തിരുവനന്തപുരം : പ്രതിപക്ഷക്കസേരയിലിരുന്ന് നിയമസഭയുടെ മേശപ്പുറത്ത് കൈയടിച്ച് പ്രസംഗിച്ച വാക്കുകൾ ഭരണത്തിന്റെ ചെങ്കോലേന്തുമ്പോൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് രാഷ്ട്രീയത്തിലെ ഒരു സ്ഥിരം കാഴ്ചയാണെങ്കിലും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാര്യത്തിൽ ഇതിന് അൽപം മാറ്റുകൂടും. പ്രതിപക്ഷ നേതാവായിരിക്കെ ഇന്ധന സെസ്സിനെതിരെ വാളോങ്ങി നിന്ന സതീശൻ, ഇന്ന് ധനമന്ത്രിയുടെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ പഴയ നിലപാടുകളിൽ നിന്ന് പാടേ മലക്കം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ ഇന്ധന സെസ്സിന്റെ കാര്യത്തിൽ ഇനി എന്തെങ്കിലും തീരുമാനം എടുക്കാൻ സാധിക്കൂ എന്ന പുതിയ വിശദീകരണം കേട്ട് പൊതുജനം മൂക്കത്ത് വിരൽ വെക്കുകയാണ്. കിഫ്ബിയുടെ കടം വീട്ടാൻ ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഇന്ധന സെസ്സ് ഏർപ്പെടുത്തുന്നത് ജനദ്രോഹമാണെന്ന് അന്ന് ഘോരഘോരം വാദിച്ച സതീശൻ, ഇന്ന് അധികാരത്തിന്റെ ശീതളിമയിൽ ആ പഴയ വീര്യമെല്ലാം സൗകര്യപൂർവ്വം അങ്ങ് മറന്നുപോയിരിക്കുന്നു.
“ഡീസലിന്റെയും പെട്രോളിന്റെയും വില കുറച്ചാൽ സംസ്ഥാന ഗവൺമെന്റിന് ഇൻഡയറക്റ്റ് ആയി എത്രമാത്രം അഡ്വാൻറ്റേജ് ഉണ്ടെന്ന് അറിയാമോ? സർക്കാർ വാഹനങ്ങൾ ഓടുന്നതിന്റെ ഇന്ധനച്ചെലവ് കുറയില്ലേ? കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ട് ഇന്ധനവില കൂടിയാൽ ഇവിടെ വിലക്കയറ്റം കുതിച്ചുയരും,” എന്നായിരുന്നു അന്ന് നിയമസഭയെ വിറപ്പിച്ചു കൊണ്ട് സതീശൻ ഉന്നയിച്ച ചോദ്യങ്ങൾ. എന്നാൽ ഇന്ന് പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും നികുതിയും, അതിനുപുറമെ ലിറ്ററിന് ഒരു രൂപ അധിക വിൽപന നികുതിയും, പെൻഷൻ കമ്പനിക്കായി ഈടാക്കുന്ന രണ്ടു രൂപ സെസ്സും ജനങ്ങളുടെ നെഞ്ചത്ത് തന്നെയുണ്ട്.

കിഫ്ബിക്ക് വേണ്ടിയുള്ള ഒരു രൂപ ഇന്ധന സെസ്സും പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അധികാരം കിട്ടുമ്പോൾ നികുതിഭാരം കുറയ്ക്കുമെന്ന് കാത്തിരുന്ന ജനങ്ങൾക്ക് മുന്നിൽ, സാമ്പത്തിക സ്ഥിതിയുടെ കണക്ക് പുസ്തകം തുറന്നിട്ടാണ് ഇന്ന് സതീശന്റെ നിൽപ്പ്. ഇത് എപ്പോൾ മാറുമെന്ന കാര്യത്തിൽ ഒരു നിശ്ചയമില്ലാത്ത അവസ്ഥയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോൾ ജനപക്ഷവാദിയാവുകയും ഭരണപക്ഷത്തെത്തുമ്പോൾ ജനങ്ങളുടെ പോക്കറ്റ് ചോർത്തുന്ന നിലപാടുകളെ ന്യായീകരിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെതിരെ പൊതുസമൂഹത്തിൽ ജനരോഷം അതിശക്തമായി പുകയുകയാണ്. സ്വന്തം നിലപാടുകൾ വിഴുങ്ങുന്ന സതീശന്റെ ഈ പോക്ക് കോൺഗ്രസിനുള്ളിലും യുഡിഎഫ് മുന്നണിക്കുള്ളിലും വലിയ അസ്വസ്ഥതകൾക്കും പ്രയാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സഖ്യകക്ഷിയായ മുസ്ലിംലീഗിനാകട്ടെ, ഭരണ പങ്കാളിത്തത്തിന്റെ ബാധ്യതകൾ കാരണം ഒരു പ്രതിഷേധ ശബ്ദം പോലും പുറപ്പെടുവിക്കാൻ പറ്റാത്ത വിധം കൈയും കെട്ടി നോക്കിനിൽക്കേണ്ടി വരുന്നു. ആർക്കും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകുമ്പോൾ, ‘വാലും ചുരുട്ടി ഓടുക’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ജനങ്ങളെ നോക്കി ഓടി ഒളിക്കുകയാണ് ഇന്നത്തെ ഈ ഭരണകൂടം. ഇതിനിടയിൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല തന്നെ വരട്ടെ എന്ന രീതിയിലുള്ള ചില അഭിപ്രായപ്രകടനങ്ങളും പൊതുവേദികളിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്



