കാസറഗോഡ് : വിശ്വസിക്കാനാകാത്ത ഒരു മരണവാർത്തയുടെ ഞെട്ടലിലാണ് മേൽപറമ്പ് പ്രദേശം ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന, നാടിന്റെ പ്രിയങ്കരനായ രവി വള്ളിയോട് ഇനി ഓർമ്മ. കഴിഞ്ഞ ആഴ്ച പിടിപെട്ട പനിയെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിതമായ ഈ വേർപാട്. ഇന്നലെ വരെ നമ്മോടൊപ്പം സജീവമായി ഇടപെടുകയും സംസാരിക്കുകയും ചെയ്ത ഒരാൾ ഇത്ര പെട്ടെന്ന് ഓർമ്മകളിലേക്ക് മറഞ്ഞു എന്ന് വിശ്വസിക്കാൻ പ്രിയപ്പെട്ടവർക്ക് ഇപ്പോഴും സാധിക്കുന്നില്ല.
തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖവും വേദനയും രേഖപ്പെടുത്തിക്കൊണ്ട് സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ സൈഫുദ്ദീൻ കെ. മാക്കോട് കുറിച്ച വാക്കുകൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നനയിക്കുന്നതാണ്.
“രവി എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരുന്ന ഒരു സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും അച്ഛനും സഹോദരങ്ങളും ഉൾപ്പെടുന്ന ആ കുടുംബവുമായി എനിക്ക് അത്രമേൽ ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ വേർപാട് സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടതുപോലെയാണ് എന്നെ തളർത്തിക്കളയുന്നത്,” സൈഫുദ്ദീൻ വേദനയോടെ ഓർക്കുന്നു.
ഒരു സജീവ സി.പി.എം. പ്രവർത്തകനായിരുന്നുവെങ്കിലും തന്റെ രാഷ്ട്രീയ നിലപാടുകൾ ഒരിക്കലും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ രവി ശ്രമിച്ചിരുന്നില്ല. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ അദ്ദേഹം കാണിച്ച മനസ്സ് മാതൃകാപരമായിരുന്നു.

ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട് സഹായിച്ചിരുന്ന വലിയൊരു പരോപകാരിയായിരുന്നു അദ്ദേഹം. വിയോജിപ്പുകൾ ഉണ്ടെങ്കിൽ പോലും അത് ശത്രുതയുടെയോ വെറുപ്പിന്റെയോ ഭാഷയിലല്ലാതെ, സ്നേഹത്തോടെ തുറന്നുപറയാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം രവി വള്ളിയോടിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ ആ ദുഃഖവാർത്ത പുറത്തുവരുന്നത്. കാഷ് ഹൈപ്പർ മാർക്കറ്റിന് സമീപത്തുനിന്ന് സുഹൃത്ത് ഗണേശൻ അരമങ്ങാനം വിളിച്ച് ഈ വിവരം അറിയിച്ചപ്പോൾ മനസ്സ് തകർന്നുപോയെന്ന് സൈഫുദ്ദീൻ പറയുന്നു. ജീവിതം എത്രത്തോളം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു ആ ഫോൺ കോൾ.
രവി വള്ളിയോട് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, അദ്ദേഹം കാത്തുസൂക്ഷിച്ച ലാളിത്യവും സൗഹൃദവും മനുഷ്യസ്നേഹവും അദ്ദേഹത്തെ അറിയുന്ന ഏവരുടെയും മനസ്സുകളിൽ എന്നും ജീവിക്കും. നന്മകൊണ്ട് അദ്ദേഹം സമ്പാദിച്ച സ്നേഹവും ബഹുമാനവും മരണത്തിന് പോലും മായ്ക്കാനാവില്ല.
കുന്നിരത്ത് തീയ സമുദായം ശ്മശാനത്തിൽ രണ്ടര മണിയോടുകൂടി മണിയോടുകൂടി അന്ത്യ കർമ്മങ്ങൾ പൂർത്തീകരിച്ചു



