കാസറകോട് : മതത്തിന്റെ മറവിൽ വ്യാജ ആത്മീയതയും ചികിത്സയും നടത്തി ജനങ്ങളെ വിഡ്ഢികളാക്കി അരങ്ങേറിക്കൊണ്ടിരുന്ന അതിശയിപ്പിക്കുന്ന ആഭിചാരക്രിയകളുടെയും ലക്ഷങ്ങളുടെ സാമ്പത്തിക ചൂഷണത്തിന്റെയും തട്ടിപ്പുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജനങ്ങളെ ഭയപ്പെടുത്തിയും വ്യാജ മന്ത്രവാദങ്ങൾ നടത്തിയും സാമ്രാജ്യം കെട്ടിപ്പടുത്ത ബന്തിയടുക്ക കക്കച്ചാൽ സ്വദേശിയായ വ്യാജസിദ്ധൻ ശിഹാബുദ്ദീൻ ഫൈസി ക്കെതിരെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇയാ കഴിഞ്ഞദിവസം ബിഎൻസി ഒരു വാർത്ത നൽകിയിരുന്നു , വാർത്ത കണ്ട നിരവധി പേരാണ് ഇപ്പോൾ ഞങ്ങളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് ,ഓരോ ആളുകളും അനുഭവിച്ച പീഡനങ്ങളും വേദനകളും കേട്ടപ്പോൾ ശരിക്കും ഞങ്ങൾ ഞെട്ടുകയായിരുന്നു .
ബന്തിയടുക്ക ടൗണിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലുള്ള കക്കച്ചാൽ സ്വദേശിയായ ശിഹാബുദ്ദീൻ ഫൈസി മുൻപ് പല മഹല്ലുകളിലും ഖത്തീബ്, മുദരിസ് ജോലികൾ നോക്കിയിരുന്നെങ്കിലും ഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ കാരണം ഒരിടത്തും ദീർഘകാലം നിൽക്കാൻ കഴിഞ്ഞിരുന്നില്ല. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുക എന്നുള്ളത് ഇയാൾക്ക് ഒരു ഹരമായിരുന്നു , നെല്ലിക്കട്ട, ബെദിര ബേർക്ക, കോളിയടുക്കം തുടങ്ങിയ നിരവധി പള്ളികളിലെല്ലാം സേവനം അനുഷ്ഠിച്ചിരുന്നെങ്കിലും പ്രശ്നങ്ങളെ തുടർന്ന് ഇയാളെ ഇവിടങ്ങളിൽ നിന്നെല്ലാം പുറത്താക്കുകയായിരുന്നു. ആലക്കോട് പ്രദേശത് പള്ളിയിൽ ഖത്തീബ് ആയിരിക്കെ ഉണ്ടായ വലിയൊരു വിവാദത്തെത്തുടർന്നാണ് ഇയാളെ അവിടുത്തെ മഹല്ല് കമ്മിറ്റി ഇറക്കിവിട്ടത്. പണത്തോട് കടുത്ത ആർത്തി കാണിക്കുന്ന ശിഹാബുദ്ദീൻ, സ്വന്തം അനുജനെ പോലും ക്രൂരമായി ചതിച്ചിട്ടുണ്ട്. ഇയാളും ചെടയ്ക്കൽ സ്വദേശിയെ കൂട്ടാളിയും വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 5 ലക്ഷം രൂപയോളം തട്ടിയെടുക്കുകയുണ്ടായി. പിന്നീട് മേൽപ്പറമ്പ് പോലീസ് ഇടപെട്ടതിനെത്തുടർന്ന് ഇതിൽ 90,000 രൂപ മാത്രമാണ് മടക്കിനൽകിയത്. അനുജൻ സേവനം ചെയ്തിരുന്ന പട്ലത്തെ പള്ളിയിൽ എത്തി കള്ളക്കഥകൾ പറഞ്ഞ് കമ്മിറ്റിയെക്കൊണ്ട് പുറത്താക്കാൻ ശ്രമിക്കുകയും, വെള്ളിയാഴ്ചയ്ക്കകം അയാളെ മാറ്റിയില്ലെങ്കിൽ ആളുകളെ കൊണ്ടുവന്ന് തല്ലിപ്പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ “നീ വന്നാൽ രണ്ടു കാലിൽ മടങ്ങില്ല” എന്ന് അവിടുത്തെ പള്ളി പ്രസിഡന്റ് ശക്തമായി മുന്നറിയിപ്പ് നൽകിയതോടെയാണ് ഇയാൾ അവിടുന്ന് പിൻവാങ്ങിയത്.

നാട്ടുകാരുടെ തല്ലും താവളം മാറ്റവും
ആലക്കോട് പള്ളിയിൽ നിന്ന് പുറത്തായതിന് ശേഷം കോളിയടുക്കത്ത് താമസം തുടങ്ങിയതോടെയാണ് ഇയാൾ മുഴുവൻസമയ ആഭിചാരക്രിയകളിലേക്ക് തിരിഞ്ഞത്. നാലഞ്ചു വർഷം കോളിയടുക്കത്ത് തട്ടിപ്പ് നടത്തിയ ഇയാൾ ഇയാളുടെ പ്രത്യേക മരുന്ന് കഴിച്ച് പരിസരത്തുള്ള സ്ത്രീ അബോധാവസ്ഥയിൽ ആയതോടെ അവിടെയും നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പും തല്ലും നേരിട്ടതോടെയാണ് കഴിഞ്ഞ അഞ്ചാറു വർഷമായി ചെർക്കളം പ്രദേശത്തേക്ക് താവളം മാറ്റിയത്.
ഇസ്ലാമിക വിരുദ്ധമായ ‘കുട്ടിച്ചാത്തൻ സേവയും’ ചോര പുരട്ടലും
വളവക്കാട് തങ്ങളുടെ കയ്യിൽ നിന്നും ‘ഇജാസത്ത്’ (മന്ത്രവാദത്തിനുള്ള അനുമതി) വാങ്ങി എന്ന് അവകാശപ്പെടുന്ന ഇയാളുടെ കർമ്മങ്ങൾ പൂർണ്ണമായും ഇസ്ലാമിക വിരുദ്ധമാണ്. ചികിത്സയ്ക്കായി എത്തുന്നവരോട് രണ്ട് നാടൻ പൂവൻകോഴികളെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അതിലൊന്ന് സ്വന്തം വീട്ടിലേക്ക് കറിവെക്കാൻ മാറ്റുകയും രണ്ടാമത്തെ കോഴിയെ പരസ്യമായി കഴുത്തറുത്ത്, ചോര അസുഖബാധിതരുടെയും കൂടെയുള്ളവരുടെയും ശരീരത്തിലും കാലുകളിലും പുരട്ടുന്നു. ഇസ്ലാമിൽ രക്തം ‘നജസ്’ (അശുദ്ധി) ആയിരിക്കെ, രോഗശാന്തിക്കായി ചോര പുരട്ടുന്ന ഈ ‘ചാത്തൻ സേവ’ ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പ് മാത്രമാണ്. പുറമേക്ക് ആളുകളെ കാണിക്കാൻ ഓതിക്കൊടുക്കുമെങ്കിലും ഉള്ളിൽ ചെയ്യുന്നത് കടുത്ത ആഭിചാരമാണ് എന്നാണ് അനുഭവസ്തർ പറയുന്നത് . ആളുകളെ ഭയപ്പെടുത്താൻ തനിക്ക് ‘സിഹ്ർ’ (ആഭിചാരം/കൂടോത്രം) അറിയാമെന്നും, എതിർക്കുന്നവരെ കരിങ്കോഴിയും മുട്ടയും വെച്ച് ആട്ടി അമുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്താറുണ്ട്.
വ്യാജ മരുന്നുകളും പിടിച്ചുപറിയും
പൂജാ കർമ്മങ്ങൾക്കായി 15,000 മുതൽ 20,000 രൂപ വരെ ഫീസായി വാങ്ങുന്നു. നിത്യേന എത്തുന്ന നൂറിലധികം ആളുകളിൽ നിന്ന് 200 രൂപ വീതം ടോക്കൺ ഫീസായും തട്ടുന്നുണ്ട്. ‘ബാലസുധ’ എന്ന ലേഹ്യത്തിൽ അജ്ഞാത മരുന്നുകൾ മിക്സ് ചെയ്ത് നൽകുന്നത് വഴി നിരവധിപേർക്ക് ഗുരുതരമായ ശാരീരിക അസുഖങ്ങൾ ബാധിച്ചിട്ടുണ്ട്. ഈ വ്യാജ മരുന്നിന് വേറെയും പണം നൽകണം . സമ്പാദിച്ച കള്ളപ്പണം ഉപയോഗിച്ച് നെല്ലിക്കട്ടയിലും പരിസരങ്ങളിലും ഇയാൾ വൻതോതിൽ സ്ഥലങ്ങൾ വാങ്ങിയിട്ടുണ്ട്.
‘മജ്ലിസുന്നൂർ’ എന്ന പേരിലെ വഞ്ചനയും ആൾക്കൂട്ട തട്ടിപ്പും
ആളുകളെ സ്ഥിരമായി തന്റെ താവളത്തിലേക്ക് ആകർഷിക്കാൻ ഇയാൾ ആത്മീയ സദസ്സുകളെ ദുരുപയോഗം ചെയ്യുന്നു. ‘മജ്ലിസുന്നൂർ’ എന്ന ആത്മീയ സദസ്സിൽ പങ്കെടാൻ എത്തുന്നവരോട് മൂന്ന് തവണ നിർബന്ധമായും വരണമെന്നും, മൂന്നാമത്തേത് മുടങ്ങിയാൽ ആദ്യമേ വീണ്ടും തുടങ്ങണമെന്നും ഇയാൾ ചട്ടം കെട്ടുന്നു. സദസ്സിലേക്ക് വരുമ്പോൾ വലിയ തോതിൽ ഇറച്ചിയും ഭക്ഷണസാധനങ്ങളും കൊണ്ടുവരാൻ പാവപ്പെട്ട വിശ്വാസികളോട് ആവശ്യപ്പെടുന്നു. ദിവസേന ഇയാളുടെ അരികിൽ ചികിത്സയ്ക്കായി എത്തുന്നവരോട് ഒരു പ്രത്യേക തീയതിയിൽ (ഉദാഹരണത്തിന് 17-ാം തീയതി) വരാൻ നിർബന്ധിക്കുന്നതിലൂടെ വലിയ ജനക്കൂട്ടമുണ്ടെന്ന് വരുത്തിത്തീർക്കാനും, അത് വഴി തന്റെ തട്ടിപ്പിന് വിശ്വാസ്യത കൂട്ടാനുമാണ് ഇയാൾ ശ്രമിക്കുന്നത്. മജ്ലിസിൽ ലഭിക്കുന്ന ആഹാരസാധനങ്ങൾ വലിയ പണക്കാർക്ക് ഹാദിയ ( സമ്മാനം ) നൽകി ഇയാൾ വൻ സ്വാധീനമുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നു. പാവപ്പെട്ടവരുടെ രക്തവും വിയർപ്പും കലർന്ന പണമാണ് ഇത്തരത്തിൽ അറിയാതെയാണെങ്കിലും സമ്മാനം എന്ന പേരിൽ ലഭിച്ചപ്പോൾ ചില പണക്കാർ വിഴുങ്ങിയത് .
സ്ത്രീകളെ തനിച്ചും അല്ലാതെയും വരാൻ പ്രേരിപ്പിക്കുന്ന ഇയാൾക്കെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2020-2021 കാലയളവിൽ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീയെ ബന്ധപ്പെട്ട വിഷയത്തിൽ ഒരു പരാതി നിലവിലുണ്ടായിരുന്നു. അന്ന് വലിയ രീതിയിൽ പേരുദോഷം വരുമെന്ന് മനസ്സിലാക്കിയ ശിഹാബുദ്ദീൻ, പണം നൽകിയാണ് ആ കേസ് അണിയറയിൽ ഒതുക്കിത്തീർത്തത്.
കുടുംബങ്ങളെ തകർത്ത കള്ളപ്രവചനങ്ങൾ
മേലിൽക്കുന്ന് ഭാഗത്ത് മുൻപ് ഒരു ഓട്ടോറിക്ഷ കത്തിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ , ഒരു കുടുംബത്തിലെ ഇളയ മകനും മരുമകനും ചേർന്നാണ് അത് ചെയ്തതെന്ന് ഇയാൾ കള്ളക്കണക്ക് (കവടി നിരത്തി) നോക്കി പ്രവചിച്ചിരുന്നു. ഇത് ആ കുടുംബത്തിൽ വലിയ കലഹങ്ങൾക്കും തകർച്ചയ്ക്കും കാരണമായി. പിന്നീട് നാട്ടുകാരും കുടുംബവും ചേർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഇയാൾ ഭീരുത്വത്തോടെ പിന്മാറുകയായിരുന്നു.
രണ്ട് ഫോട്ടോകൾ ലഭിച്ചാൽ ആരെ വേണമെങ്കിലും ഭിന്നിപ്പിക്കാനും ഒന്നിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് ഇയാൾ അവകാശപ്പെടുന്നു , മകളെയും മരുമകളെയും തെറ്റിപ്പിക്കാനും ,ഭർത്താവിന്റെ സ്നേഹം വർദ്ധിപ്പിക്കാനും ; ദുബായിൽ ജയിലിൽ കിടക്കുന്ന ആളുകളുടെ ജയിൽ മോചനം എളുപ്പമാക്കാനും ; പ്രണയങ്ങൾ കൂട്ടിച്ചേർത്തു നൽകാനും എല്ലാം ഇയാളുടെ കയ്യിൽ മന്ത്രങ്ങൾ ഉണ്ടെന്നാണ് അവകാശപ്പെടുന്നത് .
ആദവനാട് കേസും പുതിയ നീക്കങ്ങളും
നേരത്തെ വലിയ വിവാദമായ ആദവനാട് കേസിൽ ശിഹാബുദ്ദീൻ ഫൈസി ഉന്നത പോലീസുകാരെയും സ്വാധീനമുള്ള ആളുകളെയും കൈപ്പിടിയിലാക്കാൻ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ് ആദവനാട് കുടുംബങ്ങളെ ഇയാൾ വിശ്വസിപ്പിച്ചിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയമായി വലിയ ബന്ധങ്ങൾ ഉണ്ടെന്നും കാസർകോട്ട് മുതിർന്ന രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ഒക്കെ തന്റെ മരുന്ന് സ്വീകരിക്കാറുണ്ട് ഒന്നും ഇയാൾ അവകാശപ്പെടുന്നുണ്ട് .( അത്തരം രാഷ്ട്രീയക്കാരുടെ പേരും വിവരങ്ങളും അവസാനം ആഭിചാരക്രിയ നടത്താനും മരുന്നു വാങ്ങിക്കാനും എപ്പോഴാണ് കണ്ടത് എന്ന് പോലും ഞങ്ങൾക്ക് കൃത്യമായി അറിയാം ,. അവരുടെ സ്വകാര്യത മാനിച്ചു മാത്രമാണ് ഇത് പുറത്തു വിടാത്തത് )
എസ്കെഎസ്എസ്എഫ് (SKSSF) ഇബാദ് സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ വഴിയാണ് ഈ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ ബുർഹാന് ലഭിച്ചിട്ടുള്ളത് എന്നാണ് ഇയാളുടെ ആരോപണം എസ് കെ എസ് എസ് എഫിലെ ഇബാദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആളുകൾക്ക് ബുർഹാനുമായി വ്യക്തിപരമായ ബന്ധം ഉണ്ടെന്നും ഇയാൾ പറയുന്നുണ്ട് . മാത്രമല്ല ആദവനാട് എം.കെ മുഹമ്മദ് എന്ന ഉസ്താദിന്റെ വാർത്ത തന്റെ അവിചാരക്രിയയുടെ ഉപഭോക്താക്കൾക്ക് അയച്ചു നൽകി ഇതൊക്കെ ഫേക്ക് ന്യൂസ് ആണെന്ന് ആദവനാട് ഉസ്താദിന്റെ ലീലകൾ അനുവദനീയമാണെന്ന് രീതിയിലാണ് ചില പ്രമാണങ്ങൾ ഉയർത്തി ന്യായീകരിക്കുന്നത് ദീനിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ ക്രൂരമായി ചൂഷണം ചെയ്യുകയും സമൂഹത്തിൽ അനാചാരങ്ങൾ വളർത്തുകയും ചെയ്യുന്ന ഈ വ്യാജ സിദ്ധനെതിരെ ശക്തമായ പോലീസ് അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് . ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി ലഭിച്ചിട്ടുണ്ട്



