bncmalayalam.in

സമൂഹവിരുദ്ധരുടെ കണ്ണിലെ കരടായ പൊതുപ്രവർത്തകന് നേരെ അർദ്ധരാത്രിയിൽ വധശ്രമം; കാസർകോട് പൂച്ചക്കാട്ട് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

638: സമൂഹവിരുദ്ധരുടെ കണ്ണിലെ കരടായ പൊതുപ്രവർത്തകന് നേരെ അർദ്ധരാത്രിയിൽ വധശ്രമം; കാസർകോട് പൂച്ചക്കാട്ട് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

സമൂഹവിരുദ്ധരുടെ കണ്ണിലെ കരടായ പൊതുപ്രവർത്തകന് നേരെ അർദ്ധരാത്രിയിൽ വധശ്രമം; കാസർകോട് പൂച്ചക്കാട്ട് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

കാസർകോട്: നാടിനെ നടുക്കി പൂച്ചക്കാട്ട് അർദ്ധരാത്രിയിൽ അരുംകൊലശ്രമം. ബ്ലേഡ് മാഫിയ, ഒറ്റനമ്പർ ലോട്ടറി, ലഹരി വ്യാപാരം തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും പോലീസിന് വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന പൂച്ചക്കാട് സ്വദേശിയും യൂസ്ഡ് കാർ വ്യാപാരിയുമായ അഷ്റഫിനെയാണ് (പൂച്ചക്കാട്) ഗുണ്ടാസംഘം അതിക്രൂരമായി വധിക്കാൻ ശ്രമിച്ചത്. കുപ്രസിദ്ധ കുറ്റവാളിയായ ‘പലിശ റഷീദ്’ എന്നറിയപ്പെടുന്ന റഷീദും സഹോദരനും ചേർന്നാണ് അഷ്റഫിന്റെ കഴുത്തിൽ കത്തികുത്തിയിറക്കി ക്രൂരമായ ആക്രമണം നടത്തിയത്.

murder-attempt-against-social-worker-poochakkad-kasaragod-palisa-rasheed

പൂച്ചക്കാട് ജംഗ്ഷനിലെ ചായക്കടയിൽ രാത്രി പന്ത്രണ്ടരയോടെ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന അഷ്റഫിനെ യാതൊരു പ്രകോപനവുമില്ലാതെ വളഞ്ഞുവെച്ച പ്രതികൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് റഷീദ് അഷ്റഫിന്റെ കഴുത്തിലേക്ക് കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ ഇയാളെ സമീപത്തുണ്ടായിരുന്ന മരക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. പോലീസിലോ പുറത്തോ വിവരമറിയിച്ചാൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടത്. ചോരയിൽ കുളിച്ച അഷ്റഫിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് തഴച്ചുവളരുന്ന എം.ഡി.എം.എ, കഞ്ചാവ് മാഫിയകൾക്കും, പലിശ-ബ്ലേഡ് ഭീകരതയ്ക്കും, ദുർമന്ത്രവാദ സംഘങ്ങൾക്കുമെതിരെ നിരന്തരം നിലപാടെടുത്തിരുന്ന വ്യക്തിയാണ് അഷ്റഫ്. തെറ്റുകണ്ടാൽ ആരുടെ മുഖം നോക്കാതെയും നിയമപരമായി ചോദ്യം ചെയ്യുന്ന ഇദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകൾ നാളുകളായി ലഹരി-ഗുണ്ടാ മാഫിയകളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള മുൻവൈരാഗ്യമാണ് വധശ്രമത്തിൽ കലാശിച്ചത്.

നേരത്തെ, അഷ്റഫിനെ കുടുക്കാനായി സ്വന്തം പ്രായപൂർത്തിയാകാത്ത മകനെ ഉപയോഗിച്ച് ഇയാൾ വ്യാജ പോക്സോ കേസ് നൽകിയിരുന്നെങ്കിലും പോലീസ് അന്വേഷണത്തിൽ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി കേസ് തള്ളുകയായിരുന്നു. ഇതിനുപുറമെ, പലതവണ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ ബേക്കൽ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പ്രദേശത്ത് ലഹരിമരുന്ന് പിടിക്കപ്പെടുമ്പോഴെല്ലാം പോലീസിന് ഒറ്റുകൊടുത്തത് അഷ്റഫാണെന്ന് വരുത്തിതീർത്ത് ലഹരി സംഘങ്ങളെ ഇദ്ദേഹത്തിന് നേരെ തിരിച്ചുവിടാനും ഈ ക്രിമിനൽ സംഘം ശ്രമിച്ചിരുന്നു.

സാമൂഹികവിരുദ്ധർക്ക് മാത്രമല്ല, കൈക്കൂലി വാങ്ങുന്ന ചില ഉദ്യോഗസ്ഥർക്കും അഷ്റഫിന്റെ ഇടപെടലുകൾ തലവേദനയായിരുന്നു. മുൻപ് ബ്ലേഡ് മാഫിയയുടെ കൈയിൽ നിന്ന് കാർ വാങ്ങി ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്ന നടപടികൾക്ക് പിന്നിലും ശക്തമായ നിയമപോരാട്ടങ്ങൾ ഉണ്ടായിരുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തകന്റെ ജീവന് നേരെ കൈവെച്ച ക്രിമിനലുകൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തി നടപടിയെടുക്കണമെന്നും ഗുണ്ടാസംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *