ആർ. സുഗതൻ അയോഗ്യനാകുമോ? തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് നിർണായക കൗൺസിൽ യോഗം; വോട്ടെടുപ്പ് ആവശ്യപ്പെടാൻ എൽ.ഡി.എഫും യു.ഡി.എഫും
തിരുവനന്തപുരം: ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ അംഗത്വം റദ്ദാകുമോ എന്ന് ഇന്നറിയാം. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ സുഗതൻ അയോഗ്യനാകുന്നത് ഒഴിവാക്കാൻ സമർപ്പിച്ച അവധി അപേക്ഷയെച്ചൊല്ലി ഇന്നത്തെ കൗൺസിൽ യോഗം പ്രക്ഷുബ്ധമാകാൻ സാധ്യത.
തുടർച്ചയായി രണ്ടു കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, ഉച്ചയ്ക്ക് 2:30-ന് ചേരുന്ന ഇന്നത്തെ യോഗത്തിൽ കൂടി ഹാജരായില്ലെങ്കിൽ മുൻസിപ്പൽ ആക്ട് പ്രകാരം അയോഗ്യനാകും. ഈ സാഹചര്യം മറികടക്കാനാണ് ബി.ജെ.പി. കൗൺസിലറുടെ അവധി അപേക്ഷ മേയറുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ നീക്കം നടത്തുന്നത്.

അതേസമയം, അവധി അപേക്ഷ പാസാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. വിഷയത്തിൽ കൗൺസിലിൽ വോട്ടെടുപ്പ് വേണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെടും. വോട്ടെടുപ്പിലേക്ക് കടക്കാതെ അപേക്ഷ തള്ളിയാൽ സുഗതന് അയോഗ്യത നേരിടേണ്ടി വരും.
എന്നിരുന്നാലും, ഈ അഞ്ചു വർഷക്കാലയളവിൽ ഒരു കൗൺസിലറും അയോഗ്യനാകില്ലെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമാണ് മേയറുടെ നിലപാട്. എന്നാൽ, വോട്ടെടുപ്പില്ലാതെ അപേക്ഷ പാസാക്കിയെടുക്കാൻ നീക്കം നടക്കുകയാണെങ്കിൽ അതിനെതിരെ നിയമപരമായി പോരാടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കഴിഞ്ഞ കൗൺസിൽ യോഗത്തിലും ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇന്ന് ചേരുന്ന യോഗത്തിലും ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം തീരുമാനിച്ചതോടെ കൗൺസിൽ യോഗം വീണ്ടും കലുഷിതമായേക്കും.



