കാസർഗോഡ്: തിരൂരങ്ങാടിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) കേരളത്തിലെ അഞ്ച് ജില്ലകളിൽ വ്യാപക പരിശോധന നടത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിലായാണ് റെയ്ഡുകൾ നടന്നത്.

കാസർഗോഡ് ജില്ലയിലെ കടുമേനി പ്രദേശത്തെ ജോർജിന്റെ വീട്ടിലായിരുന്നു എൻഐഎ പരിശോധന നടത്തിയത്. തിരൂരങ്ങാടി കേസിൽ അറസ്റ്റിലായ മുഹമ്മദ് സലീം എന്നയാളുടെ (നാട്ടിൽ സജി എന്ന പേരിൽ അറിയപ്പെടുന്നു) സഹോദരനാണ് ജോർജ്. ഇതുമായി ബന്ധപ്പെട്ട പശ്ചാത്തല വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
രാവിലെ 6.30ഓടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. പരിശോധനയ്ക്കിടെ വീട്ടിൽ നിന്ന് അഞ്ച് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇവ പ്രദേശത്തെ പാറപൊട്ടിക്കൽ ആവശ്യങ്ങൾക്കായി സൂക്ഷിച്ചതാണെന്നാണ് വീട്ടുകാർ എൻഐഎയ്ക്ക് നൽകിയ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം, സജി എന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് സലീം പതിനഞ്ചാം വയസ്സിൽ നാട്ടുവിട്ടുപോയതും പിന്നീട് കുടുംബവുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ മൊഴികളുടെ സത്യാവസ്ഥയും മറ്റ് ബന്ധങ്ങളും പരിശോധിക്കുന്നതിനായാണ് എൻഐഎ വിശദമായ അന്വേഷണം നടത്തുന്നത്.
പ്രാദേശിക പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കളിൽ ഫോറൻസിക്, വിരലടയാള പരിശോധനകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തും. തിരൂരങ്ങാടി സ്ഫോടകവസ്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും ബന്ധങ്ങളും കണ്ടെത്തുന്നതിനായുള്ള അന്വേഷണമാണ് അഞ്ച് ജില്ലകളിലായി പുരോഗമിക്കുന്നത്.



