bncmalayalam.in

16 മണിക്കൂറിന്റെ വേട്ട: കർണാടക അതിർത്തിയിൽ ഒളിച്ച പ്രതികളെ പിടികൂടി കാസർകോട് പൊലീസ

210: 16 മണിക്കൂറിന്റെ വേട്ട: കർണാടക അതിർത്തിയിൽ ഒളിച്ച പ്രതികളെ പിടികൂടി കാസർകോട് പൊലീസ
  • കാസർകോട്: ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ തുടങ്ങി രക്തച്ചൊരിച്ചിലിൽ അവസാനിച്ച ബദിയഡുക്ക മാർപ്പിനടുക്ക കൊലപാതകക്കേസിൽ പ്രതികളെ വെറും 16 മണിക്കൂറിനുള്ളിൽ പിടികൂടി കാസർകോട് ജില്ലാ പൊലീസ്. കൊലപാതകത്തിന് പിന്നാലെ അതിർത്തി കടന്ന് കർണാടകയിലേക്ക് രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന പ്രത്യേക അന്വേഷണസംഘം ഒടുവിൽ പുത്തൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കുംബഡാജെ മയിൽത്തൊട്ടിയിലെ കിരൺ (30), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എ.എസ്.പി അച്യുത് അശോകിന്റെയും ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അതിവേഗ നീക്കമാണ് മണിക്കൂറുകൾക്കകം പ്രതികളെ വളയാൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

ഞായറാഴ്ച രാത്രിയാണ് കുംബഡാഡെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക സ്വദേശിയുമായ സുരേഷ് (42) കൊല്ലപ്പെട്ടത്. കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് വഴിമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

 

ഗ്രൗണ്ടിൽ ആരംഭിച്ച വൈരാഗ്യം പിന്നീട് ബാങ്ക് പരിസരത്തേക്ക് നീണ്ടു. സുരേഷിനെ ലക്ഷ്യമിട്ട് എത്തിയ പ്രതികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പ

റഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ, സൈബർ പരിശോധന, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. പ്രതികൾ അതിർത്തി കടന്നതായി സൂചന ലഭിച്ചതോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ പൊലീസ് രാത്രിയൊന്നാകെ തിരച്ചിൽ നടത്തി.

ഫോണുകൾ ഓഫാക്കിയതോടെ അന്വേഷണം വെല്ലുവിളിയായെങ്കിലും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ചിലയിടങ്ങളിൽ സിസിടിവിയിൽപ്പെടാതെ ദിശമാറി സഞ്ചരിച്ചെങ്കിലും സംശയമുള്ള വഴികളിൽ പ്രതികളെ പിന്തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇരുവരെയും കർണാടകയിലെ പുത്തൂരിൽ നിന്ന് പിടികൂടിയത്.

എസ്‌.ഐമാരായ രൂപേഷ്, സുകുമാരൻ, പ്രസാദ്, സജീവൻ എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, അനീഷ്, വർഗീസ്, ശ്രീജേഷ് എന്നിവരും ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിന്തുടർന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസർകോട് ജില്ലയിൽ നടന്ന പ്രധാന കൊലപാതക കേസുകളായ നുള്ളിപ്പാടി ആളൊഴിഞ്ഞ കെട്ടിടത്തിലെ കൊലപാതകവും സീതാംഗോളിയിലെ പട്ടാപ്പകൽ കൊലപാതകത്തിലും ഉൾപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം ജില്ലാ പോലീസ് മേധാവിയുടെ കുറ്റാന്വേഷണ സ്കോഡ്ൻ്റെ സഹായത്തോടെ പിടികൂടിയിരുന്നു. പൂച്ചക്കാട് 45 പവൻ സ്വർണം കവർന്ന തമിഴ്നാട് സ്വദേശിയെ കണ്ടെത്തിയതിലും സ്ക്വാഡ് സംഘങ്ങളുടെ നീക്കങ്ങൾ നിർണായകമായിരുന്നു.

 

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *