്ധരാത്രിയിൽ നടന്ന കവർച്ച പ്രദേശത്തെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. പൂട്ട് തകർത്ത് അകത്തുകയറിയ രണ്ടംഗ മോഷ്ടസംഘം ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 30,000 രൂപയോളം കവർന്നതായി പ്രാഥമിക വിവരം.

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. കടയുടെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ നേരെ ക്യാഷ് കൗണ്ടറിലേക്ക് നീങ്ങുകയും അവിടെയുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തു.
രാവിലെ ഏഴുമണിയോടെ കട തുറക്കാനെത്തിയ ഉടമസ്ഥനാണ് പൂട്ട് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബേക്കൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

സിസിടിവിയിൽ കൃത്യമായി പതിഞ്ഞ ദൃശ്യങ്ങൾ

സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ച രണ്ട് പേർ കടയ്ക്കുള്ളിൽ കയറി പണം എടുക്കുന്നതും പോക്കറ്റിലാക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയിൽ ഗൂഗിൾ പേക്ക് വേണ്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയ  വസ്തുക്കളിൽ പെടും. .എന്നാൽ ഇരുവരും മുഖം പൂർണമായും മറച്ച നിലയിലായിരുന്നതിനാൽ തിരിച്ചറിയൽ ദുഷ്കരമാണ്. എന്നിരുന്നാലും സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ

കവർച്ചയിൽ പണത്തിന് പുറമെ മറ്റ് വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന പൂർത്തിയാക്കിയ ശേഷമേ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

പാലക്കുന്ന് ടൗണിൽ ആളുകളുടെ ശ്രദ്ധ എപ്പോഴും ലഭിക്കുന്ന പ്രധാന കേന്ദ്രത്തിലാണ്  ഐഡിയൽ ബേക്കറി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു സ്ഥലത്ത് കവർച്ച നടന്നത് വ്യാപാര സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം റെയിൽവേ ട്രാക്കിന് സമീപത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം നടന്നിരുന്നു. അതിന് മുൻപ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്ന കേസിലും പ്രതിയെ പിന്നീട് പാലക്കാട് നിന്ന് പിടികൂടിയിരുന്നു.

മുഖംമൂടി ധരിച്ചെങ്കിലും രക്ഷയില്ലെന്ന് പൊലീസ്

പാലക്കുന്ന് പ്രദേശത്ത് നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ മുഖംമൂടി ധരിച്ചാലും പ്രതികൾ ഏതെങ്കിലും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സമീപ റോഡുകൾ, ജംഗ്ഷനുകൾ, പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും ശേഖരിച്ച് പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

കട അടച്ച് വീട്ടിൽ പോയാൽ സുരക്ഷിതമായി ഉറങ്ങാൻ കഴിയണം”

സംഭവത്തെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. നിരന്തരം നടക്കുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും അവസാനിപ്പിക്കാൻ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റവാളികളെ വേഗത്തിൽ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.

“ദിവസം മുഴുവൻ കഷ്ടപ്പെട്ട് വ്യാപാരം നടത്തി കട അടച്ച് വീട്ടിലേക്ക് പോകുന്ന വ്യാപാരിക്ക് സുരക്ഷിതമായി ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ടൗണിന്റെ ഹൃദയഭാഗത്ത് പോലും മോഷണം നടക്കുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്”

എന്നതാണ് വ്യാപാരികളുടെ പ്രതികരണം.
സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *