ബേക്കൽ : കുടുംബവഴക്കുകൾ പലതും കോടതിയിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചർച്ചയാകാറുണ്ടെങ്കിലും ബേക്കലിനടുത്ത് നടന്ന ഈ ‘സാമ്പാർ വിപ്ലവം’ നാട്ടിലെ സ്ത്രീകളുടെ ഇടയിൽ ചിരിയുടെ പൂരം തീർക്കുകയാണ്. നാലുവർഷം മുമ്പ് വലിയ പ്രതീക്ഷകളോടെ ഈ വീട്ടിലേക്ക് വലതുകാൽ വെച്ചുകയറിയ യുവതിക്ക് ആദ്യമൊക്കെ മോളെ.. മോളെ.. എന്നുള്ള മട്ടിൽ മധുരതരമായ സ്വീകരണമാണ് ലഭിച്ചതെങ്കിലും, മാസങ്ങൾ കഴിഞ്ഞതോടെ അമ്മായിയമ്മയുടെ കടുപ്പമേറിയ ‘ഭരണഘടന’ വീട്ടിൽ പ്രാബല്യത്തിൽ വന്നു. അമ്മായിയമ്മമാരുടെ പരമ്പരാഗത പീഡനമുറകളെല്ലാം ഒന്നൊഴിയാതെ ഇവിടെ അരങ്ങേറി. രാവിലെ എഴുന്നേൽക്കാൻ അഞ്ച് മിനിറ്റ് വൈകിയാൽ വീടിന്റെ ഐശ്വര്യം കളയാൻ വന്നവളെന്ന ഭാവത്തിൽ അടുക്കളയിലെ പാത്രങ്ങൾ പരസ്പരം തല്ലിപ്പൊട്ടിക്കുന്ന ശബ്ദമലിനീകരണം, ചായയിൽ ഒരു തരി പഞ്ചസാര കൂടിയാൽ മരുമകളുടെ തന്തപ്പടിയുടെ വീട്ടിൽ പഞ്ചസാര ഫാക്ടറി ഉണ്ടോ എന്ന മട്ടിലുള്ള കണ്ണ് തള്ളിപ്പോകുന്ന വക്രനോട്ടം, വറുത്തത് രണ്ട് എണ്ണം അധികം എടുത്താൽ മുടിപ്പിക്കാൻ വന്നവളെന്ന കുറ്റപ്പെടുത്തൽ, ഫ്രിഡ്ജ് എത്ര തവണ തുറന്നു എന്ന് നോക്കാൻ സിസിടിവി തോൽക്കുന്ന തരത്തിലുള്ള പ്രത്യേക ലോഗ് ബുക്ക് നിരീക്ഷണം എന്നിവയായിരുന്നു അമ്മായിയമ്മയുടെ പ്രധാന വിനോദങ്ങൾ
ഇതിനെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, സ്വർണ്ണവും പണവും ലോക്കറിൽ വെക്കുന്നതുപോലെ വീട്ടിലെ പലവ്യഞ്ജനങ്ങൾ ഒന്നൊന്നായി അമ്മായിയമ്മയുടെ പൂട്ടിയ അലമാരകളിലേക്ക് മാറിത്തുടങ്ങി. പരിപ്പ് പൂട്ടി, പപ്പടം പൂട്ടി, അച്ചാർ പൂട്ടി, ഒടുവിൽ വറവിടാൻ നേരം കടുക് എടുക്കാൻ പോലും അമ്മായിയമ്മയുടെ കയ്യിലെ ആ ‘കൊടുംഭീകര’ താക്കോൽക്കൂട്ടം വരണമെന്ന അവസ്ഥയായി! ഇതോടെ വീട്ടിലെ ഡെയിലി മെനു അമ്മായിയമ്മ നൽകുന്ന സാധനങ്ങളിലെ പ്രധാന വിഭവമായ “ചോറും സാമ്പാറിലും” മാത്രമായി ചുരുങ്ങി. അവർ പിന്നെ അത് ദിവസവും തിളപ്പിച്ചു തിളപ്പിച്ചു കൊടുക്കുന്നത് കൊണ്ട് കൂടുതൽ രുചികരമാണെന്നായിരുന്നു അമ്മായിയമ്മയുടെ വാദം! മാത്രമല്ല, ഇത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നുള്ള ഫ്രീ ഉപദേശവും കിട്ടാറുണ്ട്. ഈ ദ്രോഹത്തിനെല്ലാം കൂട്ടുനിൽക്കാൻ അമ്മായിയമ്മയ്ക്ക് കൃത്യമായ ഒരു ഹൈടെക് ഉപദേശക സമിതിയും ഉണ്ടായിരുന്നു; വേറെ വീട്ടിൽ താമസിക്കുന്ന ഭർത്താവിന്റെ സഹോദരിയും ഇളയ സഹോദരന്റെ മകളും (നാത്തൂൻ). ദിവസവും മൂന്ന് നേരം ഫോൺ വിളിച്ച് മരുമകളെ എങ്ങനെയൊക്കെ പൂട്ടണം, ഏതൊക്കെ പാത്രം ലോക്ക് ചെയ്യണം എന്ന് കൃത്യമായ ക്വട്ടേഷൻ കൊടുത്തിരുന്നത് ഈ കൺട്രോൾ റൂം നാത്തൂനായിരുന്നു. അമ്മയും മകളും കൂടി മരുമകളെ മാനസികമായി ലോക്ക് ഡൗണിലാക്കുമ്പോൾ, വിദേശത്തുള്ള ഭർത്താവാകട്ടെ തികച്ചും നിസ്സഹായനായിരുന്നു. “അമ്മയല്ലേ മോളേ, കുറച്ച് ക്ഷമിക്കൂ… എനിക്കൊന്നും പറയാൻ പറ്റില്ല, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്” എന്ന സ്ഥിരം ആശ്വാസ ക്ലീഷേ വാക്കുകൾ പറഞ്ഞ് കൈകഴുകാനേ ആ പാവത്തിന് കഴിഞ്ഞിരുന്നുള്ളൂ.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും യുവതിക്ക് സാമ്പാറിനോട് ഒരു ‘ആത്മീയബന്ധം’ തന്നെ രൂപപ്പെട്ടു. രാവിലെ സാമ്പാർ ദോശ, ഉച്ചയ്ക്ക് സാമ്പാർ ചോറ്, രാത്രി സാമ്പാർ ചപ്പാത്തി! സാമ്പാർ കണ്ടാൽ കലണ്ടറിലെ തീയതിയും രാഹുകാലവും വരെ ഓട്ടോമാറ്റിക്കായി ഓർമ്മ വരുന്ന അവസ്ഥയിലായി ആ പാവം. ഇതിനിടയിൽ കോഴിയെ ജീവനോടെ കണ്ടാൽ പോലും പിടിച്ച് അച്ചാറിട്ടു കഴിക്കും എന്ന ക്രൂരമായ സാഹചര്യത്തിലേക്ക് വരെ കാര്യങ്ങളെത്തി! പുറത്തുപോയി വല്ലതും കഴിക്കാം എന്ന് വെച്ചാൽ കൂടെ ഒരു നിഴൽ പോലെ എപ്പോഴും അമ്മായിയമ്മ കാണും. പിന്നെ ആകെ ഒരു സമാധാനമുള്ളത് സ്വന്തം വീട്ടിലെത്തിയപ്പോൾ കിട്ടുന്ന നല്ല ഭക്ഷണ സാധനങ്ങളാണ്. ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന ഈ ‘ലോക്കർ കഥകൾ’ നാണക്കേട് കാരണം യുവതി സ്വന്തം വീട്ടിലും പങ്കുവെച്ചിരുന്നില്ല.

എന്നാൽ ഒടുവിൽ ക്ഷമകെട്ട മരുമകൾ ചരിത്രത്തിൽ “സാമ്പാർ വിപ്ലവദിനം” എന്ന് രേഖപ്പെടുത്താൻ പോകുന്ന ആ ഞെട്ടിക്കുന്ന ക്ലൈമാക്സ് പ്ലാൻ ചെയ്തു. മെയ് ഇരുപത്തിയേഴാം തീയതി ഉച്ചയ്ക്ക് തയ്യാറാക്കിയ സാമ്പാറിൽ യുവതി ഒരു പ്രത്യേക ‘അതിഥിയെ’ കൂടി രഹസ്യമായി ഒളിച്ചുകടത്തി,വയറിളക്കാൻ ഉപയോഗിക്കുന്ന ഒരു നാടൻ പച്ചമരുന്ന്! ഭക്ഷണം കഴിഞ്ഞ് അധികം വൈകിയില്ല, വീട്ടിൽ അസാധാരണമായ ഒളിമ്പിക്സ് ഓട്ടപ്പാച്ചിൽ തുടങ്ങി. അമ്മായിയമ്മ കയ്യിലെ താക്കോൽക്കൂട്ടവുമായി ബാത്ത്റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു! മണിക്കൂറുകൾക്കകം എമർജൻസി എക്സിറ്റ് പോലെ കയറിയിറങ്ങി നിർജ്ജലീകരണം സംഭവിച്ച് അമ്മായിയമ്മ പൂർണ്ണമായും തളർന്നു. സംഭവം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ മരുമകളും അയൽക്കാരും ചേർന്ന് അമ്മായിയമ്മയെ കാഞ്ഞങ്ങാട്ടുള്ള ആശുപത്രിയിൽ അടിയന്തരമായി പ്രവേശിപ്പിച്ചു. ഡോക്ടർമാർ സീരിയസായി പരിശോധന തുടങ്ങി, ഇതിനിടയിൽ പേടിച്ചുവിറച്ച മരുമകൾ ഒടുവിൽ സത്യം വിളിച്ചുപറഞ്ഞു: “ഡോക്ടറേ, ഞാൻ സാമ്പാറിൽ വയറിളക്കാനുള്ള മരുന്ന് കലക്കി കൊടുത്തതാണ്!”. ഇതുകേട്ട് സ്റ്റെതസ്കോപ്പും പിടിച്ച് ഡോക്ടർമാരും നേഴ്സുമാരും അന്തംവിട്ടുപോയി! വിവരം അറിഞ്ഞ് കൂടെ വന്ന അയൽക്കാർക്ക് അവിടെ കിടന്ന് ചിരിക്കാനും ചിരിക്കാതിരിക്കാനും സാധിക്കാത്ത അവസ്ഥയായി. പൂട്ടിയ പലവ്യഞ്ജന പാത്രങ്ങൾ തുറക്കാൻ അമ്മായിയമ്മ താക്കോൽ ഒളിപ്പിച്ചു വെച്ചു; പക്ഷേ ഒടുവിൽ അവർക്ക് അടിയന്തരമായി തുറക്കേണ്ടി വന്നത് മറ്റെന്തോ ആയിപ്പോയി! അതാണെങ്കിൽ അടക്കാനും സാധിക്കുന്നതുമില്ല!
ഇതിൽ ഒരു ഉപദേശമേ ഞങ്ങൾക്ക് നൽകാനുള്ളൂ: വീട്ടിലെ സമാധാനം കാക്കാൻ അലമാരകൾ പൂട്ടി വെക്കുന്നതിന് മുമ്പ് മനസ്സുകൾ തുറക്കണം, കാരണം എല്ലാ പ്രശ്നങ്ങൾക്കും സാമ്പാറും താക്കോൽക്കൂട്ടവും പരിഹാരമല്ല! എന്തായാലും ഈ വിപ്ലവം വാട്സാപ്പിൽ വൻ ഹിറ്റായതിനുശേഷം പ്രദേശത്തെ ചില അമ്മായിയമ്മമാർ പേടിച്ച് താക്കോൽക്കൂട്ടം തന്നെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ നാട്ടിൽ നിന്നും കേൾക്കുന്ന പുതിയ വാർത്ത!
നിങ്ങളുടെ നാട്ടിലും ഇങ്ങനെയുള്ള രസകരമായ സംഭവങ്ങളുണ്ടോ?
വായിച്ചപ്പോൾ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നാട്ടുവിശേഷങ്ങൾ, കുടുംബ കൗതുകങ്ങൾ, ഗ്രാമീണ രസകഥകൾ, മനുഷ്യസ്‌പർശമുള്ള അനുഭവങ്ങൾ എന്നിവ ഞങ്ങളുമായി പങ്കുവെക്കാം.
വിവരം നൽകുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
വാർത്ത, ചിത്രം, വീഡിയോ, രേഖകൾ എന്നിവ വാട്സ്ആപ്പിലൂടെ അയക്കാം.
ബിഎൻസി മലയാളം ചാനലിന്റെ വാട്സ്ആപ്പ് നമ്പർ ആയ 7902967707 എന്നതിലേക്ക് അയക്കാം .
“നിങ്ങളുടെ നാട്ടിലെ ചെറിയ വാർത്തകൾ പോലും വലിയ ചർച്ചയാകാം.”



