തൊപ്പി ഗ്യാങ്ങിലെ മമ്മു അറസ്റ്റിൽ , പാൽ കുപ്പികൾ തീപ്പന്തം ആകുമോ ? ആദ്യ വിക്കറ്റ് വീണു, കാണാമറയത്ത് തൊപ്പി
യൂട്യൂബിൽ വന്നിരുന്ന് വായിൽ തോന്നിയ അശ്ലീലവും തെറിവിളിയും വിളിച്ചുപറഞ്ഞ് ‘ആഹാ, എന്ത് പ്രബുദ്ധത!’ എന്ന് സ്വയം ചിന്തിച്ചിരുന്ന സോഷ്യൽ മീഡിയ സിങ്കങ്ങൾക്ക് ഒടുവിൽ നിയമത്തിന്റെ വക നല്ല ഒന്നാന്തരം എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. കുട്ടികളെയും കൗമാരക്കാരെയും സഭ്യതയുടെയും മാന്യതയുടെയും അതിർവരമ്പുകൾ ലംഘിക്കാൻ പഠിപ്പിച്ച, ഒരു തലമുറയെത്തന്നെ തെറ്റായ വഴിയിലേക്ക് നയിച്ച ‘തൊപ്പി ഗ്യാങ്ങിലെ’ പ്രമുഖൻ മമ്മു എന്ന് വിളിക്കുന്ന മുഹമ്മദ് ഇപ്പോൾ ദാ ജയിലിലെ അഴികൾ എണ്ണുകയാണ്. കോഴിക്കോട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മഞ്ചേരി പോലീസാണ് കക്ഷിയെ പൊക്കി അകത്തിട്ടത്. ഗായകൻ ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ ഇരുന്ന് അങ്ങേയറ്റം മോശമായി അധിക്ഷേപിച്ചതിനാണ് ഈ ‘കട്ട ഹീറോ’യ്ക്ക് കോടതി റിമാൻഡ് ഓർഡർ നൽകി നേരെ കമ്പി എണ്ണാൻ വിട്ടിരിക്കുന്നത്. സ്ത്രീവിരുദ്ധതയും സൈബർ ആക്രമണവും വിറ്റ് കാശാക്കാമെന്ന് കരുതിയവർക്ക് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പോയ പരാതിയാണ് ഇടിത്തീയായി മാറിയത്.

സംഭവം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ പ്രധാന നായകൻ ‘തൊപ്പി’ എന്ന നിഹാദ് ഇപ്പോൾ ഒളിവിലാണ്. പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ “അയ്യോ സാറേ, എനിക്ക് വയ്യാത്തതേ…” എന്ന് പറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് കത്ത് കൊടുത്ത് മുങ്ങിയ കക്ഷി വിദേശത്തേക്ക് കടക്കാൻ ചാൻസുള്ളതുകൊണ്ട് പോലീസ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള പുറപ്പാടിലാണ്. പുള്ളിക്കാരന്റെ പാസ്പോർട്ട് വിവരങ്ങൾ പോലീസ് ഓൾറെഡി ലോക്ക് ചെയ്തു കഴിഞ്ഞു. മുൻപ് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കക്ഷിയുടെ യൂട്യൂബ് ചാനൽ തന്നെ യൂട്യൂബുകാർ അടിച്ചു മാറ്റിയിരുന്നു. ഇതിനിടയിൽ സ്വന്തം സുഹൃത്തുക്കളുടെ തന്നെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്. മുൻകൂർ ജാമ്യം കിട്ടാൻ കോടതിയിൽ പരക്കം പായുന്നുണ്ടെങ്കിലും എറണാകുളം റൂറൽ പോലീസ് “ഇവന് ജാമ്യം കൊടുക്കരുതേ” എന്ന് കാണിച്ച് കോടതിയിൽ ശക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഈ സംഘത്തിനെതിരെ ഇപ്പോൾ ഉയർന്നുവരുന്നത്.
എന്നാൽ ഇതിനേക്കാൾ വലിയ കോമഡി എന്തെന്നാൽ, ഇത്രയൊക്കെ നാണംകെട്ട വർത്തമാനങ്ങളും പ്രവൃത്തികളും പുറത്തുവന്നിട്ടും സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സുകളിൽ “തൊപ്പിയണ്ണൻ ഉയിർ, പുള്ളി പാവമാ…” എന്ന മട്ടിൽ വക്കാലത്തുമായി വരുന്ന ചില ന്യായീകരണ സിംഹങ്ങളുണ്ട് എന്നതാണ്. സ്വന്തം വീട്ടിലെ കുട്ടികൾ തെറിവിളിച്ചാൽ തല്ലുന്നവർ തന്നെയാണ് നാടിനെ നശിപ്പിക്കുന്ന ഇത്തരക്കാർക്ക് വേണ്ടി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈക്ക് ബട്ടൻ അമർത്തുന്നത്. വരുംതലമുറയുടെ സംസ്കാരം നശിപ്പിക്കുന്ന ഈ ന്യായീകരണ തൊഴിലാളികളാണ് യഥാർത്ഥത്തിൽ നാടിന്റെ അടുത്ത വലിയ ഭീഷണി. നമ്മുടെ കുട്ടികളുടെ ഭാവി നശിക്കാതിരിക്കാൻ ഇത്തരം സൈബർ വിഷങ്ങളെയും അവരെ താങ്ങിനടക്കുന്ന ന്യായീകരണക്കാരെയും ചവിട്ടിപ്പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും സ്ക്രീനിന്റെ മുന്നിലിരുന്ന് അട്ടഹസിച്ചവർക്ക് ഇപ്പോൾ കിട്ടിയത് ലൈവ് ‘സിംഗിൾ ഷോട്ട്’ അടിയാണ്, ഇനി ബാക്കിയുള്ളവർക്ക് കൂടി കൊടുക്കാനുള്ളത് പോലീസ് റെഡിയാക്കി വെച്ചിട്ടുമുണ്ട്



